
ബാഗിൽ ചിക്കൻ സാൻഡ്‍വിച്ചുണ്ട് എന്ന് വെളിപ്പെടുത്താൻ മറന്നുപോയ 77 -കാരിക്ക് പിഴ $3300 (2,75,100 ഇന്ത്യൻ രൂപ). സംഭവം നടന്നത് മേയ് മാസത്തിലാണ്. ജൂൺ ആംസ്ട്രോങ് എന്ന സ്ത്രീക്കാണ് ചിക്കൻ സാൻഡ്‍വിച്ചുള്ള കാര്യം പറയാൻ മറന്നതിന് ഇത്രയധികം രൂപ പിഴയൊടുക്കേണ്ടി വന്നിരിക്കുന്നത്.
ന്യൂസിലാൻഡിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പുലർച്ചെയുള്ള വിമാനത്തിൽ കയറിയതായിരുന്നു ജൂൺ. യാത്രയ്ക്കിടെ അവർ ഒരു മഫിനും സീൽ ചെയ്ത ഒരു ചിക്കൻ സാൻഡ്‌വിച്ചും വാങ്ങിയിരുന്നു. എന്നാൽ, യാത്ര തുടങ്ങുന്നതിന് മുമ്പ് അവർ ചിക്കൻ സാൻഡ്വിച്ച് ബാഗിലുള്ള കാര്യം മറന്നുപോയി. അത് കളയാതെയാണ് അവർ വിമാനത്തിൽ കയറിയത്. അത് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്താനും അവർ മറന്നിരുന്നു.
ബയോ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് ചിക്കൻ സാൻഡ്‌വിച്ച് കണ്ടെത്തിയത്. നേരത്തെ സാൻഡ്‍വിച്ചുള്ള കാര്യം വെളിപ്പെടുത്താത്തതിനാൽ 3300 ഡോളർ പിഴയടക്കണം എന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇത്രയധികം പണമടക്കണം എന്ന് കേട്ടതോടെ ജൂൺ പൊട്ടിക്കരഞ്ഞു. ഇത്രയധികം പണം വെറും 28 ദിവസത്തിനുള്ളിൽ അടക്കണം എന്നത് അവർക്ക് താങ്ങാനായില്ല.
എന്നാൽ ഇതിനെതിരെ ജൂൺ അപ്പീൽ നൽകിയെങ്കിലും അധികൃതർ ഒന്നിനും വഴങ്ങിയില്ല. പിഴയൊടുക്കിയേ തീരൂ എന്ന നിലപാടിലായിരുന്നു അവർ. ആകെ നിരാശയായ അവർ മാധ്യമങ്ങളെ കണ്ട് തന്റെ ദുരനുഭവം പങ്കുവച്ചു. അതോടെ ഈ വാർത്ത മറ്റുള്ളവരും അറിഞ്ഞു. ഒടുവിൽ ന്യൂസിലാൻഡിൽ നിന്നുള്ള ഒരു സംരഭകൻ ആ പണം അടയ്ക്കാമെന്നും പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു.
അപ്പീൽ നൽകിയപ്പോൾ ഭർത്താവ് പറഞ്ഞത് എങ്ങനെയെങ്കിലും പണം കണ്ടെത്തി അടച്ച് ആ സംഭവം അവിടെ അവസാനിപ്പിച്ചേക്കൂ എന്നാണ്. തന്നെ ഈ സംഭവം മാനസികമായും ശാരീരികമായും അങ്ങേയറ്റം ബാധിച്ചു എന്നായിരുന്നു ജൂൺ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം