
തന്റെ രണ്ട് അർദ്ധസഹോദരിമാരെ ഡിഎൻഎ ടെസ്റ്റിലൂടെ കണ്ടെത്തി യുവതി. എന്നാൽ, കണ്ടെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ അവർക്കെതിരെ കേസും കൊടുത്തു. ഇവരുടെ മരിച്ചുപോയ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് കിട്ടിയ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. 2023 ഫെബ്രുവരി മാസത്തിലാണ് മസാച്യുസെറ്റ്സിൽ നിന്നുള്ള കാർമെൻ തോമസ് എന്ന 28 -കാരി 23andMe ടെസ്റ്റ് വഴി തന്റെ സഹോദരിമാരെ കണ്ടെത്തിയത്. കാലി, അബിഗെയ്ൽ ബ്രൗൺ എന്നീ രണ്ടുപേരുമായി തനിക്ക് ജൈവശാസ്ത്രപരമായി ബന്ധമുണ്ടെന്നാണ് ടെസ്റ്റിൽ കാർമെൻ കണ്ടെത്തിയത്. ഇവരുടെ പിതാവായ ജോ ബ്രൗൺ 2018 -ലാണ് ശരിയായ രോഗം നിർണയം നടത്താതെയും വേണ്ട ചികിത്സ കിട്ടാതെയും മരിച്ചുപോയത്.
43 കാരനായ ജോ, 2018 ജനുവരിയിലാണ് ആശുപത്രിയിൽ എത്തിയത്. വയറിന്റെ മുകൾ ഭാഗത്ത് നിന്ന് നെഞ്ചിലേക്കും പുറകിലേക്കും വ്യാപിക്കുന്ന കഠിനമായ വേദനയുമായാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ഏകദേശം 24 മണിക്കൂർ ആശുപത്രിയിൽ ചെലവഴിച്ചിട്ടും, അദ്ദേഹത്തിന്റെ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകളും വേദനയും വഷളാവുകയായിരുന്നു. ഒടുവിൽ അദ്ദേഹത്തിന് അയോർട്ടിക് അന്യൂറിസം ഉണ്ടെന്ന് ഡോക്ടർമാർ മനസ്സിലാക്കി, പക്ഷേ വളരെ വൈകിയാണ് രോഗനിർണയം നടത്തിയത് എന്നതിനാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. അടുത്ത ദിവസം അദ്ദേഹം മരിച്ചു.
ജോയുടെ മരണത്തിനു പിന്നാലെ, അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റിൻ എക്ഹാർഡും പെൺമക്കളായ കാലിയും അബിഗെയ്ലും ആശുപത്രിക്കെതിരെ മെഡിക്കൽ നെഗ്ലൻസി കേസ് ഫയൽ ചെയ്തു. രോഗനിർണയം വൈകിയതാണ് അദ്ദേഹത്തിന്റെ മരകണകാരണമെന്ന് അവർ ആരോപിച്ചു. 2023 ഏപ്രിലിൽ, അവർക്ക് അനുകൂലമായി വിധി വരികയും കുടുംബത്തിന് 28.8 മില്യൺ ഡോളർ (259 കോടിക്ക് മുകളിൽ വരും ഇത്) നൽകുകയും ചെയ്തു. ഇതിന് ഒരുമാസം മുമ്പാണ് കാർമൻ സഹോദരിമാരെ ബന്ധപ്പെടുന്നത്.
എന്നാൽ, ആശുപത്രിയുടെ ഭാഗത്ത് നിന്നും ലഭിച്ച പണത്തെ കുറിച്ചറിഞ്ഞ കാർമൻ അതിന്‍റെ പങ്ക് കിട്ടാന്‍ വേണ്ടി കേസ് ഫയൽ ചെയ്യുകയായിരുന്നു. സഹോദരിമാരെ കണ്ടുമുട്ടിയതിനെ കുറിച്ച് വാചാലയായിരുന്നു കാർമൻ. എന്നാൽ, സഹോദരിമാർ പറയുന്നത് കാർമനെ കൊണ്ട് വലിയ ബുദ്ധിമുട്ടായിരുന്നു എന്നാണ്. അവളുടെ മദ്യത്തിനുള്ള പണമടക്കം എല്ലാ പണവും തങ്ങളോട് കൊടുക്കാൻ പറയും. മെസ്സേജുകൾക്കോ കോളുകൾക്കോ മറുപടി നൽകിയില്ലെങ്കിൽ സ്വയം ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും സഹോദരിമാർ ആരോപിക്കുന്നു. ഇവരുടെ വക്കീൽ പറയുന്നത്, കാർമന് അനുകൂലമായി വിധി വരാൻ സാധ്യതയില്ല എന്നാണ്.