
ഇന്ത്യയിലെ ട്രെയിനിൽ സ്ലീപ്പർ കോച്ചിലുള്ള യാത്രയെ കുറിച്ച് പോസ്റ്റുമായി കാനഡയിൽ നിന്നുള്ള ട്രാവൽ ഇൻഫ്ലുവൻസർ. ദീർഘദൂര യാത്രയെ കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം ഈ ട്രെയിൻ യാത്ര നടത്തുന്നവർക്ക് ഉപകരിക്കുന്ന ചില ടിപ്സും യുവതി ഷെയർ ചെയ്തിട്ടുണ്ട്. @nickandraychel എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിന് സമാനമായ മറ്റൊരനുഭവം കണ്ടെത്താനാവില്ല. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ കോർണറുകളെയും ബന്ധിപ്പിക്കുന്ന 68,000 കിലോമീറ്ററിലധികം ട്രാക്കുകളുള്ള ട്രെയിൻ യാത്ര ദിവസേനയുള്ള ഇന്ത്യൻ ജീവിതത്തിലേക്ക് തുറക്കുന്ന ഒരു മനോഹരമായ ജാലകമാണ്' എന്നാണ് യുവതി പറയുന്നത്.
വീഡിയോയിൽ തറയിൽ ഉറങ്ങുന്ന യാത്രക്കാരെ കാണാം. ഒപ്പം 7 മണിക്കൂർ വരുന്ന യാത്രയ്ക്ക് വെറും 12 ഡോളർ (ഏകദേശം ആയിരം രൂപ) മാത്രമാണ് ചിലവ് എന്നും യുവതി പറയുന്നുണ്ട്. യാത്രയ്ക്കിടയിൽ ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചും യുവതി വിവരിക്കുന്നത് കാണാം. ബ്രൗൺ പേപ്പർ കവറിൽ പൊതിഞ്ഞ ബെഡ്ഷീറ്റുകളും മറ്റും യുവതി വീഡിയോയിൽ കാണിക്കുന്നുണ്ട്. തനിക്ക് ഈ ട്രെയിനുകൾ ഇഷ്ടമാണ് എന്നും അവ കാര്യക്ഷമവും വേഗതയേറിയതുമാണ് എന്നും യുവതി പറയുന്നുണ്ട്.
ഇതിനെല്ലാം പുറമെ ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണവും, കച്ചവടക്കാരോട് സ്നാക്സ് വാങ്ങിയിരിക്കുന്നതും യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാം. ഒപ്പം ഇതുപോലെ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം പ്രത്യേകിച്ചും ഫെസ്റ്റിവൽ സീസണുകളിൽ, വിവിധ തരം കോച്ചുകളുണ്ട് താൻ എപ്പോഴും സെക്കന്റ് എസിയാണ് എടുക്കാൻ നോക്കാറ് എന്നും യുവതി പറയുന്നുണ്ട്. എങ്കിലും വീഡിയോയിൽ തേർഡ് എസിയാണ് കാണുന്നത്.
സുരക്ഷിതമായ യാത്രയ്ക്ക് നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലതെന്നും പലതരത്തിലുള്ള ആളുകൾ ട്രെയിനിലുണ്ടാകും, അതിൽ മിക്കവരും നല്ലവരാണ് അവരോട് നന്നായി പെരുമാറാൻ ശ്രമിക്കണമെന്നും യുവതി പറയുന്നു.