
താൻ ഇത്രയും കാലം കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിലേറെയും ഭാര്യ ഒരു ഓൺലൈൻ സ്ട്രീമറിന് വേണ്ടി ചെലവഴിച്ചതറിഞ്ഞ് കണ്ണീരടക്കാനാവാതെ ഭർത്താവ്. ചൈനയിൽ നിന്നുള്ള യുവാവിനാണ് ഈ ദുരനുനുഭവം ഉണ്ടായത്. നേരിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പുരുഷ സ്ട്രീമറിനെ വിവിധ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായിട്ടാണ് ഈ പണമെല്ലാം സ്ത്രീ അയച്ചുകൊടുത്തത്. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 1.16 മില്ല്യൺ യുവാൻ (ഏകദേശം 1,46,18,517.20 രൂപ) ഇവരുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടായിരുന്നതാണ്. എന്നാൽ, പലതവണ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് അതിൽ ഒറ്റരൂപാ പോലും ബാക്കിയില്ല എന്ന് മനസിലായത് എന്നാണ് ഭർത്താവ് പറയുന്നത്.
1,45,44,653 -ത്തിലധികം രൂപയാണ് സ്ട്രീമർക്ക് വേണ്ടി ചെലവഴിച്ചത്. ബാക്കി പണം എന്ത് ചെയ്തു എന്നതിനെ കുറിച്ച് അവർ പറയാനും തയ്യാറായില്ലത്രെ. അത് മാത്രമല്ല, അവർക്കിപ്പോൾ 10 ലക്ഷത്തിലധികം രൂപ കടമുള്ളതായും ഭർത്താവ് പറയുന്നു. ഒരു ലോക്കൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭർത്താവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പ്രാദേശിക മാധ്യമമായ ജിമു ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, സ്ത്രീ ഭര്‍ത്താവിന്‍റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും സ്ട്രീമർക്ക് വേണ്ടിയാണ് ചെലവഴിച്ചത്. പണം തീർന്നപ്പോൾ വായ്പ പോലും എടുത്തു. ഭർത്താവാകട്ടെ ഈ പണം സുരക്ഷിതമായി സൂക്ഷിക്കാനായി ഭാര്യയെ ഏല്പിച്ചതാണ്. 'താൻ താമസിച്ചുകൊണ്ടിരുന്നത് വാടക കുറഞ്ഞ സൗകര്യങ്ങളില്ലാത്ത ഒരു വീട്ടിലാണ്, അവിടെ നിന്നും കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം ഞാൻ അവളുടെ പേരിലിട്ടു. അവൾ സൂക്ഷിക്കും എന്ന് കരുതിയാണ് താനത് ചെയ്തത്. അവൾ തന്നെ പിന്നിൽ നിന്നും കുത്തി. നോക്കൂ, ഞാനിനി എന്താണ് ചെയ്യേണ്ടത്. അവൾക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു എന്നിട്ടും എന്തിനിത് ചെയ്തു' എന്നാണ് ഭർത്താവ് പറയുന്നത്.
യുവതിയോട് എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ആ സ്ട്രീമറിനോട് തനിക്ക് വളരെ അധികം ഇഷ്ടമുണ്ടായിപ്പോയി എന്നാണ്. ഒരിക്കൽപ്പോലും അയാളെ യുവതി നേരിൽ കണ്ടിട്ടില്ല എന്നതും പ്രസക്തമാണ്. എന്തായാലും, ഭർത്താവിന്റെ ദുരവസ്ഥയിൽ സഹതപിക്കുകയാണ് ഇപ്പോൾ ചൈനയിൽ സോഷ്യൽ മീഡിയ.