
റെയിൽവേ സ്‌റ്റേഷനുകളിലും, ബസുകളിലും ചിലപ്പോൾ വിമാനത്തിൽ വരെ സ്ത്രീകൾ പ്രസവിക്കുന്നതിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഒരു സ്ത്രീ തന്റെ കുഞ്ഞിന് ജന്മം നൽകിയത് കടൽ(ocean) തീരത്താണ്. അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. തിരമാലകൾ അലയടിക്കുന്ന കടൽ തീരത്ത് അവർ കുഞ്ഞിന് ജന്മം നൽകുന്നത് അതിൽ കാണാം.
ജോസി പ്യൂക്കർട്ട് (Josy Peukert) എന്നാണ് 37 -കാരിയായ യുവതിയുടെ പേര്. വൈദ്യസഹായം കൂടാതെ കടലിൽ കുഞ്ഞിനെ പ്രസവിച്ച ജോസി 'സ്വതന്ത്ര ജനനം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയിലെ നിക്കരാഗ്വയിലെ പ്ലയ മജാഗ്വൽ (Paya Majagual in Nicaragua) തീരത്താണ് അവൾ പ്രസവിച്ചത്. അവളോടൊപ്പം 42 -കാരനായ ഭർത്താവ് ബെന്നി കൊർണേലിയസുമുണ്ടായിരുന്നു. ഭർത്താവാണ് പ്രസവത്തിൽ അവളെ സഹായിച്ചത്. ആധുനിക ഉപകരണങ്ങളോ സാങ്കേതികവിദ്യയോ ഒന്നും തന്നെയില്ലാതെ തികച്ചും സ്വാഭാവികമായാണ് അവൾ പ്രസവിച്ചത്. പൊക്കിൾക്കൊടി സൂക്ഷിക്കാൻ ടവലുകൾ, പാത്രങ്ങൾ തുടങ്ങിയ സാധാരണ സാധനങ്ങൾ മാത്രമാണ് അവർ കൈയിൽ കരുതിയത്.
ഫെബ്രുവരി 27 -നായിരുന്നു പ്രസവം. വെള്ളത്തിൽ ജന്മം നൽകിയ മകനെ ബോധി അമോർ ഓഷ്യൻ കൊർണേലിയസെന്ന് അവർ പേരിട്ടു. പസഫിക് സമുദ്രത്തിലെ തിരമാലകൾക്കിടയിൽ കുഞ്ഞിന് ജന്മം നൽകുന്ന വീഡിയോ ജോസി ഫെബ്രുവരിയിൽ തന്നെ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ശ്രദ്ധ നേടുന്നത്. ഇതുവരെ 2 ലക്ഷത്തിലധികം തവണ ആളുകൾ ഇത് കണ്ടു കഴിഞ്ഞു. പ്രസവ സമയത്ത് അവൾക്ക് വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും, തിരമാലകളുടെ താളം യഥാർത്ഥത്തിൽ മനോഹരമായ ഒരു അനുഭവമായിരുന്നുവെന്ന് അവൾ പറയുന്നു. കടൽവെള്ളത്തിൽ ഇറങ്ങി ഇരുന്ന അവളുടെ മുതുകിൽ തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. തിരമാലകൾക്ക് സങ്കോചത്തിന്റെ അതേ താളം ഉണ്ടായിരുന്നുവെന്ന് അവൾ പറയുന്നു. തികച്ചും സ്വാഭാവികമായി തന്നെ പ്രസവിക്കണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. വൈദ്യസഹായമൊന്നുമില്ലാതെ തന്നെ കുട്ടികളെ പ്രസവിക്കാൻ ഒരു സ്ത്രീയുടെ ശരീരത്തിന് കഴിയുമെന്ന് കാണിക്കാൻ വേണ്ടിയായിരുന്നുവത്രെ അവളുടെ ഈ പരീക്ഷണം.
ഗർഭിണിയായ സമയം മുതൽ ജോസി ഒരു ഡോക്ടറെ സന്ദർശിക്കുകയോ സ്കാൻ ചെയ്യുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രസവത്തിന്റെ തീയതി പോലും അവൾക്ക് കൃത്യമായി അറിയുമായിരുന്നില്ല. പക്ഷേ, തന്റെ കുഞ്ഞ് കുഴപ്പം ഒന്നും കൂടാതെ പുറത്ത് വരുമെന്ന് അവൾ വിശ്വസിച്ചു. തനിക്ക് ഭയമോ, ആകാംക്ഷയോ തോന്നിയില്ലെന്നും, താനും പങ്കാളിയും തിരമാലകളും മാത്രമുണ്ടായിരുന്ന ഈ പ്രസവം വളരെ മനോഹരമായിരുന്നുവെന്നും അവൾ പറയുന്നു. ജോസി ഇതിനകം നാല് കുട്ടികളുടെ അമ്മയാണ്. പ്രസവം കഴിഞ്ഞ് അവൾ കുളിച്ചു, ബാഗുകൾ എല്ലാം പാക്ക് ചെയ്തു, ഒരു കാറിൽ കയറി നേരെ വീട്ടിൽ പോയി. ഈ രീതിയെ വിമര്ർശിച്ചവരും ഉണ്ട്. എന്തായാലും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ബോധിയ്ക്ക് ഇപ്പോൾ 13 ആഴ്ച പ്രായമുണ്ട്.