ഐസിയുവില്‍ ഒരു വിവാഹം, മരണാസന്നയായ അമ്മയുടെ മുന്നില്‍ മകള്‍ വിവാഹിതയായി!

Published : Dec 27, 2022, 08:05 PM IST
ഐസിയുവില്‍ ഒരു വിവാഹം, മരണാസന്നയായ അമ്മയുടെ മുന്നില്‍ മകള്‍ വിവാഹിതയായി!

Synopsis

നിറഞ്ഞ കണ്ണുകളോടെ ആ ചടങ്ങ് കണ്ടുനിന്ന അമ്മ, അതു കഴിഞ്ഞ് മണിക്കൂറിനകം മരണത്തിന് കീഴടങ്ങി. 

മകളുടെ വിവാഹം തന്റെ കണ്‍മുന്നില്‍ വെച്ചു നടത്തണം-മരണാസന്നയായ ആ അമ്മയുടെ അവസാനത്തെ ആഗ്രഹം അതായിരുന്നു. അമ്മയുടെ അന്ത്യാഭിലാഷം അറിഞ്ഞപ്പോള്‍ കുടുംബം അതിന് തയ്യാറായി. അങ്ങനെ, ആശുപത്രി ഐസിയുവില്‍ കിടക്കുന്ന അമ്മയുടെ മുന്നില്‍ വെച്ച്, ആ 26-കാരി, വീട്ടുകാര്‍ കണ്ടെത്തിയ യുവാവിനെ വിവാഹം കഴിച്ചു. നിറഞ്ഞ കണ്ണുകളോടെ ആ ചടങ്ങ് കണ്ടുനിന്ന അമ്മ, അതു കഴിഞ്ഞ് മണിക്കൂറിനകം മരണത്തിന് കീഴടങ്ങി. 

ബിഹാറിലെ ഗയയിലെ മജിസ്‌ട്രേറ്റ് കോളനിയിലുള്ള സ്വകാര്യ ആശുപത്രി ഐസിയുവാണ് അസാധാരണമായ ഈ വിവാഹത്തിന് വേദിയായത്. ബാലി ഗ്രാമവാസിയായ ലാലന്‍ കുമാറിന്റെ മകള്‍ ചാന്ദ്‌നിയാണ് അത്യാസന്ന നിലയില്‍ കിടക്കുന്ന അമ്മ പൂനം കുമാരി വര്‍മ്മയുടെ മുന്നില്‍ വെച്ച് താലി ചാര്‍ത്തിയത്. 

ദീര്‍ഘകാലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സായി പ്രവര്‍ത്തിച്ച പൂനം കുമാരി േേജാലിയില്‍നിന്നും വിരമിച്ചശേഷമാണ് രോഗബാധിതയായത്. കൊവിഡ് രോഗമാണ് അവരുടെ അവസ്ഥ കൂടുതല്‍ മോശമാക്കിയത്. കൊവിഡാനന്തരം ഹൃദയരോഗം കലശലായ പൂനം കുമാരി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഡോക്ടര്‍മാര്‍ കുടുംബത്തിനു മുന്നില്‍ അക്കാര്യം വെളിപ്പെടുത്തി. പൂനത്തിന്റെ അവസ്ഥ വളരെ മോശമാണ്, അറിയിക്കേണ്ടവരെയെല്ലാം വിവരം അറിയിക്കുന്നതാണ് നല്ലത്. 

ഈ വിവരം അറിഞ്ഞപ്പോഴാണ്, പൂനം തന്റെ അവസാനത്തെ ആഗ്രഹം ഉറ്റവരെ അറിയിച്ചത്. മകളുടെ വിവാഹം കൂടി കണ്ടിട്ട് കണ്ണടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എങ്ങനെയെങ്കിലും അതിനുള്ള അവസരം ഒരുക്കണമെന്നുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. 

മാസങ്ങള്‍ക്കു മുമ്പു തന്നെ പൂനത്തിന്റെ മകള്‍ ചാന്ദ്‌നിയുടെ വിവാഹം സലീംപൂര്‍ ഗ്രമവാസിയായ സുമിത് ഗൗരവുമായി നിശ്ചയിച്ചിരുന്നു. ഡിസംബര്‍ അവസാനം ഇവരുടെ വിവാഹം നടത്താനായിരുന്നു ഇരു കുടുബങ്ങളും ചേര്‍ന്ന് തീരുമാനിച്ചിരുന്നത്. അമ്മയുടെ ആഗ്രഹമറിഞ്ഞ ചാന്ദ്‌നി ഈ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. തുടര്‍ന്ന്, ഇരുകുടുംബങ്ങളും ചേര്‍ന്ന് ഐസിയുവില്‍ കിടക്കുന്ന അമ്മയുടെ മുന്നില്‍വെച്ച് നിശ്ചയിച്ചതിലും നേരത്തെ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവാഹ വസ്ത്രമണിഞ്ഞ് എത്തിയ ചാന്ദ്‌നിയും സുമിത്തും അമ്മയുടെ മുന്നില്‍വെച്ച് പരസ്പരം താലി ചാര്‍ത്തി. ഇരു കുടുംബങ്ങളിലെയും രണ്ട് അംഗങ്ങള്‍ ഈ മുഹൂര്‍ത്തത്തിന് സാക്ഷിയായി. വിവാഹം കഴിഞ്ഞ്, അല്‍പ്പം കഴിഞ്ഞപ്പോള്‍ പൂനം കുമാരി മരണത്തിന് കീഴടങ്ങുകയും ചെയ്തു. 


 

PREV
Read more Articles on
click me!

Recommended Stories

മരിച്ച് വീഴുമ്പോഴും തിരിഞ്ഞ് നോക്കാതെ ലോകം; അറബുകൾ അല്ലാത്തവരുടെ ചോര വീണ് ചുവക്കുന്ന സുഡാന്‍റെ മണ്ണ്
വെറും 6 മാസം ജോലി ചെയ്താൽ 1.3 കോടി ശമ്പളം വാങ്ങാം, ഇതാണാ ജോലി, സ്വീകരിക്കണോ, സംശയം പങ്കുവച്ച് യുവാവ്