
ഫ്ലോറിഡയിലുള്ള ഒരു യുവതി ഒരു ശിശുപീഡകനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചിരിക്കുകയാണ്. എങ്ങനെ എന്നല്ലേ? ടിൻഡർ വഴിയായിരുന്നു സ്ത്രീ ഇയാളെ കണ്ടെത്തിയത്. നിക്കോളാസ് ബെർണാഡ് വാലസ് എന്ന 29 -കാരൻ ഒക്ടോബർ 12 -നാണ് അവൾക്ക് ടിൻഡർ ആപ്പിൽ ആദ്യമായി മെസേജ് അയക്കുന്നത്.
വാലസ് അവൾക്ക് ആദ്യമായി സാധാരണ ഡേറ്റിംഗ് ആപ്പിൽ മെസേജുകളയക്കുന്നത് പോലെ തന്നെയാണ് അയച്ച് തുടങ്ങിയത്. പിന്നാലെ, ആദ്യമായി എപ്പോഴാണ് പ്രണയത്തിലായത് എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി. പതിമൂന്നാമത്തെ വയസിലാണ് എന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ചെറിയ പെൺകുട്ടികളെ വലിയ ഇഷ്ടമാണ് എന്ന് വാലസ് പറഞ്ഞത്.
എന്നാൽ, ബാല്യത്തിൽ പീഡിപ്പിക്കപ്പെട്ട ഒരാളെന്ന നിലയിൽ അതവളെ ബാധിച്ചു. തുടർന്ന് നിയമത്തിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിന് യുവതി ഈ ചാറ്റ് അയച്ച് കൊടുത്തു. സുഹൃത്താണ് കൂടുതൽ ചാറ്റ് ചെയ്യാനും അയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അവളോട് ആവശ്യപ്പെട്ടത്.
എത്ര ചെറിയ പെൺകുട്ടികളെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരിക്കൽ ഒരു എട്ട് വയസുകാരിയുമായി ബന്ധത്തിലായിരുന്നു എന്നും വാലസ് മറുപടി പറഞ്ഞു. അത് രസമായിരുന്നു എന്നും പെൺകുട്ടിക്കും അതിൽ പ്രശ്നമുണ്ടായിരുന്നില്ല എന്നുമായിരുന്നു വാലസ് പറഞ്ഞത്.
അയാൾ അയച്ച സന്ദേശങ്ങളടക്കം പിറ്റേന്ന് തന്നെ യുവതി അധികൃതരെ സമീപിച്ചു. കൊളംബിയ കൗണ്ടി അധികൃതർ പിന്നീട് യുവതിയുടെ ടിൻഡർ പ്രൊഫൈൽ ഉപയോഗിക്കുകയും വാലസിനോട് ചാറ്റ് ചെയ്യുകയും ചെയ്തു. അയാളാവട്ടെ തന്റെ വൈകൃതങ്ങളെല്ലാം ഒളിവോ മറവോ ഇല്ലാതെ തുറന്ന് പറഞ്ഞു കൊണ്ടുമിരുന്നു.
എങ്ങനെയാണ് വളരെ ചെറിയ കുട്ടികളെ താൻ പറഞ്ഞ് പറഞ്ഞ് സെക്സിലേക്കെത്തിച്ചത് എന്ന വിവരണം, കുട്ടികളെ ചൂഷണം ചെയ്യുന്ന നാല് ചിത്രങ്ങൾ എന്നിവയെല്ലാം വാലസ് യുവതിയുടെ ടിൻഡർ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തു. ഒരു ഘട്ടത്തിൽ യുവതിയോട് നേരിൽ കാണാമെന്നും ഒരു കുട്ടിയെ കൂടി കാണുമ്പോൾ കൂടെ കൊണ്ടുവരാമെന്നും അയാൾ മെസേജിൽ പറഞ്ഞു.
കൊളംബിയ കൗണ്ടി അധികാരികൾ ഒകാലയിലാണ് വാലസെന്ന് കണ്ടെത്തി. അവർ മരിയോൺ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ മുന്നറിയിപ്പ് നൽകി. അവരാകട്ടെ കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‍തതിന് നേരത്തെ തന്നെ വാലസിനെ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു.
പിന്നീട് ഒക്ടോബർ പതിനാലിന് ഇയാളെ അറസ്റ്റ് ചെയ്തു. നിരവധി കുറ്റങ്ങളാണ് ചൈൽഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വാലസിനെ കുറിച്ച് പൊലീസിനെ അറിയിച്ച സ്ത്രീയാകട്ടെ അന്നു മുതൽ അവളുടെ ടിൻഡർ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കയാണ്.