ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു, പഴയ ഹൃദയം പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിച്ച് യുവതി

Published : Dec 29, 2022, 02:21 PM IST
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു, പഴയ ഹൃദയം പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിച്ച് യുവതി

Synopsis

ഹൃദയം മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നിരവധി തവണ നടത്തിയിരുന്നെങ്കിലും 25 -ാമത്തെ വയസ്സിലാണ് അവൾക്ക് യോജിച്ച ഒരു ഡോണറെ കിട്ടിയത്.

സ്വന്തം ഹൃദയം കണ്ടിട്ടുള്ളവർ ആരെങ്കിലുമുണ്ടോ? ന്യൂസിലാൻഡിൽ ഒരു യുവതി ഹൃദയശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത തൻറെ ആദ്യ ഹൃദയം ഒരു പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കുകയാണ്. ഇങ്ങനെ ചെയ്തതിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു കാരണവുമുണ്ട് ഈ യുവതിക്ക് പറയാൻ. ടിക്ടോക്കിൽ സജീവമായ യുവതി തന്റെ ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തിയിട്ടുള്ളത്. 

ന്യൂസിലാൻഡ് സ്വദേശിയായ ജെസിക മാനിംഗ് എന്ന 29 -കാരിയാണ് ഇത്തരത്തിൽ തൻറെ പഴയ ഹൃദയം പ്ലാസ്റ്റിക് കവറിനുള്ളിൽ ആക്കി സൂക്ഷിച്ചിരിക്കുന്നത്. ജന്മനാ തന്നെ നിരവധി ഹൃദയ വൈകല്യങ്ങൾ ജെസികയെ അലട്ടിയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളാൽ വലഞ്ഞ് തൻറെ ബാല്യ കൗമാരങ്ങളിൽ അധികസമയവും അവൾ ചെലവഴിച്ചിരുന്നത് ആശുപത്രിയിലായിരുന്നു. വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുൻപായി 200 ചെറുതും വലുതുമായ മറ്റ് ഹൃദയ ശസ്ത്രക്രിയകളാണ് അവളിൽ നടത്തിയത്. മൂന്നു വയസ്സ് തികയുന്നതിന് മുൻപ് തന്നെ രണ്ടുതവണ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നടത്തി. 

ഹൃദയം മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നിരവധി തവണ നടത്തിയിരുന്നെങ്കിലും 25 -ാമത്തെ വയസ്സിലാണ് അവൾക്ക് യോജിച്ച ഒരു ഡോണറെ കിട്ടിയത്. ആ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിച്ചതോടെ ജെസിക അവൾ ആഗ്രഹിച്ചത് പോലൊരു ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ, തൻറെ രണ്ടാം ജന്മത്തിൽ അവൾക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതിൽ അധികം കടപ്പാടുള്ളത് തനിക്ക് ഹൃദയം നൽകിയ ഡോണറോടും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോടും ആണ്.
 
ആ വ്യക്തിയോടുള്ള നന്ദി സൂചകമായി തന്നെയാണ് തൻറെ പഴയ ഹൃദയം ഇപ്പോഴും താൻ സൂക്ഷിക്കുന്നത് എന്നാണ് യുവതി  വീഡിയോയിൽ പറയുന്നത്. താൻ സ്വന്തമായി ഒരു വീട് നിർമ്മിച്ചു കഴിയുമ്പോൾ അതിനടുത്തായി ആ ഹൃദയം കുഴിച്ചിട്ട് അതിനുമുകളിൽ ഒരു വൃക്ഷത്തൈ നടുമെന്നാണ് ജെസിക പറയുന്നത്. അതിലൂടെ തനിക്ക് ഹൃദയം നൽകിയ വ്യക്തിയുടെ ഓർമ്മകളും എപ്പോഴും തന്നോട് കൂടി ജീവിക്കുമെന്നും യുവതി പറയുന്നു.

PREV
click me!

Recommended Stories

ഡെലിവറി ബോയ്സ് ലിഫ്റ്റിൽ കയറണ്ട, സ്റ്റെപ്പുപയോ​ഗിച്ചാൽ മതി; നോട്ടീസ്, വിമർശനം, ഖേദപ്രകടനം
ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി