
പാദരക്ഷകൾ ഒരിക്കലും ഒരു ആഡംബരമായി കാണാൻ കഴിയില്ല. വളരെ അത്യാവശ്യമുള്ള ഒരു കാര്യം തന്നെയാണ്. ഇനി ഒരു ചോദ്യം? നിങ്ങൾക്ക് എത്ര ജോഡി ചെരുപ്പുകൾ സ്വന്തമായുണ്ട്. മൂന്നോ, നാലോ, അതോ അഞ്ചോ? ഏതായാലും ഒരുമാതിരിപ്പെട്ട എല്ലാ ആളുകളും പറയാൻ പോകുന്ന ഉത്തരം പത്തിൽ താഴെയായിരിക്കും. എന്നാൽ, ഇവിടെ ഒരു യുവതി ചെരുപ്പുകളോടുള്ള അമിതമായ ഭ്രമം മൂത്ത് സ്വന്തമായി വാങ്ങിക്കൂട്ടിയിരിക്കുന്നത് 450 ചെരുപ്പുകൾ ആണ്. അതെ ഒരു കടയിൽ കാണില്ല ഒരുപക്ഷേ ഇത്രയധികം ചെരുപ്പുകൾ അല്ലേ. ഈ ചെരുപ്പുകൾക്കെല്ലാം ഒരു പ്രത്യേകത കൂടിയുണ്ട്. ഇവയെല്ലാം ഒരൊറ്റ ബ്രാൻഡിന്റെ ചെരുപ്പുകളാണ്. ആ ബ്രാൻഡ് ഏതാണെന്ന് അറിയണ്ടേ? ക്രോക്സ് (crocs).
അമേരിക്കയിലെ കണക്റ്റിക്കട്ടിൽ നിന്നുള്ള റോഷെൽ ബർക്ക് ആണ് ക്രോക്സ് ചെരുപ്പുകളെ ഇത്രമാത്രം ഇഷ്ടപ്പെടുന്ന ആ യുവതി. രണ്ടായിരത്തിലാണ് ഇവർ ആദ്യമായി ഈ ബ്രാൻഡിന്റെ ചെരുപ്പ് ഉപയോഗിക്കുന്നത്. അതിനു മുൻപ് വരെ ഇവർ ഏത് ചെരുപ്പ് ഉപയോഗിച്ചാലും കാലിൽ നീര് വെക്കുന്നത് പതിവായിരുന്നു. അങ്ങനെ ഒരു ചെരുപ്പും ഉപയോഗിക്കാൻ സാധിക്കാതിരിക്കുന്ന സമയത്താണ് ഇവർ ആദ്യമായി ക്രോക്സ് ബ്രാൻഡ് ചെരുപ്പ് ഉപയോഗിക്കുന്നത്. അത് ഉപയോഗിച്ചപ്പോൾ അവളുടെ കാലിൽ യാതൊരുവിധ ബുദ്ധിമുട്ടും വന്നില്ല എന്ന് മാത്രമല്ല തൻറെ കാലുകൾക്ക് അത് കൂടുതൽ സുരക്ഷിതത്വം നൽകുന്നതായിരിക്കും ഇവർക്ക് അനുഭവപ്പെട്ടുവത്രെ.
അന്ന് തുടങ്ങിയതാണ് റോഷെല്ലയ്ക്ക് ഈ ബ്രാൻഡിൽ പെട്ട ചെരുപ്പുകളോടുള്ള ഭ്രമം. അങ്ങനെ കഴിഞ്ഞ 22 വർഷം കൊണ്ട് ഇവർ വാങ്ങിക്കൂട്ടിയത് 450 ജോഡി ചെരുപ്പുകൾ ആണ്. ഈ ബ്രാൻഡ് ഇതുവരെ പുറത്തിറക്കിയ തൻറെ അളവിന് പാകമായ എല്ലാ നിറത്തിലും ഡിസൈനിലും ഉള്ള ഒന്നിലധികം ജോഡി ചെരുപ്പുകൾ ഇന്ന് ഇവർക്ക് സ്വന്തമായുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷത്തിൽ ഇവർക്ക് ഒരു ചെരുപ്പ് കഷ്ടിച്ച് ഒരു തവണ മാത്രമേ ഇടേണ്ട ആവശ്യം വരികയുള്ളൂ.
(ചിത്രം പ്രതീകാത്മകം)