
ഓണ്‍ലൈന്‍ വില്പന പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകൾ ഇന്ന് ലഭ്യമാണ്. ആമസോണും ഫ്ലിപ്കാര്‍ട്ടും ഇതില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് പോലുള്ള ഇടങ്ങളിലും ഓണ്‍ലൈന്‍ വില്പന തകൃതിയാണ്. എന്നാല്‍, ഇവിടെങ്ങളില്‍ എന്താണ് വിൽക്കപ്പെടുന്നത് എന്നതിന് കൃത്യമായ ധാരണ ഭരണകൂടങ്ങൾക്ക് ഉണ്ടാകണമെന്നില്ല. അടുത്തിടെ ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലേസില്‍ മനുഷ്യന്‍റെ തലയോട്ടികളും അസ്ഥികളും വില്പനയ്ക്ക് വച്ചിട്ടുണ്ടെന്ന പരാതി കിട്ടിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത് 52 വയസുള്ള ഒരു സ്ത്രീ. പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇവര്‍ പറഞ്ഞത് മനുഷ്യാസ്ഥികൾ വിൽക്കാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന്.
സംഭവം നടന്നത് അങ്ങ് ഫ്ലോറിഡയിലാണ്. മനുഷ്യാസ്ഥികൾ ഓണ്‍ലൈനില്‍ വില്പന നടത്തിയതിന് ഡെൽറ്റോണിയിലെ കിംബര്‍ലി ആനി ഷോപ്പറാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് 7,500 ഡോളറിന്‍റെ (ഏതാണ്ട് 6,45,000 രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. 2023 ഡിസംബറിലാണ് ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ മനുഷ്യന്‍റെ തലയോട്ടി വില്പനയ്ക്ക് വച്ചിരിക്കുന്നതായി തങ്ങൾക്ക് വിവരം ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വൈബ്സൈറ്റ് പ്രകാരം രണ്ട് മനുഷ്യ തലയോട്ടികൾ 90 ഡോളറിനും (ഏകദേശം 7,748 രൂപ) ഒരു കണ്ഠാസ്ഥിയും തോൾ എല്ലിനും കൂടി 90 ഡോളറിനും ഒരു വാരിയെല്ലിന് 35 ഡോളറിനും ( ഏകദേശം 3,013 രൂപ ) ഒരു നട്ടെല്ല് അസ്ഥിക്ക് 35 ഡോളറിനും ഒരു പാതി തകർന്ന മനുഷ്യ തലയോട്ടിക്ക് 600 ഡോളറിനുമാണ് ( ഏകദേശം 51,657 രൂപ) വില്പനയ്ക്ക് വച്ചിരുന്നത്. പോലീസ് മനുഷ്യാസ്ഥികൾ കണ്ടെടുക്കുകയും അവ ലാബ് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. എന്തിനാണ് മനുഷ്യാസ്ഥികൾ വിൽക്കുന്നതെന്ന് പോലീസ് ചോദിച്ചപ്പോൾ, താന്‍ അവ നിരവധി വര്‍ഷങ്ങളായി വില്‍ക്കുന്നുണ്ടെന്നും അവ വില്‍ക്കാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു കിംബര്‍ലി ആനി മറുപടി നല്‍കിയത്. സ്ത്രീ മനുഷ്യാസ്ഥികൾ സ്വകാര്യ വില്പനക്കാരില്‍ നിന്നുമാണ് വാങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒപ്പം അവരുടെ കൈവശം കൂടുതല്‍ മനുഷ്യാസ്ഥികളുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം ഇവരുടെ കൈയില്‍ നിന്നും ലഭിച്ച മനുഷ്യാസ്ഥികളില്‍ ചിലതിന് 100 വര്‍ഷവും മറ്റ് ചിലതിന് 500 വര്‍ഷവും പഴക്കമുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
Read More: മകളുടെ ഐപാഡ് പിടിച്ച് വച്ചു; പരാതി, 50 -കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്, ഏഴ് മണിക്കൂര്‍ തടവ്