വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷം യുവതി തിരിച്ചറിഞ്ഞു 'ഭർത്താവ്' സ്ത്രീയാണ്

Published : Jun 25, 2022, 02:37 PM IST
വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷം യുവതി തിരിച്ചറിഞ്ഞു 'ഭർത്താവ്' സ്ത്രീയാണ്

Synopsis

ഒടുവിൽ അവൾ സത്യമെല്ലാം തുറന്ന് പറഞ്ഞു. തന്റെ യഥാർത്ഥ പേര് എരായനി എന്നാണെന്നും, ജോലി ഉൾപ്പെടെ താൻ പറഞ്ഞ എല്ലാ കാര്യങ്ങളും കള്ളമാണെന്നും അവൾ ഏറ്റുപറഞ്ഞു.

തന്നോടൊപ്പം കഴിഞ്ഞ തന്റെ പുരുഷൻ യഥാർത്ഥത്തിൽ ഒരു സ്ത്രീയായിരുന്നുവെന്ന് ഒരു ഇന്തോനേഷ്യൻ യുവതി അറിയുന്നത് മാസങ്ങൾക്ക് ശേഷം. താൻ വിവാഹം കഴിച്ചത് ഒരു പുരുഷനെയല്ല, മറിച്ച് ഒരു സ്ത്രീയെയാണെന്ന് അറിയാൻ ആ ഇരുപത്തിരണ്ടുകാരിയ്ക്ക് കാലം കുറെ പിടിച്ചു. ഏകദേശം പത്ത് മാസക്കാലം ഈ ആൾമാറാട്ടം ആരും അറിയാതെ പോയി.

എൻഎ എന്ന ആദ്യാക്ഷരത്തിൽ മാത്രം അറിയപ്പെടുന്ന യുവതി ജാംബി സിറ്റി നിവാസിയാണ്. ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് അവൾ തന്റെ ഭർത്താവിനെ കണ്ടുമുട്ടുന്നത്. അഹ്നാഫ് അറാഫിഫ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത അയാൾ വിദേശത്ത് പഠിച്ച ഒരു  ഡോക്ടറാണെന്ന് അവകാശപ്പെട്ടു. താൻ ഒരു സർജനാണെന്നും, ഒപ്പം സ്വന്തമായി ബിസിനസ്സുമുണ്ടെന്നും അയാൾ അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു. രണ്ടാഴ്ചത്തെ ഡേറ്റിംഗിന് ശേഷം, അഹ്നാഫ് ഒരാഴ്ചയോളം അവളോടൊപ്പം താമസിക്കാൻ അവളുടെ വീട്ടിലെത്തി. അയാൾ വളരെ നല്ല രീതിയിലാണ് അവളുടെ വീട്ടുകാരോട് പെരുമാറിയത്. ആ സമയത്ത് അസുഖം വന്ന മാതാപിതാക്കളെ പരിചരിക്കാൻ പോലും അയാൾ തയ്യാറായി. ഇതൊക്കെ കണ്ട എൻഎ അയാളുടെ സ്നേഹത്തിൽ വീണുപോയി. ഏതാനും ആഴ്ചകൾക്ക് ശേഷം അവൾ അയാളോട് വിവാഹാഭ്യർത്ഥന നടത്തി. മാതാപിതാക്കളും സമ്മതം മൂളി.  

അങ്ങനെ നല്ല രീതിയിൽ വിവാഹം നടന്നു. എന്നാൽ വിവാഹത്തിന് തൊട്ടുപിന്നാലെ, വരന്റെ ചില കാര്യങ്ങളിൽ വീട്ടുകാർക്ക് സംശയം തോന്നാൻ  തുടങ്ങി. അയാളുടെ പല പെരുമാറ്റങ്ങളും വിചിത്രമായിരുന്നു. അവൾ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അയാൾ ഒരിക്കൽ പോലും അവളെ തന്റെ വീട്ടുകാരുടെ അടുത്തേയ്ക്ക് കൊണ്ട് പോയില്ല. മാത്രവുമല്ല അയാൾ മിക്കപ്പോഴും ജോലിയ്ക്ക് പോയിരുന്നില്ല. തിരക്കുള്ള ഡോക്ടർ എന്നും പറഞ്ഞാണ് വിവാഹം ചെയ്തത്. എന്നാൽ വിവാഹശേഷം ജോലിയ്ക്ക് പോകാൻ താല്പര്യം കാണിക്കാതായപ്പോൾ വീട്ടുകാർക്കും സംശയമായി.  എന്നാൽ എൻഎ ഇതൊന്നും കാര്യമാക്കിയില്ല. പക്ഷേ അവളുടെ അമ്മയ്ക്ക് അതെല്ലാം അത്ര നിസ്സാരമായി തോന്നിയില്ല. അഹ്നാഫ് ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ വെച്ച് വസ്ത്രങ്ങൾ അഴിച്ചിട്ടില്ലെന്നതും, ഭാര്യയുടെ മുന്നിൽ പോലും വിവസ്ത്രനാകാൻ കൂട്ടാക്കിയില്ലെന്നതും സംശയം വർദ്ധിപ്പിച്ചു. വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ, വസ്ത്രം ധരിച്ചായിരുന്നു അയാൾ കുളിക്കാൻ കയറുന്നതും, ഇറങ്ങുന്നതും.

മാത്രവുമല്ല, അയാളുടെ നെഞ്ചിനെ കുറിച്ച് എൻഎ തിരക്കിയപ്പോൾ, അത് വെറും ഹോർമോൺ പ്രശ്‌നമാണ് എന്ന് അഹ്നാഫ് പറഞ്ഞു. എന്നാൽ ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, യുവതിയുടെ അമ്മയ്ക്ക് എന്തൊക്കെയോ സംശയം തോന്നി. ഒരു ദിവസം വീട്ടിൽ വന്ന അഹ്‌നാഫ് പുരുഷനാണെന്ന് തെളിയിക്കാൻ ഷർട്ടൂരാൻ യുവതിയുടെ അമ്മ ആവശ്യപ്പെട്ടു. ഒടുവിൽ നിവർത്തിയില്ലാതെ അഹ്നാഫ് തന്റെ വസ്ത്രങ്ങൾ അഴിച്ചു. ഇതോടെ എൻഎയുടെ അമ്മയുടെ സംശയം സത്യമായി. അഹ്നാഫ് ഒരു പുരുഷനല്ല, മറിച്ച് ഒരു സ്ത്രീയായിരുന്നു എന്നവർ ഞെട്ടലോടെ തിരിച്ചറിഞ്ഞു. 

ഒടുവിൽ അവൾ സത്യമെല്ലാം തുറന്ന് പറഞ്ഞു. തന്റെ യഥാർത്ഥ പേര് എരായനി എന്നാണെന്നും, ജോലി ഉൾപ്പെടെ താൻ പറഞ്ഞ എല്ലാ കാര്യങ്ങളും കള്ളമാണെന്നും അവൾ ഏറ്റുപറഞ്ഞു. പത്ത് മാസത്തെ ബന്ധത്തിൽ, തന്നെയും കുടുംബത്തെയും കബളിപ്പിച്ച് എരായനി 15 ലക്ഷം രൂപ തട്ടിച്ചതായി എൻഎ അവകാശപ്പെടുന്നു. അതേസമയം വിവാഹത്തിന്റെ നിയമപരമായ രേഖകളൊന്നും അവളുടെ പക്കൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, ഡോക്ടർ എന്ന വ്യാജേന ആളുകളെ പറ്റിച്ചുവെന്നത് മാത്രമാണ് ഇപ്പോൾ എരായനിയ്ക്ക് എതിരെയുള്ള കേസ്.  

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!