ഭാര്യയെ പാമ്പ് കടിച്ചു, പാമ്പിനെയും കുപ്പിക്കുള്ളിലാക്കി ആശുപത്രിയിലെത്തിച്ചു!

By Web TeamFirst Published Jun 25, 2022, 10:20 AM IST
Highlights

ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പാമ്പിനെ വനമേഖലയിൽ വിടുമെന്ന് യാദവ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒപ്പം വേറൊരു കാര്യം കൂടി അയാൾ പറഞ്ഞു. 'പാമ്പിന് ശ്വസിക്കാൻ വേണ്ടി താൻ കുപ്പിയിൽ ഒരു ദ്വാരവും ഉണ്ടാക്കിയിരുന്നു'. 

ഒരാൾ പാമ്പിനെ ഒരു കുപ്പിയിലാക്കി നേരെ ആശുപത്രിയിലെത്തിച്ചു. അതും ആളുടെ ഭാര്യയെ കടിച്ച പാമ്പിനെയാണ് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാളുടെ ഭാര്യയെ പാമ്പ് കടിച്ചതിന് പിന്നാലെ അവരെ ആശുപത്രിയിലെത്തിക്കുന്നതോടൊപ്പമാണ് പാമ്പിനെയും ഇയാൾ കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ചത്.

സ്ത്രീയെ ആ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. എന്നാലും എന്തിനായിരിക്കും അവരുടെ ഭർത്താവ് പാമ്പിനെയും ഒപ്പം കൊണ്ടുപോയത്. സ്ത്രീയുടെ ഭർത്താവായ രാമേന്ദ്ര യാദവിന്റെ മറുപടി ഇങ്ങനെയാണ്, പാമ്പ് കടിച്ചയാളെ ആശുപത്രിയിലെത്തിക്കുമ്പോൾ ഡോക്ടർമാർ ഏത് പാമ്പാണ് അവരെ കടിച്ചത് എന്ന് ചോദിക്കും. അപ്പോൾ പാമ്പിനെ നേരിൽ കാണിച്ചു കൊടുക്കാമല്ലോ? ഡോക്ടർമാർക്ക് സ്വന്തം കണ്ണുകൾ കൊണ്ട് അത് കണ്ട് ബോധ്യപ്പെടുകയും ചെയ്യാം. 

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഉന്നാവയിലെ മാഖി പൊലീസ് സർക്കിളിന് കീഴിലുള്ള അഫ്സൽ നഗർ മേഖലയിലാണ് സംഭവം നടന്നത്. ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പാമ്പിനെ വനമേഖലയിൽ വിടുമെന്ന് യാദവ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒപ്പം വേറൊരു കാര്യം കൂടി അയാൾ പറഞ്ഞു. 'പാമ്പിന് ശ്വസിക്കാൻ വേണ്ടി താൻ കുപ്പിയിൽ ഒരു ദ്വാരവും ഉണ്ടാക്കിയിരുന്നു'. 

പാമ്പുമായി ബന്ധപ്പെട്ട ഇത്തരം വാർത്തകൾ രാജ്യത്തിന്റെ പല ഭാ​ഗത്ത് നിന്നും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം ഒരാൾ തന്നെ കടിച്ച പാമ്പിനെ കഷ്ണങ്ങളായി നുറുക്കിത്തിന്ന് അതിനോട് പ്രതികാരം വീട്ടിയിരുന്നു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ കമാസിൻ ഏരിയാ പൊലീസ് സ്റ്റേഷന് സമീപമുള്ള സയോഹത് ഗ്രാമത്തിലായിരുന്നു വിചിത്രമായ ഈ സംഭവം നടന്നത്. 

എന്നാൽ, പാമ്പിനെ കടിച്ചു കഷ്ണങ്ങളാക്കി വിഴുങ്ങിയിട്ടും അത് അയാൾ ആരോടും പറഞ്ഞില്ല. ചുണ്ടിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് ഇയാൾ സംഭവം പുറത്ത് പറയുന്നത്. പിന്നീട്, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

(ചിത്രം പ്രതീകാത്മകം)

click me!