
പ്രിയപ്പെട്ട പട്ടിയേയും പൂച്ചയേയും ഒക്കെ കാണാതെയാവുക എന്നാൽ ചിലർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒരുപാട് കാലം വേണ്ടി വരും അവർക്ക് ആ വേദനയിൽ നിന്നും മുക്തമാവാൻ. അതുപോലെ ഒരു സ്ത്രീക്ക് തന്റെ പൂച്ചയേയും നഷ്ടപ്പെട്ടു. എന്നാൽ, ഒമ്പത് വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒരുമിച്ചിരിക്കുകയാണ്.
ഫെബ്രുവരി 21 -നാണ് ഹെൻറിക്കോ കൗണ്ടി പൊലീസിന്റെ മൃഗ സംരക്ഷക വിഭാഗത്തെ തേടി ഒരു ഫോൺ വരുന്നത്. ഒരു പ്രദേശവാസിയാണ് വിളിച്ചത്. അവർ പറഞ്ഞത് തങ്ങളുടെ പോർച്ചിൽ ഒരു പൂച്ച നിൽക്കുന്നു. എത്ര ശ്രമിച്ചിട്ടും അത് അവിടെ നിന്നും പോകാൻ കൂട്ടാക്കുന്നില്ല എന്നാണ്. ഉടനെ തന്നെ ഉദ്യോഗസ്ഥർ അവിടെ എത്തുകയും പൂച്ചയെ തങ്ങളുടെ ഷെൽട്ടർ ഹോമിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. ആ പൂച്ചയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്നതായിരുന്നു അടുത്തതായി പരിശോധിച്ചത്. പരിശോധന വെറുതെ ആയില്ല. അതിന് ഒരെണ്ണം ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.
പിന്നാലെ, അതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അതിന് കുറച്ച് അന്വേഷണം തന്നെ വേണ്ടതുണ്ടായിരുന്നു. അങ്ങനെ ഉടമയെ കണ്ടെത്തി വിളിച്ചു. എന്നാൽ, ഉടമയ്ക്ക് ഇക്കാര്യം വിശ്വസിക്കാനേ സാധിച്ചില്ല. കാരണം, അവരുടെ പ്രിയപ്പെട്ട പൂച്ച പൈപ്പറിനെ കാണാതായത് ഇന്നലെയോ മിനിഞ്ഞാന്നോ കഴിഞ്ഞ ആഴ്ചയോ കഴിഞ്ഞ മാസമോ ഒന്നും ആയിരുന്നില്ല, ഒമ്പത് വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് അവൾ തന്റെ പ്രിയപ്പെട്ട പൂച്ചയെ തേടി ഒരുപാട് അലഞ്ഞു. എന്നാൽ, നിരാശയായിരുന്നു ഫലം. അതോടെ പൈപ്പർ ചത്തുപോയിട്ടുണ്ടാകും എന്ന് വേദനയോടെയാണെങ്കിലും അവൾ വിശ്വസിക്കാൻ തുടങ്ങി. അതിനാൽ തന്നെ പൈപ്പറിനെ തിരിച്ചു കിട്ടിയതിലുള്ള അവളുടെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതായിരുന്നില്ല.
ഏതായാലും പൂച്ചയെ ഉടമയ്ക്ക് തന്നെ തിരിച്ചേൽപ്പിച്ച ശേഷം പൂച്ചകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഹെൻറിക്കോ പൊലീസ് പോസ്റ്റിൽ സൂചിപ്പിച്ചു.