
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കോർപ്പറേറ്റ് ജീവിതത്തിന് ശേഷം 40 -ാം വയസിൽ ജോലിയിൽ നിന്ന് ഇടവേളയെടുത്ത അമേരിക്കൻ വനിതയുടെ അനുഭവം ശ്രദ്ധ നേടുന്നു. 2023 -ൽ ജോലി ഉപേക്ഷിച്ച അവർ ആദ്യം കരുതിയത് കുറച്ചുകാലം വിശ്രമിക്കാമെന്നായിരുന്നു. എന്നാൽ പിന്നീട് ആ ഇടവേള ജീവിതത്തിലെ മുൻഗണനകളും പണത്തോടുള്ള സമീപനവും കുടുംബബന്ധങ്ങളും തന്നെ മാറ്റിമറിച്ച ‘ഗ്യാപ് ഇയർ’ ആയി മാറിയെന്ന് തൃഷ ദാബി, ബിസിനസ് ഇന്‍സൈഡറിലെഴുതിയ കുറിപ്പിൽ പറയുന്നു.
കോർപ്പറേറ്റ് ജോലിക്കാലത്ത് കുടുംബവും കരിയറും ഒരുപോലെ മുന്നോട്ടുകൊണ്ട് പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. നീണ്ട ‘ടു-ഡു’ ലിസ്റ്റുകളും അടിയന്തര ഇ -മെയിലുകളും യാത്രകളും സ്ഥാനക്കയറ്റത്തിനായുള്ള നിരന്തര ശ്രമങ്ങളും ജീവിതത്തിന്‍റെ ഭാഗമായി. ജോലി നിർത്തിയ ശേഷമാണ് താൻ എത്രമാത്രം ക്ഷീണിതയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്നും തൃഷ പറയുന്നു.
ആദ്യ ആഴ്ചകളിൽ ഒഴിവുസമയം എങ്ങനെ ചെലവഴിക്കണമെന്ന് പോലും അറിയാതെ 100 കാര്യങ്ങളുടെ പട്ടിക തയ്യാറാക്കി. എന്നാൽ, പിന്നീട് ശരീരത്തിനും മനസ്സിനും വിശ്രമിക്കാൻ സമയം അനുവദിച്ചു. യാത്രകൾ, പുസ്തകപ്രേമികളുടെ റിട്രീറ്റ്, ഡിസ്‌നിലാൻഡ് സന്ദർശനം, ടാപ്പ് ഡാൻസിങ്, ഫോറസ്റ്റ് ബാത്തിങ്, റോളർ സ്‌കേറ്റിങ് തുടങ്ങിയ പുതിയ അനുഭവങ്ങൾ ജീവിതത്തിലേക്ക് കടന്നുവന്നു. ആഴ്ചയിൽ കുറഞ്ഞത് ഒരു പുതിയ കാര്യമെങ്കിലും പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ഗ്യാപ് ഇയർ സാമ്പത്തിക കാര്യങ്ങളിലും മാറ്റമുണ്ടാക്കി. സ്ഥിരവരുമാനം ഇല്ലാതായതോടെ കുടുംബത്തിന്‍റെ ചെലവുകൾ പുനഃപരിശോധിച്ചു. ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്ഷനുകൾ, ഫുഡ് ഡെലിവറി, പുറത്ത് നിന്നുള്ള ഭക്ഷണം തുടങ്ങിയ ചെലവുകൾ കുറയ്ക്കാനാകുമെന്ന് അവർ തിരിച്ചറിഞ്ഞു. ജോലിയിൽ നിന്ന് അകന്നുനിന്ന കാലയളവ് കുടുംബത്തിനും സുഹൃത്തുക്കൾക്കും കൂടുതൽ സമയം നൽകാനും സഹായിച്ചു. പിന്നീട് അവർ ട്രാവൽ റൈറ്ററായി മാറി. ഇപ്പോൾ സ്വാതന്ത്ര്യവും കുടുംബവും സ്വയംപരിചരണവും ജോലിയേക്കാൾ പ്രധാനമാണെന്നാണ് തൃഷയുടെ നിലപാട്.