
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങളും എല്ലാ കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള നൂറുനൂറ് അനുഭവങ്ങൾ ഓരോ സ്ത്രീക്കും പറയാനുണ്ടാവും. അതുപോലെ ഒരു അനുഭവമാണ് ഗാബി മോസ്റ്റമാണ്ട് എന്ന ലോസ് ആഞ്ചെലെസിൽ നിന്നുള്ള ഒരു മോഡൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരു ട്രെയിൻ യാത്രയിലുണ്ടായ തന്റെ അനുഭവമാണ് അവൾ പറയുന്നത്. ട്രെയിനിൽ യാത്ര ചെയ്യവേ ഒരാൾ തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ പകർത്തി എന്നാണ് ഗാബി വെളിപ്പെടുത്തുന്നത്.
'ക്ഷമിക്കണം, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? കാരണം നിങ്ങൾ തുടർച്ചയായി എന്റെ ചിത്രങ്ങൾ എടുക്കുന്നുണ്ടല്ലോ, അതെന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു' എന്ന് ഗാബി ഇയാളോട് പറയുന്നുണ്ട്. എന്നാൽ, അയാളുടെ മറുപടി അവൾ പറഞ്ഞത് തെറ്റാണ് എന്ന മട്ടിലുള്ളതായിരുന്നു. 'നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ അതിൽ തനിക്ക് ഖേദമുണ്ട്' എന്നായിരുന്നു അയാളുടെ മറുപടി. തുടർന്ന് ഗാബി തന്റെ ചിത്രം എടുക്കുന്നത് താൻ കണ്ടതായി ചൂണ്ടിക്കാണിക്കുന്നതും കാണാം. നിങ്ങൾ എന്റെ ഫോട്ടോ എടുത്തെന്നും അങ്ങനെ എടുക്കുന്നത് നിർത്തണമെന്നും അവൾ ആവർത്തിച്ച് അയാളോട് പറയുകയും ചെയ്തു.
'ഇതൊരു പ്രധാനപ്പെട്ട പ്രശ്നമാണ് എന്നുള്ളതുകൊണ്ടാണ് താൻ ഇത് പോസ്റ്റ് ചെയ്യുന്നത്. ഇത്തരത്തിലുള്ള എന്തുമാത്രം കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് ആളുകൾക്ക് അറിയില്ല. തങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതിനാൽ ആളുകൾ സ്ത്രീകളെ കാർക്കശ്യക്കാരികളായി കണക്കാക്കുന്നു. ഞങ്ങൾ എന്തുകൊണ്ട് അങ്ങനെയാവുന്നു എന്നതിന് ഒരു കാരണമുണ്ട്. ഇതാണ് ലോകത്തിന്റെ യാഥാർത്ഥ്യം, നിങ്ങൾ തന്നെ നിങ്ങളെ നോക്കേണ്ടതായിട്ടുണ്ട്' എന്ന് വീഡിയോയുടെ കാപ്ഷനിൽ ഗാബി കുറിച്ചിരിക്കുന്നതും കാണാം.
'താൻ വിറയ്ക്കുകയും കണ്ണീരിന്റെ വക്കിലെത്തുകയും ചെയ്തു. തിരികെ സീറ്റിൽ പോയിരിക്കുമ്പോഴേക്കും ഞാൻ തകർന്നുപോയി. എനിക്ക് ലജ്ജ തോന്നി. ചുറ്റുമുള്ളവർ തന്നെ ആശ്വസിപ്പിച്ചു' എന്നും ഗാബി കുറിക്കുന്നു. നിരവധിപ്പേരാണ് ഗാബിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത്തരം ഒരു അനുഭവമുണ്ടായപ്പോൾ പ്രതികരിച്ചതിന് പലരും ഗാബിയെ അഭിനന്ദിച്ചു.