
വിദഗ്ധമായി മോഷ്ടിക്കുകയെന്നത് ഒരു കലയാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ സിസിടിവിയുടെ വരവോടെ പടിക്കപ്പെടാനുള്ള സധ്യത പല മടങ്ങ് കൂടിയെന്നതാണ് യാഥാര്‍ത്ഥ്യം. വളരെ സുരക്ഷിതമെന്ന് കരുതി ചെയ്യുന്ന പല പ്രവര്‍ത്തികളും തൊട്ട് അടുത്തായി മറന്ന് നില്‍ക്കുന്ന ഒരു സിസിടിവി ക്യാമറ ഒപ്പിയെടുക്കുകയാണെന്ന് പലപ്പോഴു അറിയാതെ പോകുന്നു. അത്തരമൊരു മോഷണത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
ഒരു ഹെയർ സലൂണിന് ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയക്കപ്പെട്ടത്. ദൃശ്യങ്ങളില്‍ അഞ്ച് പേരാണ് ഉള്ളത്. ഒരു യുവതി റിസപ്ഷൻ കൗണ്ടറിന് ഉള്ളിലും മറ്റൊരു യുവതി ഫോണിൽ സംസാരിച്ചും നടക്കുന്നു. റിസപ്ഷൻ കൗണ്ടറിലെ യുവതിയോട് സംസാരിച്ച് രണ്ട് യുവാക്കൾ. ഈ യുവാക്കളെ ശ്രദ്ധിച്ച് കൊണ്ട് നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍. ഇടയ്ക്ക് പുറത്ത് നിന്നും കയറിവരുന്ന മറ്റൊരാൾ ഇത്രയും പേരാണ് സിസിടിവിയിൽ കാണാനാകുക. ഇതില്‍ റിസപ്ഷൻ കൗണ്ടറിന് മുന്നില്‍ നിന്നിരുന്ന യുവാക്കളിലൊരാൾ തന്‍റെ സമീപത്ത് ഉണ്ടായിരുന്ന ഒരു പൂജാ താലിയില്‍ നിന്നും വിദഗ്ദമായി പണം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞു.
യുവാക്കളില്‍ സംശയം തോന്നിയ സെക്യൂരിറ്റിക്കാന്‍ ഇരുവരെയും ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതിനിടെയില്‍ തന്‍റെ കൈവിരലുകൾ മാത്രം ഉപയോഗിച്ചാണ് മറ്റൊരും കാണാതെ ഇയാൾ പണം മോഷ്ടിച്ചത്. ഇതിനിടെ റിസപ്ഷൻ കൗണ്ടറിലെ യുവതിയുടെ ശ്രദ്ധ തിരിക്കാന്‍ ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ നിരന്തരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം. പണം കൈക്കലാക്കിയതിന് പിന്നാലെ ഇരുവരും അവിടെ നിന്നും പുറത്ത് കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഘർ കർ കലേഷ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഇതിനകം 17 കോടി പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനെത്തി. ഇത്തരം കഴിവുകൾ നന്മ ചെയ്യാനായി ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യം ഇന്ന് മറ്റെവിടെയെങ്കിലും നിന്നേനെയെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റ് ചിലര്‍ സെക്യൂരിറ്റിക്കാരന്‍ എല്ലാം കാണുന്നുണ്ടെങ്കിലും അയാൾ അവരെ വെറുതെ വിട്ടെന്ന് എഴുതി.