കരടിപ്പേടിയില്‍ ഒരു നഗരം; 94 പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും അടച്ചിട്ടു, വേട്ടക്കാരും രംഗത്ത്!

Published : Jun 08, 2026, 05:25 PM IST
Bear in japan

Synopsis

ടോക്കിയോയ്ക്ക് 100 കിലോമീറ്റര്‍ വടക്ക് ഉത്സുനോമിയ നഗരമാണ് കരടിപ്പേടിയിലായത്. അഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തിലെ 94 പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും അടച്ചുപൂട്ടി.

ടോക്കിയോ: പാര്‍ക്കിന് സമീപം കരടിയെ കണ്ടതിനെ തുടര്‍ന്ന് ജപ്പാനിലെ ഒരു നഗരത്തില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി. തലസ്ഥാനമായ ടോക്കിയോയ്ക്ക് 100 കിലോമീറ്റര്‍ വടക്ക് ഉത്സുനോമിയ നഗരമാണ് കരടിപ്പേടിയിലായത്. അഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തിലെ 94 പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും അടച്ചുപൂട്ടി.

ശനിയാഴ്ചയാണ് നഗരത്തിലെ ഒരു പാര്‍ക്കിന് സമീപം ഒരു കറുത്ത കരടിയെ കണ്ടത്. രണ്ട് യുവാക്കളാണ് നടത്തത്തിനിടെ അപ്രതീക്ഷിതമായി കരടിയെക്കണ്ടത്. ഞെട്ടിപ്പോയ യുവാക്കളുടെ മുന്നിലൂടെ കരടി ഓടിപ്പോവുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നീട്, പകല്‍ സമയത്ത് ജനവാസ മേഖലകളിലും കരടിയെക്കണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് നഗരമധ്യത്തില്‍ നിന്ന് രണ്ട് 2 കിലോമീറ്റര്‍ അകലെയുള്ള ഒരു ഫാക്ടറി പ്രദേശത്തും ഇതിനെ കണ്ടു.

തുടര്‍ന്നാണ് നഗരസഭാ അധികൃതര്‍ നടപടിയുമായി രംഗത്തുവന്നത്. വാതിലുകളും ജനലുകളും പൂട്ടിയിടാന്‍ അധികൃതര്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. കരടിയെ കണ്ടാല്‍ അടുത്തേക്ക് പോകരുതെന്നും, അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യം അറിയിക്കുന്നതിനായി നഗരസഭയുടെ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ നഗരം ചുറ്റുകയാണ്. പൊലീസും പ്രാദേശിക നായാട്ട് സംഘവും മൃഗത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് നഗരസഭാ പരിധിയിലുള്ള സ്‌കൂളുകള്‍ അടച്ചിട്ടത്.

ജപ്പാനില്‍ കരടികള്‍ കാടിറങ്ങുന്നത് പതിവായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയടുത്തായി 50,000 തവണയെങ്കിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കരടിശല്യം കൂടുതലും വടക്കുകിഴക്കന്‍ മേഖലകളിലാണ്. ടോക്കിയോയ്ക്ക് അടുത്തുള്ള നഗരങ്ങളില്‍ സാധാരണയായി കരടിയുടെ ശല്യമില്ലായിരുന്നു. കഴിഞ്ഞ മാസം ടോക്കിയോയ്ക്ക് അടുത്തുള്ള ഒകുതാമയില്‍ ഒരു റഷ്യന്‍ മലകയറ്റക്കാരന് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു, തൊട്ടുപിന്നാലെ തൊട്ടടുത്ത നഗരമായ ഹാച്ചിയോജിയിലും കരടിയെ കണ്ടെത്തി.

കഴിഞ്ഞ ആഴ്ച, ഫുകുഷിമയില്‍ നാല് പേരെ ആക്രമിച്ച ഒരു കരടി ഒരു കമ്പനിയുടെ ഓഫീസില്‍ കയറി ഒരു ജീവനക്കാരന് പരിക്കേല്‍പ്പിച്ചിരുന്നു. അതിനുശേഷം ഫാക്ടറിക്കുള്ളില്‍ കടന്ന കരടി അകത്തുനിന്ന് ജനല്‍ തുറന്ന് രക്ഷപ്പെട്ടതായി പറയുന്നു.

ജപ്പാനിലെ പ്രധാന ദ്വീപായ ഹോണ്‍ഷുവില്‍ 12,000-ത്തിനും 42,000-ത്തിനും ഇടയില്‍ ഏഷ്യാറ്റിക് കരടികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവയുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് കണക്ക്. വലിപ്പമേറിയ തവിട്ട് കരടികള്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയില്‍ മാത്രമാണുള്ളത്. 12,000 കരടികള്‍ ഇവിടെ ഉള്ളതായാണ് കണക്കാക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

അച്ഛനൊപ്പം പച്ചക്കറി വിറ്റുനടന്ന കുട്ടിക്കാലം, 18 മണിക്കൂർ വരെ പഠനം, 21 -ാം വയസിൽ 1 കോടിയുടെ ഫ്ലാറ്റ് അച്ഛനമ്മമാർക്ക്
'ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണം'; ഇറാൻ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമിർ ബെൻ ഗ്വിർ