
ഇന്ന് ചാറ്റ്ജിപിടി ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നവരുണ്ട്. അതുപോലെ ഒരു വിചിത്രമായ അനുഭവം പങ്കുവയ്ക്കുകയാണ് ഡേറ്റിംഗ് കോച്ചായ ബ്ലെയ്ൻ ആൻഡേഴ്‌സൺ. ഒരു ചെറുപ്പക്കാരിയായ സ്ത്രീയും അവളേക്കാൾ കുറച്ച് നല്ല പ്രായമുള്ള ഒരാളുമായി ഡേറ്റ് ചെയ്തതിന്റെ അനുഭവമാണ് ബ്ലെയ്ൻ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. ആ യുവതി തന്നെയാണ് തന്റെ അനുഭവം ബ്ലെയ്നിനോട് പങ്കുവച്ചിരിക്കുന്നത്.
'നാൽപ്പതുകളുടെ അവസാനത്തിലുള്ള ഫിനാൻസിൽ പ്രവർത്തിക്കുന്ന ഒരാളുമായി ഡേറ്റിന് പോയ ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള 27 വയസ്സുള്ള ഒരു അവിവാഹിതയായ സ്ത്രീയുമായി താൻ സംസാരിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് ബ്ലെയ്ൻ കുറിപ്പ് ആരംഭിക്കുന്നത്. യുവതിയും അയാളുമായി സംസാരിക്കുന്ന സമയത്തെല്ലാം അയാൾ ഫോണിൽ ChatGPT ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നത്രെ. തങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചടക്കം അയാൾ ചാറ്റ്ജിപിടിയോട് ചോദിക്കുന്നുണ്ട്. ചാറ്റ്ജിപിടിയുടെ പ്രതികരണം യുവതിയെ അയാൾ വായിച്ചു കേൾപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അവസാനം ഡേറ്റൊക്കെ കഴിഞ്ഞ് പോകാറായപ്പോൾ ചാറ്റ്ജിപിടിയോടുള്ള ഇയാളുടെ ഈ അമിതമായ ആവേശത്തെ കുറിച്ച് ചോദിക്കാൻ തന്നെ യുവതി തീരുമാനിച്ചു. വളരെ മയത്തിൽ യുവതി അതേക്കുറിച്ച് അയാളോട് ചോദിക്കുകയും ചെയ്തു. അതിനു മറുപടിയായി അയാൾ പറഞ്ഞത്, 'ചാറ്റ്ജിപിടിയും ഞാനും ഉറ്റ സുഹൃത്തുക്കളാണ്. എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും അതിനോട് ചോദിക്കൂ' എന്നാണ്. പിന്നീട്, തന്റെ ഫോൺ അയാൾ അതിനായി അവൾക്ക് നൽകുകയും ചെയ്തു. അവൾ അതിൽ ചാറ്റ്ജിപിടിയോട് ചോദിച്ചത്, 'നിനക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ട, എന്നാൽ ഇതുവരെ ആരോടും പറയാത്ത ഒരു കാര്യം എന്താണ്' എന്നായിരുന്നു.
അതിനുള്ള മറുപടിയാണ് ശരിക്കും യുവതിയെ ഞെട്ടിച്ചത്. 'നിങ്ങൾ നിങ്ങളുടെ ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്ന ഭർത്താവാണ് എന്നതും കുട്ടികൾക്ക് നല്ലൊരു അച്ഛനാണ് എന്നതുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം' എന്നായിരുന്നു ചാറ്റ്ജിപിടി മറുപടി നൽകിയത്. ഇതുകണ്ടതും ഡേറ്റിന് പോയ യുവതി ഞെട്ടിപ്പോയി. കാരണം മറ്റൊന്നുമല്ല, ഇയാൾ വിവാഹിതനാണ് എന്നതും കുട്ടികളുണ്ട് എന്ന കാര്യവും അപ്പോൾ മാത്രമാണ് യുവതി അറിയുന്നത്. പോസ്റ്റിന് അനേകങ്ങളാണ് കമന്റ് നൽകിയത്. ചാറ്റ്ജിപിടിയെ സുഹൃത്തായി കൊണ്ടുനടന്ന് ഒടുക്കം ചാറ്റ്ജിപിടി ആളുടെ കള്ളി വെളിച്ചത്താക്കി എന്നാണ് പലരും പ്രതികരിക്കുന്നത്.