ഭക്ഷണം കഴിച്ചാൽ എഴുന്നേറ്റ് പോണം, അധികനേരം ഇരുന്നാൽ 1000 രൂപ നൽകേണ്ടി വരും, റെസ്റ്റോറന്റിൽ നോട്ടീസ്

Published : Jan 27, 2026, 12:51 PM IST
Viral notice

Synopsis

ഭക്ഷണം കഴിച്ച ശേഷം അധികനേരം ഇരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റ്. ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന മീറ്റിംഗുകൾക്ക് 1000 രൂപ ഈടാക്കുമെന്ന് കാണിക്കുന്ന നോട്ടീസാണ് പതിച്ചിരിക്കുന്നത്. 

കോഫിയോ ചായയോ ഒക്കെ കുടിച്ച്, അല്ലെങ്കിൽ ഭക്ഷണം കഴിച്ച് എത്ര നേരം വേണമെങ്കിലും ഇരുന്ന് സംസാരിക്കാൻ സാധിക്കുന്ന ചില റെസ്റ്റോറന്റുകളുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇതത്ര നടപടിയാകില്ല. അതുപോലെ, ബെം​ഗളൂരുവിൽ നിന്നുള്ള ഒരു റെസ്റ്റോറന്റ് പറയുന്നത് ഭക്ഷണം കഴിച്ചാൽ ഇരുന്ന് സംസാരിക്കാതെ എഴുന്നേറ്റ് പോകണം എന്നാണ്. ഇല്ലെങ്കിൽ അവർ അങ്ങനെ ഇരിക്കുന്ന കസ്റ്റമറോട് അധികം പണം ഈടാക്കുമത്രെ. ഇത് കാണിച്ചുകൊണ്ടുള്ള ഒരു നോട്ടീസും അവർ തങ്ങളുടെ കടയിൽ പതിച്ചിട്ടുണ്ട്. ഷോഭിത് ബക്ലിവാൾ എന്ന യൂസറാണ് ഭക്ഷണശാലയുടെ ചുമരിൽ ഒട്ടിച്ചിരിക്കുന്ന ഒരു നോട്ടീസിന്റെ ചിത്രം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്.

'മീറ്റിംഗുകൾ അനുവദനീയമല്ല. ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന മീറ്റിംഗുകൾക്ക് മണിക്കൂറിന് 1000 രൂപ ഈടാക്കും' എന്നായിരുന്നു നോട്ടീസിൽ എഴുതിയിരുന്നത്. 'ബെം​ഗളൂരുവിലെ ഒരു ഭക്ഷണശാലയിൽ പതിച്ചിരിക്കുന്നത്' എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബെം​ഗളൂരുവിൽ മിക്കവാറും മീറ്റിം​ഗുകളും കൂടിച്ചേരലുകളും സൗഹൃദസംഭാഷണങ്ങളും എല്ലാം ഇത്തരം റെസ്റ്റോറന്റുകളും കോഫീഷോപ്പുകളും ഒക്കെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. എന്തിനേറെ പറയുന്നു, റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ വരെയും ഇങ്ങനെ നടക്കാറുണ്ട്. അതുകൊണ്ടാവണം ഇങ്ങനെയൊരു നോട്ടീസ് പതിച്ചിട്ടുണ്ടാവുക.

 

 

എന്തായാലും, നോട്ടീസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'എന്തായാലും, അവർ പറയാനുള്ള കാര്യം വ്യക്തമായി പറഞ്ഞല്ലോ, പരോക്ഷമായി പ്രകടിപ്പിക്കാൻ നിൽക്കാതെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ചിലർ പറഞ്ഞത്, 'നോട്ടീസ് കണ്ടപ്പോൾ ചിരി വന്നു' എന്നാണ്. പല റെസ്റ്റോറന്റുകളിലും ആളുകൾ ഇങ്ങനെ ഇരുന്ന് സംസാരിക്കാറുണ്ട് അതാവും നോട്ടീസ് പതിച്ചത് എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

അവധി ആഘോഷം ദുഃസ്വപ്നമായി, 40 മണിക്കൂർ കനത്ത മഞ്ഞിൽ പെരുവഴിയിൽ, ഭക്ഷണമോ വെള്ളമോ ശുചിമുറിയോ ഇല്ല
മുടി കൊഴിഞ്ഞത് ചർമ്മരോ​ഗത്തെ തുടർന്ന്, 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭർത്താവ്, ആകെ തകർന്ന് ഭാര്യ