
മേരിലാൻഡിലെ ഒരു ഡേ കെയർ ഉടമ തന്റെ ഭർത്താവിന് നേരെ വെടിവെച്ചു. ഡേകെയറിലെ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സ്ത്രീ ഭർത്താവിന് നേരെ തോക്കെടുത്തത്. ഇരുവരും കൂടി മന്ദാരിൻ ഓറിയന്റൽ ഹോട്ടലിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ വച്ചാണ് സംഭവം നടന്നത്.
ഷാന്‍റേരി വീംസ് (Shanteari Weems) എന്ന 50 -കാരിയാണ് ഭർത്താവ് ജെയിംസ് വീംസി(James Weems)നെ വെടിവച്ചത്. ഇയാൾ ഒരു മുൻ പൊലീസുകാരൻ കൂടിയാണ്. ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കവെ വീംസിന് ഡേകെയറിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ഫോൺ വരികയായിരുന്നു. ജെയിംസ് കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു അവരെല്ലാം അറിയിച്ചത്. ഇയാൾക്കെതിരെ കുട്ടികളെ ഉപദ്രവിച്ചതിനും അശ്ലീലപെരുമാറ്റം കാഴ്ച വച്ചതിനും കേസുണ്ട്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് ജൂലൈ 21 -ന് രാത്രി 7.40 -ഓടെ ഹോട്ടലിലെ 853 -ാം മുറിയിൽ ഫയർ അലാറം മുഴങ്ങി. സ്റ്റാഫ് മുറിയിലെത്തിയതിന് പിന്നാലെ ചുമരിൽ രക്തം കണ്ടു. ഉടനെ സ്റ്റാഫിലൊരാൾ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് പുറത്തെത്തി വീംസിനോട് വാതിൽ തുറക്കാൻ പറഞ്ഞു എങ്കിലും അവർ സമ്മതിച്ചില്ല. വാതിൽ തുറന്ന് അകത്ത് കയറിയാൽ താൻ സ്വയം വെടിവെച്ച് മരിക്കും എന്ന് അവർ ഭീഷണിപ്പെടുത്തി. അയാൾ കുട്ടികളെ പീഡിപ്പിക്കുന്ന ഒരാളാണ് എന്ന് ഭർത്താവിനെ കുറിച്ച് അവർ അലറിവിളിച്ച് പറയുന്നുണ്ടായിരുന്നു.
ആ സമയത്ത് ഭർത്താവ് അവൾ തന്റെ കാലിനും നെറ്റിയിലും വെടിവെച്ചു എന്ന് പൊലീസിനോട് വിളിച്ചു പറഞ്ഞു. മിണ്ടിയാൽ കൊന്നുകളയും എന്ന് അപ്പോഴെല്ലാം വീംസ് ഭർത്താവിനോട് പറയുന്നുണ്ടായിരുന്നു. ഒടുവിൽ പൊലീസെത്തി അയാളുടെ ജീവൻ രക്ഷിച്ചു. ഭർത്താവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അയാൾ തനിക്കെതിരെ തിരിഞ്ഞു. അതുകൊണ്ടാണ് താൻ പേഴ്സിൽ നിന്നും തോക്ക് എടുത്ത് അയാളെ വെടിവച്ചത് എന്നും വീംസ് പറഞ്ഞു.
വീംസിന് ഡേകെയറിലെ കുട്ടികളോട് വലിയ സ്നേഹവും കരുതലുമായിരുന്നു എന്ന് പറയപ്പെടുന്നു. അവർ എഴുതിയ ഒരു കത്തിൽ ആ കുട്ടികൾക്ക് നീതി കിട്ടണം അതുകൊണ്ട് താൻ തന്റെ ഭർത്താവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ട്. ഏതായാലും ഭർത്താവിനെ വെടിവെച്ച കേസിൽ അവരെ വെറുതെ വിടണം എന്ന് ആക്ടിവിസ്റ്റുകളടക്കം ഒരുപാട് പേർ ആവശ്യപ്പെടുന്നുണ്ട്.