
മറ്റുള്ളവർക്ക് കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുന്ന പല കാര്യങ്ങളും ജീവിതത്തിൽ ചെയ്യുന്ന ആളുകളുണ്ട്. അമേരിക്കയിൽ ഉള്ള ലിയ പാർക്കറും അങ്ങനെ ഒരാളാണ്. കാരണം മറ്റൊന്നുമല്ല. ലിയയ്‍ക്ക് ഇഷ്ടം പട്ടിക്കൂട്ടിൽ കിടക്കാൻ ആണ്. തന്റെ വീട്ടിലെ വലിയ കട്ടിലിനേക്കാളും തനിക്ക് സമാധാനം ഈ പട്ടിക്കൂട്ടിൽ കിടക്കുന്നതാണ് എന്നാണ് ലിയ പറയുന്നത്.
വളരെ കുട്ടിക്കാലം മുതൽ തന്നെ ഇങ്ങനെ ഒരു ശീലം ലിയക്ക് ഉണ്ട്. അതിന് കാരണമായി അവൾ പറയുന്നത് തന്റെ കുട്ടിക്കാലം വളരെ മോശം അനുഭവങ്ങൾ നിറഞ്ഞതായിരുന്നു. അന്ന് അൽപം സമാധാനത്തോടെ ഉറങ്ങുന്നതിന് വേണ്ടി താൻ ഇതുപോലെ ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴും തനിക്ക് സമാധാനം തരാൻ ഈ ശീലത്തിന് സാധിക്കുന്നു എന്നാണ്. കുട്ടിക്കാലത്ത് താൻ വാർഡ്രോബിലും മറ്റുമായിരുന്നു ഇതുപോലെ സമാധാനത്തിന് വേണ്ടി ഉറങ്ങിയിരുന്നത് എന്നും അവൾ പറയുന്നു.
ഇപ്പോഴും സുരക്ഷിതമായി ഉറങ്ങാൻ ഒരിടം വേണം എന്ന് തോന്നുമ്പോൾ താൻ ഈ കൂട്ടിലാണ് ഉറങ്ങാറുള്ളത് എന്നാണ് ലിയ പറയുന്നത്. 21 വയസായ ലിയ ഒരു കണ്ടന്റ് ക്രിയേറ്ററാണ്. എന്നാൽ, വ്യത്യസ്തമായ ഈ ശീലം കൊണ്ട് തന്നെ നിരവധിപ്പേരാണ് ഇവളെ നിരന്തരം കളിയാക്കുന്നത്. ലിയയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഈ ശീലം സഹായിക്കാറുണ്ട് എങ്കിലും അതൊന്നും മറ്റുള്ളവർക്ക് മനസിലാകില്ല എന്നാണ് ലിയ പറയുന്നത്.
തന്നെ നിരന്തരം കളിയാക്കുന്നവർക്ക് തന്റെ അവസ്ഥ മനസിലാകുന്നില്ല. തങ്ങൾക്ക് മനസിലാവാത്ത കാര്യങ്ങൾ ചെയ്യുന്നവരെ കളിയാക്കുക, വിമർശിക്കുക എന്നത് ആളുകളുടെ സ്വഭാവമാണ്. ചില ആളുകൾ പറയുന്നത് തനിക്ക് എന്തോ ലൈംഗിക താല്പര്യം ഉള്ളത് കൊണ്ടാണ് താൻ പട്ടിക്കൂട്ടിൽ കിടക്കുന്നത് എന്നാണ്. എന്തൊരു ക്രൂരതയാണ് ഇത്തരം കമന്റുകൾ പറയുന്നവർ കാണിക്കുന്നത് എന്നും ലിയ ചോദിക്കുന്നു.
ഏതായാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ ചെറിയ കൂട്ടിൽ തനിക്ക് സുരക്ഷിതത്വവും സമാധാനവും ലഭിക്കുന്നു എന്നും അവൾ പറഞ്ഞു.