
തൻ്റെ കോളേജ് പഠനത്തിനായി നീക്കിവെച്ചിരുന്ന പണം എടുത്ത് മകന്റെ ആഡംബര വിവാഹം നടത്തിയ മാതാപിതാക്കൾക്കെതിരെ പരാതിയുമായി മകൾ രംഗത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലൂടെയാണ് കഴിഞ്ഞദിവസം ഒരു യുവതി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ചത്. തന്നോട് ഇത്തരത്തിൽ വിവേചന പൂർവം പെരുമാറിയ മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്തതായും യുവതി പറഞ്ഞു.
@Accomplished_Bar5656 എന്ന റെഡ്ഡിറ്റ് ഉപയോക്താവായ യുവതിയാണ് മാതാപിതാക്കൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് യാതൊരു വിധത്തിലുള്ള പ്രാധാന്യവും കൽപ്പിക്കാത്ത ഒരു കുടുംബ സംസ്കാരത്തിലാണ് നിർഭാഗ്യവശാൽ താൻ കഴിയുന്നതെന്നും അതുകൊണ്ടുതന്നെയാണ് തൻറെ വിദ്യാഭ്യാസ ചിലവിനായി നീക്കിവെച്ചിരുന്ന പണം മകൻറെ ആഡംബര വിവാഹം നടത്താനായി മാതാപിതാക്കൾ ചെലവഴിച്ചത് എന്നുമാണ് ഈ യുവതി പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ തന്നെ ഒരു മുതിർന്ന ബന്ധുവാണ് തന്റെയും സഹോദരിയുടെയും പഠന ചെലവിനായി പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. എന്നാൽ ആ പണം തന്റെയോ സഹോദരിയുടെയോ അറിവോ സമ്മതമോ ഇല്ലാതെ മാതാപിതാക്കൾ എടുക്കുകയായിരുന്നു.
തങ്ങളുടെ വിദ്യാഭ്യാസ ചെലവിനായി പണം തന്ന് സഹായിച്ച കുടുംബത്തിലെ ഒരു മുതിർന്ന അംഗം കൂടിയായിരുന്ന ആൻറി ലണ്ടനിൽ നിന്നും വിദ്യാഭ്യാസം നേടി നല്ല രീതിയിലുള്ള ജീവിതമായിരുന്നു നയിച്ചു പോന്നിരുന്നത് എന്നും വിവാഹശേഷം അവർ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ കുറിപ്പിൽ യുവതി പറയുന്നത്. ഇവർ ഇപ്പോൾ ജീവനോടെ ഇല്ല എന്നും മരിക്കുന്നതിനു മുൻപ് തൻറെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കുടുംബത്തിലെ മുഴുവൻ പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ഇത്തരത്തിൽ തനിക്കും തന്റെ സഹോദരിക്കുമായി നൽകിയ പണമാണ് മാതാപിതാക്കൾ ഇപ്പോൾ ഉപയോഗിച്ചത് എന്നാണ് യുവതിയുടെ പരാതി.
സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്കാണ് യുവതിയുടെ ഈ പോസ്റ്റ് വഴി തുറന്നത്. നിരവധി പേരാണ് കമന്റുകളിലൂടെ യുവതിക്ക് പിന്തുണ അറിയിച്ചത്. പോരാട്ടം തുടരണമെന്നും വിദ്യാഭ്യാസം നേടിയെടുക്കുക തന്നെ വേണം എന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ഇപ്പോഴും ഇത്തരത്തിലുള്ള വിവേചനപരമായ ചിന്തകൾ സമൂഹത്തിൽ നിലനിൽക്കുന്നത് മാനവരാശിക്ക് തന്നെ മാനക്കേടാണ് എന്നാണ് ഒരാൾ കുറിച്ചത്. പ്രശ്നം വലിയ ചർച്ചയായതോടെ പെൺകുട്ടിയുടെ സഹോദരൻ പണം തിരികെ നൽകാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും തൻറെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമപരമായ ഒരു ഉറപ്പ് ലഭിക്കാത്തതിനാൽ അത് നിരസിച്ചു എന്നുമാണ് പെൺകുട്ടി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിയമപരമായി തന്നെ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകാനാണ് പെൺകുട്ടിയുടെ തീരുമാനം.