
നടുവേദന ശമിക്കുമെന്ന് വിശ്വസിച്ച് ജീവനുള്ള എട്ട് കുഞ്ഞൻ തവളകളെ വിഴുങ്ങിയ 82 -കാരി ആശുപത്രിയിൽ. സംഭവം നടന്നത് ചൈനയിലാണ്. ഷാങ് എന്ന സ്ത്രീയാണ് താൻ നേരത്തെ കേട്ടിട്ടുള്ള നാടൻകഥകളെയൊക്കെ വിശ്വസിച്ച് തവളകളെ കഴിച്ചത്. തവളകളെ കഴിക്കുന്നത് ഹെർണിയേറ്റഡ് ഡിസ്കിൽ നിന്നുള്ള വേദന ഒഴിവാക്കാൻ സഹായിക്കുമെന്ന് ഇവർ വിശ്വസിച്ചിരുന്നതായും സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു. ഇങ്ങനെ ചെയ്താൽ ഉറപ്പായും നടുവേദന മാറും എന്ന് വിശ്വസിച്ച ഷാങ് തന്റെ വീട്ടുകാരോട് തന്നെയാണ് തവളകളെ പിടികൂടി കൊടുക്കാൻ പറഞ്ഞത്. എന്നാൽ, എന്തിനാണ് തവളകൾ എന്ന് പറഞ്ഞില്ല. അതിനാൽ തന്നെ വീട്ടുകാർ തവളകളെ പിടികൂടി കൊടുക്കുകയും ചെയ്തു.
കൈപ്പത്തിയേക്കാൾ വലിപ്പം കുറഞ്ഞ എട്ട് തവളകളെയാണ് വീട്ടുകാർ ഷാങ്ങിന് പിടികൂടി കൊണ്ടുകൊടുത്തത്. ആ ദിവസം തന്നെ മൂന്നെണ്ണത്തിന് ഷാങ് അകത്താക്കി. പിറ്റേദിവസം ബാക്കി അഞ്ചെണ്ണത്തിനെ കൂടി അകത്താക്കി. അധികം വൈകാതെ അവർക്ക് അടിവയറ്റിൽ വേദന അനുഭവപ്പെട്ട് തുടങ്ങി. വിവരമറിഞ്ഞ മകൻ ഉടനെ തന്നെ അവരുമായി ആശുപത്രിയിലെത്തി. അവിടെ വച്ച് മകൻ തന്നെയാണ് ഡോക്ടറോട് അമ്മ എട്ട് തവളകളെ ജീവനോടെ വിഴുങ്ങിയെന്നും അതികഠിനമായ വേദന കാരണം അമ്മയ്ക്ക് ഇപ്പോൾ നടക്കാൻ കഴിയുന്നില്ല എന്നുമുള്ള വിവരം പറഞ്ഞത്.
ഹാങ്‌ഷൗവിലെ ഒരു ആശുപത്രിയിലാണ് ഷാങ്ങിനെ പ്രവേശിപ്പിച്ചത്. ജീവനുള്ള തവളകളെ വിഴുങ്ങിയതിനെത്തുടർന്ന് അവരുടെ ദഹനവ്യവസ്ഥ തകരാറിലായെന്നും, അവ ഷാങ്ങിന്റെ ശരീരത്തിൽ അണുബാധയുണ്ടാക്കി എന്നും ഡോക്ടർമാർ പറഞ്ഞു. അതിനെ തുടർന്നാണ് അവർക്ക് കഠിനമായ വേദനയും നടക്കാൻ പ്രയാസവും അനുഭവപ്പെട്ടത്. എന്തായാലും ഡോക്ടർമാർ അവരെ ചികിത്സിച്ച് സുഖപ്പെടുത്തി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് അവർ ആശുപത്രി വിട്ടത്.