
33 -കാരിയായ കണ്ടന്റ് ക്രിയേറ്ററാണ് മിഷേൽ സ്കൈ ഹേവാർഡ്. നേരത്തെ ഒരു പ്രൊഫഷണൽ കൈറ്റ്സർഫറും കൂടിയായിരുന്നു മിഷേൽ. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലാണ് മിഷേലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കേപ് ടൗണിലെ ഒരു പ്രശസ്തമായ ബീച്ചിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. കടലിൽ നീന്തവേ അറിയാതെ മലിനജലം കലർന്ന വേള്ളത്തിൽ മുങ്ങേണ്ടി വന്നതിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.
പതിവായി രാവിലെ മിഷേൽ കടലിൽ നീന്താനായി പോകാറുണ്ട്. അതുപോലെ പോയതാണ് അന്നും. എന്നാൽ, കടൽ അന്ന് പതിവിലും കൂടുതൽ കലങ്ങിയാണിരുന്നത്. പോരാത്തതിന് ഭയങ്കര നുരയും. ആദ്യം ഒന്ന് സംശയിച്ചുവെങ്കിലും കടലിൽ ഇറങ്ങാനും നീന്താനും തന്നെയായിരുന്നു മിഷേലിന്റെ തീരുമാനം.
വീഡിയോയിൽ മിഷേൽ വെള്ളത്തിൽ സന്തോഷത്തോടെ ഇറങ്ങുന്നതും ആസ്വദിക്കുന്നതും ചിരിക്കുന്നതും ഒക്കെ കാണാം. എന്നാൽ, പെട്ടെന്നാണ് എല്ലാം മാറിയത് പൊടുന്നനെ അവിടെ വലിയ പത പ്രത്യക്ഷപ്പെടുകയായിരുന്നു. അതിൽ ആകെ മുങ്ങിപ്പോവുകയാണ് മിഷേൽ. മിഷേൽ കടലിലെ സ്വാഭാവികമായിട്ടുള്ള പതയാണ് എന്ന് കരുതി ഇറങ്ങിയത് മലിനജലം കൂടിക്കലർന്ന വെള്ളത്തിലേക്കാണ് എന്നാണ് പോസ്റ്റിൽ നിന്നും മനസിലാവുന്നത്.
വളരെ പെട്ടെന്നാണ് മിഷേൽ ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം അവൾക്ക് പറ്റിയ അബദ്ധമോർത്ത് ചിരിക്കുകയായിരുന്നു. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് കടലിലും ഇതുപോലെ ചില സമയത്ത് പത പ്രത്യക്ഷപ്പെടാറുണ്ട്, അത് മലിനജലത്തിൽ നിന്നുള്ളതാവണം എന്നില്ല എന്നാണ്.
ഒരു യൂസർ പറഞ്ഞത്, താൻ മറ്റൊരു ബീച്ചിൽ ഇറങ്ങിയപ്പോൾ ഇതുപോലെ പതയുണ്ടായി എന്നാണ്. കനത്ത മഴയോ മറ്റോ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് കടലിലിറങ്ങുമ്പോൾ ഇത്തരത്തിലുള്ള പത രൂപപ്പെടുന്നത് കാണാറുണ്ട് എന്നും പലരും അഭിപ്രായപ്പെട്ടു.