കാന്‍സര്‍ മറികടക്കാന്‍ സഹായിച്ചത് പൂച്ചക്കുട്ടികള്‍, അസാധാരണമായ അതിജീവനകഥ!

Published : Dec 12, 2022, 07:41 PM ISTUpdated : Dec 13, 2022, 11:39 AM IST
കാന്‍സര്‍ മറികടക്കാന്‍ സഹായിച്ചത് പൂച്ചക്കുട്ടികള്‍, അസാധാരണമായ അതിജീവനകഥ!

Synopsis

രോഗാവസ്ഥയില്‍ പലപ്പോഴും തന്റെ ശരീരത്തിന്റെ രൂപം തന്നെ മാറിയെന്നും പക്ഷേ അപ്പോഴൊന്നും പൂച്ചക്കുട്ടികള്‍ തന്നില്‍ നിന്നും അകന്നു നിന്നില്ലെന്നും സിന്‍ഡി തന്റെ പൂച്ചകളെക്കുറിച്ച് വാചാലയാകുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് നമ്മളില്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ വലിയ സ്ഥാനം ഉണ്ടായിരിക്കും. അവയുടെ സ്‌നേഹവും കരുതലും ഒരുതവണ അനുഭവിച്ചവര്‍ക്ക് അതൊരിക്കലും മറക്കാന്‍ സാധിക്കില്ല. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിരവധി പേര്‍ക്ക് ആശ്രയവും സന്തോഷവും ഒക്കെയാണ് അവരുടെ വളര്‍ത്തു മൃഗങ്ങള്‍ . അവയുമായുള്ള സഹവാസത്തിലൂടെ വളരെയധികം പോസിറ്റീവ് എനര്‍ജി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ തന്റെ വളര്‍ത്തു പൂച്ചകളുടെ സഹായത്തോടെ സ്തനാര്‍ബുദത്തെ
അതിജീവിച്ചിരിക്കുകയാണ് ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു സ്ത്രീ .

2021 മാര്‍ച്ചില്‍ ആണ് സിന്‍ഡി ചെങ്ങ് എന്ന ഇംഗ്ലീഷ് അധ്യാപികയ്ക്ക് സ്റ്റേജ് 2 ബി സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയത്. താന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന വാര്‍ത്ത അവളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ക്രമേണ വിഷാദരോഗത്തിലേക്കും അവള്‍ വഴുതി വീണു. ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ ആയിരുന്നു അവളുടെ മനസ്സ് മുഴുവന്‍ . ഇതിനിടയില്‍ കീമോതെറാപ്പി, സ്തനത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ, ടാര്‍ഗറ്റഡ് തെറാപ്പി എന്നിങ്ങനെ രോഗം ഭേദമാകുന്നതിനുള്ള ചികിത്സകള്‍ എല്ലാം അവള്‍ക്ക് നല്‍കി. പക്ഷേ അപ്പോഴൊക്കെയും അവളുടെ മനസ്സു മുഴുവന്‍ ആശങ്കകള്‍ ആയിരുന്നു. ഒരിക്കലും തന്റെ രോഗം ഭേദം ആകില്ല എന്നാണ് ഈ സമയങ്ങളില്‍ ഒക്കെയും അവള്‍ കരുതിയിരുന്നത്.

എന്നാല്‍ ഈ കാലങ്ങളിലൊക്കെയും തന്റെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഏറെ പിന്തുണ ലഭിച്ചിരുന്നെങ്കിലും മനസ്സിനെ ശാന്തമാക്കിയതും പോസിറ്റീവ് ആയി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും തന്റെ നാല് വളര്‍ത്തു പൂച്ചകള്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. യെങ് യെങ്, ചാ ചാ, സണ്‍ സണ്‍, ഗേ ഓണ്‍, എന്നിങ്ങനെയാണ് ഇവരുടെ നാല് പൂച്ചക്കുട്ടികളുടെ പേര്. ഇവരില്‍ യെങ് യെങ് അടുത്തിടെ മരിച്ചുപോയി. പക്ഷേ ഇപ്പോഴും തന്റെ രോഗാവസ്ഥയില്‍ ഇവര്‍ തനിക്കു നല്‍കിയ ആശ്വാസം വിസ്മരിക്കാന്‍ ആകില്ല എന്നാണ് ഈ യുവതി പറയുന്നത്.

അതി തീവ്രമായ വേദനയിലൂടെ  കടന്നു പോകുമ്പോഴും പൂച്ചക്കുട്ടികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് തന്റെ ഞരമ്പുകളെ ശാന്തമാക്കുകയും  സമ്മര്‍ദ്ദം കുറയ്ക്കുകയും  ശാരീരിക വേദന ലഘൂകരിക്കുകയും ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്. രോഗാവസ്ഥയില്‍ പലപ്പോഴും തന്റെ ശരീരത്തിന്റെ രൂപം തന്നെ മാറിയെന്നും പക്ഷേ അപ്പോഴൊന്നും പൂച്ചക്കുട്ടികള്‍ തന്നില്‍ നിന്നും അകന്നു നിന്നില്ലെന്നും സിന്‍ഡി തന്റെ പൂച്ചകളെക്കുറിച്ച് വാചാലയാകുന്നു. അതുകൊണ്ടുതന്നെ തന്റെ രോഗമുക്തിയില്‍ മാനസികമായി തന്നെ ഏറെ ശക്തിപ്പെടുത്തിയത് പൂച്ചക്കുട്ടികള്‍ ആണെന്നാണ് ഇവര്‍ പറയുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!