Latest Videos

നിങ്ങളിത് വിശ്വസിക്കുമോ? 69 കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീ, ലോകത്തിന് തന്നെ അത്ഭുതമായ വാലൻ്റീന വാസിലിയേവ്

By Web TeamFirst Published May 1, 2024, 12:41 PM IST
Highlights

അതിശയകരമായ മറ്റൊരു കാര്യം ഫെഡോർ വാസിലിയേവ് പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവർ എട്ട് തവണ ​ഗർഭിണിയാവുകയും 18 കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തുവത്രെ.

കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മാനസികവും ശാരീരികവും സാമ്പത്തികവുമായി നല്ല തയ്യാറെടുപ്പുകൾ തന്നെ അതിനു വേണം. പണ്ട് ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്ന സ്ത്രീകളൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഒന്നോ രണ്ടോ കുട്ടികൾ മതി എന്നാണ് മിക്കവാറും ആളുകൾ തീരുമാനിക്കുന്നത്. കുട്ടികളേ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികളും ഇന്ന് ഒരുപാടുണ്ട്. അതിന് അവർക്ക് കൃത്യമായി കാരണവും കാണും. എന്തായാലും കുട്ടികൾ വേണോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെയും സ്വന്തം തീരുമാനം ആണല്ലേ?

അതേസമയം ഇവിടെ പറയാൻ പോകുന്നത് അല്പം കൗതുകം തോന്നുന്ന ഒരു കാര്യമാണ്. റഷ്യയിൽ നിന്നുള്ള 69 കുട്ടികളെ പ്രസവിച്ച ഒരു സ്ത്രീയെ കുറിച്ചാണത്. 1725 -നും 1765 -നും ഇടയിലായിട്ടാണ് അവർ ഇത്രയധികം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. വാലൻ്റീന വാസിലിയേവ് എന്നാണ് സ്ത്രീയുടെ പേര്. 

മോസ്കോയിലെ ഒരു പ്രാദേശിക ആശ്രമം സർക്കാരിന് നൽകിയ റിപ്പോർട്ട് അനുസരിച്ച്, കർഷകനായ ഫിയോഡോർ വാസിലിയേവിൻ്റെ ഭാര്യയായ വാലന്റീന വാസിലിയേവ് ജന്മം നൽകിയവരിൽ 16 ജോഡി ഇരട്ടകളായിരുന്നു. ഏഴ് തവണ മൂന്ന് കുട്ടികൾക്ക് വച്ചാണ് അവർ ജന്മം നൽകിയത്. നാല് തവണ നാല് കുട്ടികൾക്ക് വച്ചും അവർ ജന്മം നൽകി. അങ്ങനെ 27 തവണയാണ് അവർ പ്രസവിച്ചത്. അങ്ങനെ മൊത്തം 69 കുട്ടികൾ ഇവർക്ക് ജനിച്ചു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 

ഏറ്റവുമധികം കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീ എന്ന നിലയിൽ ​ഗിന്നസ് ലോക റെക്കോർഡിലും ഇവർ ഇടം പിടിച്ചു. അതിശയകരമായ മറ്റൊരു കാര്യം ഫെഡോർ വാസിലിയേവ് പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവർ എട്ട് തവണ ​ഗർഭിണിയാവുകയും 18 കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തുവത്രെ. വാസിലിയേവിൻ്റെ രണ്ട് ഭാര്യമാർക്കും കൂടി ജനിച്ച 87 കുട്ടികളിൽ 84 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കിയുള്ള 7 കുട്ടികളും ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!