
വാഹനാപകടത്തിൽ തന്‍റെ കൈകാലുകൾ നഷ്ടപ്പെട്ടെങ്കിലും തളരാതെ പോരാടി, ഇന്ന് തന്നെപ്പോലെയുള്ള നിരവധി ഭിന്നശേഷിക്കാർക്ക് തണലാവുകയാണ് ഒരു ചൈനീസ് യുവതി. ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള വാങ്ങ് സിൻയി എന്ന യുവതിയാണ് ഇത്തരത്തിൽ ലോകത്തിന് മാതൃകയാവുന്നത്. 2020-ലെ ഒരു അപകടത്തിന് ശേഷം ജീവിതം പൂർണ്ണമായും മാറിമറിഞ്ഞ ഒരു ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് വാങ് സിൻയി. സുഹൃത്ത് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടാണ് വാങ്ങിന് തന്‍റെ ഇടത് കൈയും ഇടത് കാലും നഷ്ടമായത്. അപകടത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അവർക്ക് മൂന്ന് തവണ ഹൃദയാഘാതം സംഭവിക്കുകയും ജീവൻ രക്ഷിക്കാനായി 14 ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിയും വന്നു.
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഈ ഘട്ടത്തിൽ കാമുകൻ അവരെ ഉപേക്ഷിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സുഹൃത്താകട്ടെ ചികിത്സാ ചെലവുകൾ നൽകുന്നത് അവസാനിപ്പിച്ചു. തന്‍റെ പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വാങിന് ഏകദേശം ഒരു വർഷമെടുത്തു. ഇതിനെ ഒരു പുതിയ തുടക്കമായി കണ്ട അവർ 'യൂ' എന്ന പേര് സ്വീകരിച്ചു. തന്‍റെ വൈകല്യങ്ങൾക്കിടയിലും, താൻ മുൻപത്തെപ്പോലെ തന്നെ കരുത്തുള്ളവളും പോസിറ്റീവ് മനോഭാവമുള്ളവളുമാണെന്ന് തെളിയിക്കാൻ അവർ കഠിനാധ്വാനം ചെയ്തു.
2022-ൽ വാങ് ഒരു യോഗ വസ്ത്ര ബിസിനസ്സ് ആരംഭിക്കുകയും ആ വസ്ത്രങ്ങൾക്കായി സ്വയം മോഡലാവുകയും ചെയ്തു. കഴിഞ്ഞ വർഷം, തന്‍റെ ജന്മനാടായ ഗുവാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തിന് സമീപമുള്ള ഗുവാങ്‌ഡോംഗ് പ്രവിശ്യയിൽ അവർ ഒരു ഷൂ ക്ലീനിംഗ് ഫാക്ടറി ആരംഭിച്ചു. യോഗ വസ്ത്രങ്ങളുടെ ബിസിനസ്സിലും ഷൂ ക്ലീനിംഗ് ഫാക്ടറിയിലും അവർ ഒരുപോലെ വിജയം കണ്ടെത്തി. ശാരീരിക പരിമിതികൾ തന്‍റെ ലക്ഷ്യങ്ങൾക്ക് തടസ്സമല്ലെന്ന് അവർ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. ഈ ഫാക്ടറിയിൽ അവർ 10 പേർക്ക് ജോലി നൽകുന്നു. ഇതിൽ അഞ്ചുപേർ ഭിന്നശേഷിക്കാരാണ്. ഓരോരുത്തരുടെയും ശാരീരിക ശേഷിക്കനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളാണ് അവർക്ക് നൽകിയിരിക്കുന്നതും.
വൈകല്യങ്ങൾ ഒരു വ്യക്തിയുടെ പരിമിതിയല്ല, മറിച്ച് അവരുടെ സവിശേഷമായ കഴിവുകളെ എടുത്തുകാണിക്കുന്ന ഒന്നാണെന്ന് വാങ് വിശ്വസിക്കുന്നു. ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക കഴിവുകളുണ്ടെന്നും അവർക്ക് വേണ്ടത് ശരിയായ അവസരങ്ങൾ മാത്രമാണെന്നും അവർ പറയുന്നു. അവരുടെ ഫാക്ടറിയിൽ പ്രതിദിനം 700 മുതൽ 800 ജോഡി ഷൂസുകൾ വരെ വൃത്തിയാക്കുന്നുണ്ട്. ഇതിലൂടെ പ്രതിമാസം ഏകദേശം 3,00,000 യുവാൻ വരുമാനവും ലഭിക്കുന്നു. 'നാനിംഗ് അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സർവീസസ് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ്' ഈ സംരംഭത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. കൂടാതെ, ഫെഡറേഷൻ ഓഫ് പീപ്പിൾ വിത്ത് ഡിസബിലിറ്റീസിന്‍റെ പബ്ലിക് റെപ്രസന്‍റ്റേറ്റീവായും സന്നദ്ധസേവനം നടത്തുന്ന വാങ്, തന്‍റെ പോസിറ്റീവ് മനോഭാവത്തിലൂടെ മറ്റുള്ളവർക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ഇവർക്ക് ഏകദേശം 5,00,000 ഫോളോവേഴ്‌സുണ്ട്. ഭിന്നശേഷിക്കാർ നടത്തുന്ന ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ദരിദ്രരെ സഹായിക്കുന്നതിനായി പണം സമാഹരിക്കുന്നതിനുമാണ് അവർ ഈ ജനപ്രീതി ഉപയോഗിക്കുന്നത്.