ഓർഡർ ചെയ്തത് മരുന്ന്, പാക്കറ്റ് തുറന്നുനോക്കിയപ്പോൾ ഞെട്ടി യുവതി, അകത്ത് മനുഷ്യന്റെ കൈകളും വിരലുകളും

Published : Nov 05, 2025, 01:46 PM IST
package

Synopsis

അപ്രതീക്ഷിതമായി മനുഷ്യ ശരീര ഭാഗങ്ങൾ കണ്ട യുവതി ഭയന്നു പോയെങ്കിലും പിന്നീട് ശാന്തത പാലിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കെന്റക്കിയിലെ ഹോപ്കിൻസ് വില്ലെയിൽ തൻറെ മരുന്ന് പ്രതീക്ഷിച്ചിരുന്ന ഒരു യുവതിക്ക് പകരം ലഭിച്ചത് മനുഷ്യശരീരഭാഗങ്ങളടങ്ങിയ പാക്കറ്റ്. ആവശ്യമായ മരുന്നുകൾ ഉണ്ടാകുമെന്ന് കരുതിയ കൊറിയറിൽ, ഉദ്ദേശിച്ച ഡെലിവറിക്ക് പകരം ഐസിട്ട് പാക്ക് ചെയ്ത മുറിച്ചെടുത്ത കൈകളും വിരലുകളും ആണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒക്ടോബർ 29 -നാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ യുവതിക്ക് കൊറിയർ വഴി രണ്ട് പെട്ടികൾ ലഭിച്ചത്. ഒരു പെട്ടി തുറന്നപ്പോൾ അതിൽ രണ്ട് കൈകളും നാല് വിരലുകളും കണ്ടതിനെത്തുടർന്ന് അവർ ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെട്ടു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കൊറിയർ പരിശോധിക്കുകയും അത് അഡ്രസ്സ് മാറിയെത്തിയതാണ് എന്ന് കണ്ടെത്തുകയും ആയിരുന്നു. സർജിക്കൽ പരിശീലനത്തിനായി മെഡിക്കൽ കേന്ദ്രത്തിലേക്ക് എത്തേണ്ടിയിരുന്ന കൊറിയർ ആണ് യുവതിക്ക് ലഭിച്ചത് എന്നാണ് ക്രിസ്ത്യൻ കൗണ്ടിയിലെ പ്രാദേശിക കോറോണർ സ്കോട്ട് ഡാനിയൽ പിന്നീട് സ്ഥിരീകരിച്ചത്.

അപ്രതീക്ഷിതമായി മനുഷ്യ ശരീര ഭാഗങ്ങൾ കണ്ട യുവതി ഭയന്നു പോയെങ്കിലും പിന്നീട് ശാന്തത പാലിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിക്കുണ്ടായ ബുദ്ധിമുട്ടിനെ ലഘുവായി കാണുന്നില്ലെന്നും എന്നാൽ ഇനി ഇതുമായി ബന്ധപ്പെട്ട യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും അവർക്ക് നേരിടേണ്ടി വരികയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹാലോവീന് രണ്ട് ദിവസം മുമ്പ് നടന്ന ഈ സംഭവം അതി വിചിത്രമായി തോന്നുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ശരീരഭാഗങ്ങൾ അടങ്ങിയ പെട്ടി പിടിച്ചെടുത്ത പൊലീസ് അത് മോർച്ചറിയിലേക്ക് മാറ്റി. ശരീരഭാഗങ്ങളുടെ യഥാർത്ഥ ഉറവിടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കോറോണർ ഡാനിയൽ അവ സർജിക്കൽ പരിശീലനത്തിനായി ഉദ്ദേശിച്ചുള്ളതാകാനാണ് സാധ്യതയെന്നും, ഒരുപക്ഷേ ദാനം ചെയ്ത മൃതദേഹങ്ങളിൽ നിന്ന് വന്നതാകാമെന്നും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള അപ്രതീക്ഷിത പാക്കറ്റ് ലഭിക്കുന്നവർ ആരും അത് കൈകാര്യം ചെയ്യുകയോ ഫ്രിഡ്ജിൽ വെക്കുകയോ ചെയ്യരുത് എന്നും പകരം 911-ൽ അല്ലെങ്കിൽ പ്രാദേശിക അധികാരികളെ വിളിക്കണമെന്നും സംഭവത്തിന്റെ വെളിച്ചത്തിൽ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്