
അഫ്ഗാനിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ ആക്ടിവിസ്റ്റുകള്‍ അപ്രത്യക്ഷരാവുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സ്ത്രീകളെയാണ് കാണാതാവുന്നത്. താലിബാന്‍ അര്‍ദ്ധ രാത്രിയില്‍ വീടുകളില്‍ വന്ന് ഇവരെ തട്ടിയെടുക്കുകയാണ് എന്നാണ് ആരോപണം. എന്നാല്‍, ഇക്കാര്യം താലിബാന്‍ നിഷേധിക്കുകയാണ്. അതിനിടെ, പകപോക്കലിനായി സ്ത്രീ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോവുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ താലിബാനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആറു പ്രമുഖ സ്ത്രീ ആക്ടിവിസ്റ്റുകളാണ് അപ്രത്യക്ഷരായത്. ഇന്നലെയാണ് അവസാനമായി ഒരു സ്ത്രീയെ കാണാതായത്. ഇവരെ വീട്ടില്‍നിന്നും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അവകാശം അനുവദിക്കണമന്ന് ആവശ്യപ്പെട്ട് കാബൂളില്‍ പ്രക്ഷോഭം നടത്തിയ കൂട്ടായ്മയിലെ മുന്‍നിര നേതാവായ മുര്‍സല്‍ അയാര്‍ എന്ന യുവതിയെയാണ് ഒടുവില്‍ കാണാതായത്. കാബൂളിലെ വീട്ടില്‍ അര്‍ദ്ധരാത്രി എത്തിയ താലിബാന്‍കാര്‍ ഇവരെ ബലംപ്രയോഗിച്ച് വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടു പോവുകയായിരുന്നു എന്ന് കുടുംബവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്തു തടവിലിട്ടിരിക്കുകയാണ് എന്ന ആരോപണം താലിബാന്‍ നിഷേധിച്ചു. തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നുമാണ് താലിബാന്‍ വൃത്തങ്ങള്‍ പറയുന്നത്. പക്ഷേ, ഇത് ശരിയല്ല എന്നാണ് സ്ത്രീ സംഘടനകള്‍ പറയുന്നത്. താലിബാന്‍ പകപോക്കല്‍ തുടരുകയാണെന്നും താല്‍പ്പര്യമില്ലാത്തവരെ വീട്ടില്‍ കയറിയുള്ള അറസ്റ്റ് താലിബാന്റെ പതിവു രീതിയാെണന്നും സ്ത്രീ സംഘടനകള്‍ പറയുന്നു.
ജനുവരി അവസാനം കാബൂളില്‍ സ്ത്രീകളുടെ മുന്‍കൈയില്‍ വലിയ പ്രകടനം നടന്നിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം പുന:സ്ഥാപിക്കുക, തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കുക, രാഷ്ട്രീയ അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്ത്രീ സംഘടനകളുടെ മുന്‍കൈയില്‍ പ്രകടനം നടന്നത്. ഇതില്‍ നേതൃപരമായ പങ്കുവഹിച്ചവരെയാണ് ഈയാഴ്ച കാണാതായത്. പര്‍വാന ഇബ്രാഹിം, തമന്ന പയാനി, അവരുടെ സഹോദരികളായ സര്‍മിന, ഷഫീഖ, കരീമ എന്നിവരെയാണ് ഈയാഴ്ച കാണാതായത്. ജനുവരി പത്തൊമ്പതിനാണ് പര്‍വാന ഇബ്രാഹിമിനെ കാണാതായത്. അതിനു പിന്നാലെ ഓരോരുത്തരെയായി കാണാതാവുകയായിരുന്നു.
തങ്ങളുടെ വീടുകളിലേക്ക് താലിബാന്‍കാര്‍ അതിക്രമിച്ചു കടക്കുന്നതായി, കാണാതാവുന്നതിന് തൊട്ടു മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തമന്ന പയാനി പറയുന്നുണ്ടായിരുന്നു. ''സഹായിക്കൂ, താലിബാന്‍ ഇതാ ഞങ്ങളുടെ വീടുകളിലേക്ക് എത്തിയിരിക്കുന്നു'-എന്നാണ് വീഡിയോയില്‍ തമന്ന ലോകത്തോട് അഭ്യര്‍ത്ഥിച്ചത്.
അതിനു തൊട്ടുപിന്നാലെ, യു എന്നിലെ താലിബാന്‍ അംബാസഡറാവുമെന്ന് കരുതുന്ന സുഹായ് ഷഹീന്‍ എന്ന താലിബാന്‍ നേതാവ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍, തമന്നക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിദേശരാജ്യങ്ങളില്‍ അഭയം കിട്ടുന്നതിനായി വ്യാജ വീഡിയോകള്‍ ഉണ്ടാക്കുകയാണ് തമന്ന എന്നായിരുന്നു ഇയാളുടെ വിമര്‍ശനം. അതു കഴിഞ്ഞ ദിവസങ്ങള്‍ക്കകമാണ് ഇവരെ കാണാതായത്.
സ്ത്രീ സംഘടനാ നേതാക്കളെ വീടുകളില്‍നിന്നും തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോവുന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് യു എന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പകപോക്കല്‍ അറസ്റ്റുകള്‍ പാടില്ലെന്ന് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കണമെന്ന് യു എന്‍ മനുഷ്യാവകാശ സംഘടന താലിബാനോട് ആവശ്യപ്പെട്ടു.