
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയായി അറിയപ്പെടുന്ന റോസി, തന്‍റെ 32 ആം ജന്മദിനം ആഘോഷിച്ചു. ഇംഗ്ലണ്ടിലെ നോർവിച്ചിൽ നിന്നുള്ള 71 കാരിയായ ലില ബ്രിസെറ്റിന്‍റെ ഉടമസ്ഥതയിലുള്ള പൂച്ചയാണ് റോസി. 1991 ജൂൺ 1 നാണ് റോസി ജനിച്ചതെന്നാണ് ലില ബ്രിസെറ്റ് അവകാശപ്പെടുന്നത്. കേക്ക് മുറിച്ച് ആഘോഷമായാണ് ഇവർ തന്‍റെ പ്രിയപ്പെട്ട പൂച്ചയുടെ 32-ാം ജന്മദിനം ആഘോഷിച്ചത്.റോസി ജനിച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് താൻ ദത്തെടുത്തതെന്നും അതിന് ശേഷം നീണ്ട 31 വർഷത്തിലധികമായി തനിക്കൊപ്പം അവള്‍ ഉണ്ടെന്നും ലില പറയുന്നു. ഇപ്പോഴും പൂർണ ആരോഗ്യവതിയായ റോസിയെ വളരെ അപൂർവമായി മാത്രമേ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോകേണ്ടി വന്നിട്ടുള്ളൂവെന്നും 1991 ൽ താൻ പൂച്ചയെ സ്വന്തമാക്കിയപ്പോൾ തന്നെ അതിന്‍റെ വന്ധ്യംകരണം നടത്തിയിരുന്നതായും അവർ പറഞ്ഞു.
റോസിയെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ചയായി പരിഗണിക്കുന്നതിന് ഗിന്നസ് വേൾഡ് റെക്കോർഡ്സുമായി താൻ ബന്ധപ്പെട്ടു കഴിഞ്ഞെന്നും ഉടൻ തന്നെ പരിശോധനകൾ പൂർത്തിയാക്കി ലോക റെക്കോർഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ലില ബ്രിസെറ്റ് കൂട്ടിച്ചേര്‍ത്തു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം നിലവിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പൂച്ച ഇംഗ്ലണ്ടിൽ നിന്നുള്ള ഫ്ലോസി ആണ്. 2022 നവംബറിൽ ലോക റെക്കോർഡിൽ ഇടം നേടിയപ്പോൾ 26 വയസ്സും 316 ദിവസവുമായിരുന്നു ഫ്ലോസിയുടെ പ്രായം. ക്യാറ്റ്സ് പ്രൊട്ടക്ഷനിലെ സന്നദ്ധപ്രവർത്തകരുടെ ഉടമസ്ഥതയിലാണ് ഈ പൂച്ച ഇപ്പോൾ. കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട ഫ്ളോസിക്ക് കണ്ണുകളുടെ കാഴ്ചശക്തിയും കുറഞ്ഞുവെന്നാണ് നിലവിലെ ഉടമസ്ഥർ പറയുന്നത്.