27 -ാം ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമ !

By Web TeamFirst Published Jan 31, 2023, 11:58 AM IST
Highlights

ഈ ലാമയ്ക്ക് ടിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ ആത്മീയ ഗുരുവായ ദലൈ ലാമയുമായി പേരില്‍ മാത്രമാണ് സാമ്യം. 


ഴിഞ്ഞ ദിവസം ന്യൂ മെക്സിക്കോയിലെ ഒരു വീട്ടില്‍ പ്രത്യേകതയുള്ള ഒരു ജന്മദിനാഘോഷം നടന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമയുടെ ആഘോഷമായിരുന്നു അത്. തെറ്റിദ്ധരിക്കരുതെന്ന് ആദ്യമേ പറയട്ടെ. ഈ ലാമയ്ക്ക് ടിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ ആത്മീയ ഗുരുവായ ദലൈ ലാമയുമായി പേരില്‍ മാത്രമാണ് സാമ്യം. ഈ ലാമ തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന വളര്‍ത്ത് മൃഗമാണ്. ഇവ തെക്കേ അമേരിക്കന്‍ ഒട്ടകമെന്നും അറിയപ്പെടുന്നു. ഇവ സാമൂഹികമൃഗമാണ്. മനുഷ്യനുമായി ഏറെ അടുത്ത് ഇടപഴകുന്നു. 

ലാമകളുടെ സാധാരണ പ്രായം 15 മുതല്‍ 20 വരെയാണ്. ഇത് തന്നെയാണ് ലാമയുടെ ജന്മദിനം ആഘോഷിക്കാന്‍ അതിന്‍റെ വീട്ടുടമസ്ഥരായ ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിലെ സ്ട്രെയിറ്റ് കുടുംബത്തെ പ്രേയരിപ്പിച്ചതും. ഔദ്ധ്യോഗികമായി ലാമയ്ക്ക് ദലൈ ലാമയെന്ന് പേരാണ് നല്‍കിയിരിക്കുന്നതെന്നും ഉടമ ആൻഡ്രൂ തോമസ് പറയുന്നു. വീട്ടുകാര്‍ മറ്റൊന്നുകൂടി ചെയ്തു. തങ്ങളുടെ ലാമയുടെ 27 -ാം ജന്മദിനത്തിന് ഗിന്നസ് ബുക്കുകാരെയും ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമ എന്ന അവാര്‍ഡിന് പരിഗണിക്കപ്പെടുവാന്‍. 

ആൻഡ്രൂ തോമസിന്‍റെയും കീ സ്ട്രെയിറ്റിന്‍റെയും മകൾ സമിബ 'സാമി' സ്‌ട്രെയിറ്റിന്‍റെയും കുടുംബത്തിലെ ഒരംഗമാണ് ഇന്ന് ഒറ്റക്കണ്ണുള്ള ഈ ലാമ. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അവനെന്ന് അവര്‍ തുറന്ന് പറയുന്നു. അവന്‍റെ ജന്മദിനത്തിന് സുഹൃത്തുക്കളെ അടക്കം ക്ഷണിക്കുകയും ചെറിയൊരു പാര്‍ട്ടി നടത്തുകയും ചെയ്തു. ആഘോഷത്തിനിടെ ബര്‍ഗറുകളും ചോക്ലേറ്റ് കേക്കും അലങ്കാരങ്ങളും പാര്‍ട്ടി ആഘോഷവും മറ്റുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടെ 27 എന്നെഴുതിയ കേക്കും മുറിച്ചു. മാത്രമല്ല, ആഘോഷത്തിന് ലാമയുടെ സുഹൃത്തായ നൈജീരിയൻ കുള്ളൻ ആടായ ഗെലാറ്റോയും പങ്കെടുത്തു. 

ലാമ പുറത്ത് പോകുമ്പോള്‍ ഗെലാറ്റേ കരയുമെന്നാണ് ആൻഡ്രൂ തോമസ് പറയുന്നത്. ഇരുവരും അത്രയ്ക്ക് അടുപ്പത്തിലാണത്രേ. ഇരുവരും ഒരുമിച്ചാണ് ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. 2007 മുതല്‍ ലാമ ആന്‍ഡ്രൂസിന്‍റെ കുടുംബത്തിനൊപ്പമുണ്ട്. ഞാനും എന്‍റെ മകളും പെറുവിലാണ് ജനിച്ചത്. ഞങ്ങൾ ലാമകളെ വളരെ ബഹുമാനിക്കുന്നു, കാരണം പരമ്പരാഗതമായി  ഞങ്ങൾ ലാമകളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. എന്തിന് 13 വയസുള്ള അവള്‍ ദലൈയുടെ മുതുകിൽ കയറിയാണ് വളർന്നതെന്നും കീ സ്ട്രെയിറ്റ്സ് കൂട്ടിച്ചേര്‍ക്കുന്നു. വളരുമ്പോള്‍ തനിക്ക് മൃഗഡോക്ടറാകാനാണ് ആഗ്രഹമെന്ന് സാമി സ്‌ട്രെയിറ്റ്സ് പറഞ്ഞു. 

ലാമയും  ഗെലാറ്റോയും മാത്രമല്ല ആ കുടുംബത്തോടൊപ്പമുള്ളത്. ഗിനിയ പന്നികൾ, നവാജോ ചുറോ ആടുകൾ, കോഴികൾ തുടങ്ങി നിരവധി മൃഗങ്ങളെ സ്‌ട്രെയിറ്റ്സും കുടുംബവും വളര്‍ത്തുന്നുണ്ട്. സാമിയുടെ കുട്ടിക്കാലം ഇവയൊടൊപ്പമായിരുന്നു അതുകൊണ്ട് തന്നെ മൃഗഡോക്ടറാകണമെന്ന് അവള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആൻഡ്രൂ തോമസും പറയുന്നത്. ഏതായാലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമ എന്ന ഗിന്നസ് റെക്കോര്‍ഡിനായി കാത്തിരിക്കുയാണ് സ്ട്രെയിറ്റ്സ് കുടുംബം. ജന്മദിന ആഘോഷത്തിന് എത്തിച്ചേരാന്‍ ഗിന്നസ് ബുക്കുകാര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും പങ്കെടുത്തുവരെ സാക്ഷിയായി കണക്കാക്കും. മാത്രമല്ല, ലാമയുടെ ജനന സര്‍ട്ടിഫിക്കറ്റും ഗിന്നസ് റെക്കോര്‍ഡിന് പരിഗണിക്കാന്‍ ആവശ്യമാണ്. 


 

click me!