Kefir : ഇതാണോ ലോകത്തിലെ ഏറ്റവും വലിയ പൂച്ച? ഫോട്ടോഷോപ്പാണോ എന്ന് സോഷ്യൽമീഡിയ, അല്ലെന്ന് ഉടമ!

By Web TeamFirst Published Jan 20, 2022, 1:45 PM IST
Highlights

അതേസമയം പലരും ഈ പൂച്ചക്ക് ശരിക്കും ഇത്രയും വലിപ്പമുണ്ടോ അതോ ഇത് വല്ല എഡിറ്റിം​ഗും ആണോ എന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, യൂലിയ പറയുന്നത്, താൻ ഫോട്ടോഷോപ്പ് ഉപയോ​ഗിക്കാറേ ഇല്ല. അതുകൊണ്ട് അങ്ങനെ ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ല എന്നാണ്.

പലതരം പൂച്ച(Cat)കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ, ഒരു നായയുടെ വലിപ്പമുള്ള പൂച്ചയെ കണ്ടിട്ടുണ്ടോ? അങ്ങനെയും പൂച്ചയുണ്ട്. തീർന്നില്ല, ഇനിയും ഈ പൂച്ച പൂർണ വളർച്ച എത്തിയിട്ടുമില്ല. റഷ്യയിലെ ഓസ്‌കോളിൽ(Oskol in Russia) താമസിക്കുന്ന യൂലിയ മിനിന(Yulia Minina)യ്ക്ക് കെഫീർ(Kefir) എന്നൊരു പൂച്ചയുണ്ട്, അത് 'ലോകത്തിലെ ഏറ്റവും വലിയ പൂച്ച' എന്നാണ് അറിയപ്പെടുന്നത്. രണ്ട് വർഷം മുമ്പാണ് അവൾ മെയ്ൻ കൂൺ പൂച്ചക്കുട്ടിയെ വാങ്ങിയത്. തന്റെയീ ഭീമാകാരനായ വെളുത്ത പൂച്ച യഥാർത്ഥത്തിൽ ഒരു നായയാണെന്ന് മിക്ക ആളുകളും കരുതുന്നുവെന്ന് ഇപ്പോൾ അവൾ പറയുന്നു.

പൂച്ചയ്ക്ക് രണ്ട് വയസ്സിൽ താഴെ മാത്രമേ പ്രായമുള്ളൂ, പൂർണമായും വളരാൻ ഇനിയും വർഷങ്ങൾ ബാക്കിയുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കെഫീറിന്റെ യഥാർത്ഥ നീളം എത്രയാണ് എന്ന് വ്യക്തമല്ലെങ്കിലും നമ്മുടെ വീട്ടിലെ ശരാശരി പൂച്ചയേക്കാൾ നീളമുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു പൂച്ചക്കുഞ്ഞ് ഇത്രയേറെ വളരുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വലിപ്പമുണ്ട് എന്ന് മാത്രമല്ല അവൻ സുന്ദരനാണ് എന്നും ശാന്തസ്വഭാവക്കാരനാണ് എന്നും യൂലിയ പറയുന്നു.

"കെഫീറിനെ കണ്ടാൽ ഭയങ്കരനാണ് എന്ന് തോന്നിയേക്കും, പക്ഷേ അവൻ വളരെ വാത്സല്യവും എളിമയുള്ള കുട്ടിയാണ്. സുഹൃത്തുക്കളും പരിചയക്കാരും വീട്ടിൽ വരുമ്പോൾ എല്ലാവരുടെ ശ്രദ്ധയും അവനിലാണ്, അവൻ അവരോട് സൗഹാർദ്ദപൂർവം പെരുമാറുകയും ചെയ്യുന്നു" എന്നും അവൾ കൂട്ടിച്ചേർത്തു. എന്നാൽ, അവനെ അതുവരെ കണ്ടിട്ടില്ലാത്ത, പരിചയമില്ലാത്ത ആളുകൾ വരുമ്പോൾ അവർ അവനെ അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് നോക്കുന്നത് എന്നും അവൾ പറയുന്നു. രാത്രി അവൻ യൂലിയയുടെ ദേഹത്തേക്ക് ചാടിക്കയറും. എന്നിട്ട് അവിടെ കിടന്നാണ് ഉറങ്ങാറ്. എന്നാൽ, കെഫീർ ഒരു കുട്ടിയായിരുന്നപ്പോൾ അതിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ, അവന് വലിപ്പം വച്ചപ്പോൾ പാടാണ് എന്നും അവൾ പറയുന്നു.

അതേസമയം പലരും ഈ പൂച്ചക്ക് ശരിക്കും ഇത്രയും വലിപ്പമുണ്ടോ അതോ ഇത് വല്ല എഡിറ്റിം​ഗും ആണോ എന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, യൂലിയ പറയുന്നത്, താൻ ഫോട്ടോഷോപ്പ് ഉപയോ​ഗിക്കാറേ ഇല്ല. അതുകൊണ്ട് അങ്ങനെ ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ല എന്നാണ്. മെയ്ൻ കൂൺ പൂച്ചകൾക്ക് ലോകത്തിലെ ഏറ്റവും വലിയ വളർത്തു പൂച്ചകളിൽ ഒന്നാണ്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഇനം വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാടൻ ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മെയ്ൻ സംസ്ഥാനത്ത് നിന്നുള്ളതാണ്.

click me!