ലോകത്തിലെ ഏറ്റവും പ്രായമുള്ള ഇരട്ടസഹോദരങ്ങൾ, ​ഗിന്നസ് റെക്കോർഡിലിടം പിടിച്ച് ജാപ്പനീസ് സഹോദരിമാർ

By Web TeamFirst Published Sep 21, 2021, 11:54 AM IST
Highlights

ജപ്പാനിലെ അവധിദിനവും വയോധികരെ ആദരിക്കുന്നതിനുള്ള ദിനവുമായ തിങ്കളാഴ്ചയാണ് ഇവരെ ഏറ്റവും പ്രായമുള്ള ഇരട്ടകളായി സ്ഥിരീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. 

ലോകത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായക്കൂടുതലുള്ള ഇരട്ടസഹോദരിമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍. ഈ ജാപ്പനീസ് സഹോദരിമാര്‍ക്ക് 107 വയസും 300 ദിവസവുമാണ് പ്രായം. അന്തരിച്ച ജാപ്പനീസ് ഇരട്ട സഹോദരിമാരായ കിൻ നരിറ്റയുടെയും ജിൻ കാനിയുടെയും റെക്കോർഡാണ് ഈ ജാപ്പനീസ് സഹോദരിമാരായ ഉമേനോ സുമിയാമയും കോമെ കൊഡാമയും തകർത്തിരിക്കുന്നത്. 

ഉമെനോയും കോമെയും 1913 നവംബർ 5 -ന് ഷോഡോഷിമ ദ്വീപിലാണ് ജനിച്ചത്. ജപ്പാനിലെ അവധിദിനവും വയോധികരെ ആദരിക്കുന്നതിനുള്ള ദിനവുമായ തിങ്കളാഴ്ചയാണ് ഇവരെ ഏറ്റവും പ്രായമുള്ള ഇരട്ടകളായി സ്ഥിരീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. 

കൊവിഡ് -19 -ന്റെ നിലവിലെ സാഹചര്യത്തിലുള്ള മുൻകരുതൽ എന്ന നിലയിൽ, ജപ്പാനിലെ വിവിധ ഭാഗങ്ങളിൽ അവരുടെ പ്രത്യേക പരിചരണ കേന്ദ്രങ്ങളിൽ താമസിക്കുന്ന സഹോദരിമാർക്ക് അവരുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ജീവനക്കാർ അയച്ചു കൊടുത്തിരിക്കുകയാണ്. സെപ്റ്റംബർ 1 -ന് ഇരട്ടസഹോദരിമാര്‍ പുതിയ പദവി അലങ്കരിക്കുമെന്ന് ഗിന്നസ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 

മുൻ റെക്കോർഡ് ഉടമകളായ കിൻ, ജിൻ എന്നിവർക്ക് യഥാക്രമം 107 ഉം 108 ഉം വയസായിരുന്നു മരിക്കുമ്പോള്‍. കിന്‍ 2000 ജനുവരിയിലും ജിന്‍ പിറ്റേ വര്‍ഷവും മരിച്ചു. ആഗസ്തില്‍ ജനിച്ച ഈ ജാപ്പനീസ് സഹോദരിമാരുടെ അവസാന പതിറ്റാണ്ടുകളില്‍ ഇരുവര്‍ക്കും താരപദവിയായിരുന്നു. നിലവില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സഹോദരിമാര്‍ തമാശയായി കിന്നിന്‍റെയും ജിന്നിന്‍റെയും വയസടുക്കാറായല്ലോ എന്ന് പറയാറുണ്ടായിരുന്നു എന്ന് പറയുന്നു. ഉമെനോയ്ക്ക് നാലും കൗമേയ്ക്ക് മൂന്നും മക്കളാണ്. 

ലോകത്തില്‍ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യം ജപ്പാനിലാണ്. മാത്രവുമല്ല, വയസായവര്‍ക്ക് വലിയ ബഹുമാനമാണ് ജാപ്പനീസ് സമൂഹം നല്‍കുന്നത്. ലോകത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളതെന്ന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച സ്ത്രീയും ജപ്പാനിലാണ് 118 വയസുള്ള കനേ ടനാക. 

click me!