ലോകത്ത് ആദ്യമായി തന്നെത്തന്നെ കച്ചവടം നടത്തിയ വ്യക്തി, ഓപ്പൺ മാർക്കറ്റിൽ തന്നെ വിൽക്കാൻ വച്ച മൈക്ക് മെറിൽ

By Web TeamFirst Published Nov 26, 2021, 3:01 PM IST
Highlights

ഓരോ രണ്ടാഴ്ച കൂടുമ്പോഴും, മൈക്ക് തന്റെ നിക്ഷേപകർക്ക് വോട്ട് ചെയ്യുന്നതിനായി ജീവിതത്തിലെ സംഭവങ്ങളും, പുതിയ തീരുമാനങ്ങളും പോസ്റ്റുചെയ്യുന്നു.

ഭർത്താവ് ഭാര്യയെ വിൽക്കുന്നത്, കുഞ്ഞുങ്ങളെ മാതാപിതാക്കൾ വിൽക്കുന്നത്, അതുമല്ലെങ്കിൽ വിശപ്പ് മാറ്റാൻ സ്വന്തം ശരീരം വിൽക്കുന്നത് ഒക്കെ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഒരാൾ വിറ്റത് ശരീരമല്ല, പകരം ഇനിയങ്ങോട്ടുള്ള തന്റെ ജീവിതമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ, അയാൾ അയാളെ തന്നെ ഓഹരികളാക്കി വിറ്റു(publicly traded person). അതായത്, തന്റെ ജീവിതത്തിലെ ഏത് കാര്യങ്ങളിലും തീരുമാനമെടുക്കാൻ തന്റെ ഓഹരി ഉടമകൾക്ക് അയാൾ അനുവാദം നൽകി. ലോകത്ത് ആദ്യമായി തന്നെ തന്നെ കച്ചവടം നടത്തിയ വ്യക്തിയാണ് മൈക്ക് മെറിൽ(Mike Merrill).

മൈക്ക് എന്ന 30 -കാരൻ ഒരു പാർട്ട് ടൈം സംരംഭകനായിരുന്നു. 2008 ജനുവരി 26 -ന് അദ്ദേഹം സ്വയം ഓപ്പൺ മാർക്കറ്റിൽ തന്നെ വിൽക്കാൻ വച്ചു. അദ്ദേഹം സ്വയം 100,000 ഓഹരികളായി തന്നെ വിഭജിക്കുകയും, ഒരു ഓഹരിക്ക് $1 എന്ന് നിലയിൽ വില നിശ്ചയിക്കുകയും ചെയ്തു. അടുത്ത 10 ദിവസത്തിനുള്ളിൽ, അദ്ദേഹത്തിന്റെ 12 സുഹൃത്തുക്കളും പരിചയക്കാരും 929 ഓഹരികൾ വാങ്ങി. അതിൽ നിന്ന് മെറിൽ ഒരു നല്ല തുക സ്വന്തമാക്കി. ബാക്കിയുള്ള 99.1 ശതമാനം അദ്ദേഹം തന്റെ കൈവശം സൂക്ഷിച്ചു. പതുക്കെ മറ്റ് ഓഹരികളും വിറ്റു പോയി. അങ്ങനെ തന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനങ്ങളിൽ പങ്കാളികളാകാൻ അദ്ദേഹം 663 നിക്ഷേപകരെ കണ്ടെത്തി.    

സംഭവം കുറച്ച് കൂടി സിംപിളായി പറഞ്ഞാൽ അദ്ദേഹത്തിന് ജീവിതത്തിൽ എന്ത് ഉപദേശം വേണമെങ്കിലും നിക്ഷേപകരോട് ചോദിക്കാം. അവർ വോട്ട് ചെയ്യുന്ന അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുക. സാധാരണ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ, സുഹൃത്തുക്കൾ അതിനോട് യോജിക്കുന്നില്ലെങ്കിലും ചിലപ്പോൾ നിങ്ങൾക്കൊപ്പം നിന്നെന്ന് വരാം. കാരണം, നിങ്ങളെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറയാൻ അവർ എപ്പോഴും ഭയപ്പെടുന്നു. എന്നാൽ നിക്ഷേപകർ അങ്ങനെയല്ല. എത്ര വേദനയുണ്ടാക്കുമെങ്കിലും, അവർ സത്യം മാത്രം പറയുന്നു.    

ആളുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിക്ഷേപിച്ചത് തിരിച്ച് കിട്ടാൻ വേണ്ടിയിട്ടാണ്, നഷ്ടം വരാനല്ല. അവരുടെ നിക്ഷേപം നന്നായി പോകുന്നില്ലെങ്കിൽ, നഷ്ടം അവർക്ക് തന്നെയാണ്. അതുകൊണ്ട് മൈക്കിന് ഏറ്റവും മികച്ചത് ചെയ്യാൻ അവർ താൽപ്പര്യപ്പെടുന്നു. മൈക്കിന്റെ വെബ്‌സൈറ്റിലൂടെ ആർക്കുവേണമെങ്കിലും അയാളിൽ ഷെയറുകൾ വാങ്ങാം. താടി വളർത്തണമോ വേണ്ടയോ എന്നത് പോലെയുള്ള മൈക്കിന്റെ ദൈനംദിന കാര്യങ്ങൾ മുതൽ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിൽ വരെ വോട്ടുകൾ രേഖപ്പെടുത്താം.  

ഓരോ രണ്ടാഴ്ച കൂടുമ്പോഴും, മൈക്ക് തന്റെ നിക്ഷേപകർക്ക് വോട്ട് ചെയ്യുന്നതിനായി ജീവിതത്തിലെ സംഭവങ്ങളും, പുതിയ തീരുമാനങ്ങളും പോസ്റ്റുചെയ്യുന്നു. 2012 -ൽ ഡേറ്റിംഗ് നടത്തട്ടെ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് 86% പേരും അനുകൂലിച്ച് കൊണ്ട് വോട്ട് ചെയ്യുകയുണ്ടായി. പിന്നീട്, അദ്ദേഹം ഡേറ്റിംഗിന് പോയ അനുഭവങ്ങൾ പോസ്റ്റു ചെയ്യാൻ തുടങ്ങി. എന്നാൽ, അതിൽ ഒരു സ്ത്രീക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. അവളുടെ പേര് മരിജ്കെ. സത്യത്തിൽ അവളും അദ്ദേഹത്തിന്റെ ഓഹരികൾ വാങ്ങിയിരുന്നു. പട്ടികയിൽ ഒന്നാമതാകാൻ അവൾ സ്വയം വോട്ട് ചെയ്തു. മറ്റ് നിക്ഷേപകരും അവൾക്ക് വോട്ട് ചെയ്തു.

ഇത് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അതോടെ ഓഹരി വിലകൾ കുത്തനെ ഉയർന്നു. 120 -ൽ നിന്ന് അത് അത് 500-ലേക്ക് കുതിച്ചു. ഒരിക്കൽ $1 ആയിരുന്ന ഓഹരി $18 ആയി ഉയർന്നു. ഇത് യഥാർത്ഥത്തിൽ മൈക്കിന് $1.2 മില്യൺ വിപണി മൂലധനം നൽകി. എന്നാൽ പിന്നീട് മൈക്ക് അവരുമായി പിരിഞ്ഞുവെന്നത് വേറെ കാര്യം. ഇതുവരെ തന്റെ ജീവിതത്തെ സംബന്ധിച്ച് 117 തീരുമാനങ്ങൾ അദ്ദേഹം വോട്ടിങ്ങിനായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 68 ശതമാനവും അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അദ്ദേഹം ലോകമെമ്പാടുമായി 10,991 ഓഹരികൾ വിറ്റിട്ടുണ്ട്.

click me!