30 വർഷങ്ങൾക്ക് മുമ്പ് ഒരു ​ഗ്രാമമൊന്നാകെ വെള്ളത്തിനടിയിലായി, വെള്ളം താഴ്ന്നപ്പോൾ പ്രത്യക്ഷപ്പെട്ടു!

By Web TeamFirst Published Nov 26, 2021, 2:20 PM IST
Highlights

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട കാറുകളും സ്വത്തുക്കളും കുപ്പികളും വരെയുണ്ട്. വേട്ടയാടുന്ന ദൃശ്യങ്ങളാണ് ഇവിടെ വെളിപ്പെട്ട് വരുന്നത്. 

ഒരു ദിവസം പെട്ടെന്ന് നാം താമസിച്ചുകൊണ്ടിരുന്നിടത്ത് നിന്നും നമ്മുടേതായ എല്ലാം ഉപേക്ഷിച്ച് ‌പോകേണ്ടി വരുന്നത് എത്ര ഭീതിദവും വേദനാജനകവും ആണ് അല്ലേ? ഏകദേശം 30 വർഷം മുമ്പാണ് ആ സ്പാനിഷ് ​ഗ്രാമവും(Spanish Village) അതുപോലെ ഉപേക്ഷിക്കപ്പെട്ടത്. സ്പാനിഷ് ഗ്രാമമായ അസെറെഡോ(Aceredo)യിലെ നിവാസികൾക്കാണ് സ്വന്തം ​ഗ്രാമം വിട്ടുപോകേണ്ടി വന്നത്. ജലനിരപ്പ് കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് വീണ്ടും ആ ​ഗ്രാമം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വെള്ളത്തിനടിയിലായ വീടുകളുടെ അവശിഷ്ടങ്ങളും ഇവിടെ തെളിഞ്ഞിരിക്കുന്നു. 

1992 -ലാണ്, അസെറെഡോയിൽ താമസിക്കുന്ന ഡസൻ കണക്കിന് കുടുംബങ്ങൾക്ക് ഒരു റിസർവോയറിന് വഴിയൊരുക്കുന്നതിനായി അവരുടെ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകേണ്ടി വന്നത് എന്ന് മെട്രോ റിപ്പോർട്ട് ചെയ്തു. ഒരു പോർച്ചുഗീസ് ജലവൈദ്യുത നിലയം അതിന്റെ ഫ്‌ളഡ് ഗേറ്റുകൾ അടച്ചതോടെ ലിമിയ നദിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. ഔറൻസ് പ്രവിശ്യയിലെ അഞ്ച് ഗ്രാമങ്ങളിലെ കമ്മ്യൂണിറ്റികൾ കുടിയൊഴിപ്പിക്കൽ ഭീഷണിക്കെതിരെ പോരാടിയെങ്കിലും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു, തൽഫലമായി, അവിടം വിട്ടു പോകാൻ അവർ നിർബന്ധിതരായി. 

ഒരു കാലത്ത് അവിടെ ഉണ്ടായിരുന്ന ഗ്രാമം എത്രത്തോളം താഴ്ന്നുവെന്ന് തിങ്കളാഴ്ച പ്രദേശത്ത് നിന്നും പകർത്തപ്പെട്ട അതിശയകരമായ ചിത്രങ്ങൾ കാണിക്കുന്നു. ഗ്രാമത്തിലെ ശിലാഘടനകൾ അതിജീവിച്ചെങ്കിലും പല കെട്ടിടങ്ങളുടെയും മേൽക്കൂരകൾ തകർന്നിരിക്കുകയാണ്. വെള്ളത്തിനടിയിലായിരുന്ന മൂന്ന് പതിറ്റാണ്ടിനിടെ വാതിലുകളിൽ ചെളി നിറയുകയും, ലോഹങ്ങളെല്ലാം തുരുമ്പെടുക്കുകയും ചെയ്‍തിരുന്നു. എന്നാൽ, വെള്ളം ഇറങ്ങിയതിനാൽ, അതിന്റെ തെരുവുകളിലൂടെ നടക്കാനും അതിന്റെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാനുമെല്ലാം ഒരിക്കൽ കൂടി സാധ്യമാണ്. 

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട കാറുകളും സ്വത്തുക്കളും കുപ്പികളും വരെയുണ്ട്. വേട്ടയാടുന്ന ദൃശ്യങ്ങളാണ് ഇവിടെ വെളിപ്പെട്ട് വരുന്നത്. അസെറിഡോയുടെ പല കുടുംബങ്ങളും ഇപ്പോഴും ഈ പ്രദേശത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ താമസിക്കുന്നു. തിങ്കളാഴ്ച, ആളുകൾ വളരെക്കാലമായി നഷ്ടപ്പെട്ടിരിക്കുന്ന ഒരു ​ഗ്രാമത്തിന്റെ ഓർമ്മകളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി കാണാമായിരുന്നു. 


 

click me!