ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തി, ആവേശത്തിൽ ബോട്സ്വാന

By Web TeamFirst Published Jun 17, 2021, 10:43 AM IST
Highlights

1905 -ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ 3,106 കാരറ്റ് കുള്ളിനൻ വജ്രമാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം.

ലോകത്തിലെ ഏറ്റവും വലുതിൽ മൂന്നാമത് നിൽക്കുന്ന ഡയമണ്ട് കണ്ടെത്തിയതായി ബോട്സ്വാനയിലെ ഡയമണ്ട് കമ്പനിയായ ഡെബ്സ്വാന. ബോട്സ്വാനയിലാണ് ഈ 1,908 കാരറ്റ് ഡയമണ്ട് കണ്ടെത്തിയിരിക്കുന്നത്. കമ്പനിയുടെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടർ ലിനെറ്റ് ആംസ്ട്രോംഗ് ജൂൺ ഒന്നിന് കണ്ടെത്തിയ ഡയമണ്ട് രാജ്യത്തെ പ്രസിഡന്റ് മോക്വീറ്റ്സി മാസിസിക്ക് ബുധനാഴ്ച നൽകി.

'50 വർഷത്തിനിടയില്‍ ഡെബ്സ്വാന കണ്ടെടുത്ത ഏറ്റവും വലിയ വജ്രമാണിത്' എന്ന് ആംസ്ട്രോംഗ് പറഞ്ഞു. 2015 ല്‍ ബോട്സ്വാനയില്‍ നിന്നും കണ്ടെത്തിയ ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രത്തേക്കാൾ അല്പം കുറവാണ് ഈ വജ്രത്തിന്‍റെ ഭാരം. ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പാദക രാജ്യമാണ് ബോട്സ്വാന.

'ഞങ്ങളുടെ പ്രാഥമിക വിശകലനത്തിൽ നിന്ന് ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ രത്‌നഗുണനിലവാരമുള്ള വജ്രമാണ് എന്നാണ് മനസിലാവുന്നത്. ഡി ബിയേഴ്സ് ചാനൽ വഴിയാണോ സർക്കാർ ഉടമസ്ഥതയിലുള്ള ഒകാവാംഗോ ഡയമണ്ട് കമ്പനി വഴിയാണോ ഇത് വിൽക്കേണ്ടത് എന്നതിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അസാധാരണവും അപൂര്‍വവുമായ ഈ വജ്രം ബോട്സ്വാനയ്ക്കാകെയും പ്രതീക്ഷയാണ്' എന്നും ആംസ്ട്രോഗ് പറയുന്നു. 

ഈ വജ്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ആംഗ്ലോ അമേരിക്കയുടെ ഡി ബിയേഴ്സിന്‍റെയും ബോട്സ്വാനൻ സർക്കാരിന്‍റെയും സംയുക്ത സംരംഭമാണ് ഡെബ്സ്വാന. വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ 80% വരെ ഡിവിഡന്റ്, റോയൽറ്റി, നികുതി എന്നിവയിലൂടെ സംസ്ഥാന ഖജനാവിലേക്ക് പോകുന്നു.

1905 -ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ 3,106 കാരറ്റ് കുള്ളിനൻ വജ്രമാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം. രണ്ടാമത്തെ ഏറ്റവും വലിയത് 1,109 കാരറ്റ് ലെസെഡി ലാ റോണയാണ്, 2015 -ൽ ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയത്.

കൊവിഡ് 19 മഹാമാരിയെ തുടർന്ന് ബോട്സ്വാനയും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. വജ്രങ്ങളുടെ വിൽപനയും മറ്റും നടക്കുന്നില്ല. അങ്ങനെയൊരു സമയത്ത് ഇങ്ങനെയൊരു അസാധാരണവും അപൂർവവുമായ വജ്രം കണ്ടെത്തിയത് ബോട്സ്വാനയ്ക്കാകെ പ്രതീക്ഷയാണ് എന്ന കാര്യത്തിൽ സംശയമില്ല. 
 

click me!