കൊടും വരൾച്ചയിൽ നദി വറ്റി, പുറത്ത് വന്നത് ഉ​ഗ്രശേഷിയുള്ള ബോംബ്

Published : Aug 09, 2022, 09:58 AM IST
കൊടും വരൾച്ചയിൽ നദി വറ്റി, പുറത്ത് വന്നത് ഉ​ഗ്രശേഷിയുള്ള ബോംബ്

Synopsis

ജൂലൈയിൽ ബോർഗോ വിർജിലിയോയിലെ ലോംബാർഡി ഗ്രാമത്തിന് സമീപത്താണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധർ ഞായറാഴ്ച നിയന്ത്രിത സ്ഫോടനം നടത്താനായി സമീപത്തെ മൂവായിരത്തോളം താമസക്കാരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

കൊടും വരൾച്ചയിൽ ഒരു ഇറ്റാലിയൻ നദിയിലെ വെള്ളം വറ്റി. അതിൽ നിന്നും പുറത്ത് വന്നത് രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാതെ കിടന്ന ബോംബ്. ശോഷിച്ച പോ നദിയുടെ തീരത്താണ് മത്സ്യത്തൊഴിലാളികൾ 450 കിലോ ഭാരമുള്ള ബോംബ് കണ്ടെത്തിയത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇറ്റലിയിലുണ്ടായ ഏറ്റവും വലിയ വരൾച്ചയാണ് ഇത്. 650 കിലോമീറ്റർ വരുന്ന നദിയുടെ വലിയ ഭാഗങ്ങളാണ് ഈ വരൾച്ചയിൽ വറ്റിവരണ്ടത്. 

വലിയ ചൂടാണ് ഇപ്പോൾ ഇറ്റലി അഭിമുഖീകരിക്കുന്നത്. മഴയും കുറഞ്ഞതോടെ ഇറ്റലിയിലെ ജലക്ഷാമം വർധിച്ചു. ഇതോടെ കാലാവസ്ഥാ വ്യതിയാനത്തെ ചൊല്ലിയുള്ള ജനങ്ങളുടെ ആശങ്കയും കൂടിയിരിക്കുകയാണ്. പോ നദിയുടെ തീരത്ത് മത്സ്യത്തൊഴിലാളികളാണ് ഈ ബോംബ് കണ്ടെത്തിയത് എന്ന് സൈനിക ഉദ്യോഗസ്ഥൻ കേണൽ മാർക്കോ നാസി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ജൂലൈയിൽ ബോർഗോ വിർജിലിയോയിലെ ലോംബാർഡി ഗ്രാമത്തിന് സമീപത്താണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധർ ഞായറാഴ്ച നിയന്ത്രിത സ്ഫോടനം നടത്താനായി സമീപത്തെ മൂവായിരത്തോളം താമസക്കാരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. "ആദ്യം, ചില പ്രദേശവാസികൾ അവർ മാറില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾക്ക് എല്ലാവരേയും ഒഴിപ്പിക്കാൻ സാധിച്ചു" എന്ന് പ്രദേശത്തെ മേയർ ഫ്രാൻസെസ്കോ അപോരി പറഞ്ഞു.

പ്രദേശത്തെ വ്യോമ​ഗതാ​ഗതവും ജല​ഗതാ​ഗതവും കുറച്ച് നേരത്തേക്ക് നിയന്ത്രിച്ചു. തെക്ക്-പടിഞ്ഞാറൻ ആൽപ്‌സിൽ നിന്ന് അഡ്രിയാറ്റിക് കടലിലേക്ക് ഒഴുകുന്ന ഇറ്റലിയിലെ ഏറ്റവും നീളമേറിയ നദിയാണ് പോ. എന്നാൽ, ഈ വർഷം പകർത്തിയ വാർഷിക ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത് കൊടും വരൾച്ചയിൽ വറ്റി വരണ്ട നദിയുടെ ഭാ​ഗങ്ങളാണ്. 

രാജ്യത്തെ കാർഷികോൽപ്പാദനത്തിന്റെ മൂന്നിലൊന്നിനും ജലസേചനം നടത്തുന്നത് പോ വഴിയാണ്. പോയുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇറ്റാലിയൻ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മഴ ഇല്ലായ്മയും ചൂടും കാരണം നദി വറ്റി വരളുകയാണ്. കൂടാതെ ഉപ്പുവെള്ളം കേറുന്നത് തങ്ങളുടെ വിളകൾ നശിപ്പിച്ചു എന്ന് കർഷകരും പരാതിപ്പെടുന്നു. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!