ശരീരം തളർന്നുപോയ മരുമകളെ 17 വർഷമായി പരിചരിക്കുന്ന അമ്മായിഅമ്മ, അപകടം വിവാഹത്തിന്റെ അടുത്തമാസം

Published : Oct 25, 2026, 04:47 PM IST
Mother in Law’s 17 year journey of love and care

Synopsis

"അവൾ എന്റെ മകനെ വിവാഹം കഴിച്ചവളാണ്, അതിനാൽ അവൾ എന്റെയും മകളാണ്. അവളെ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?" എന്നാണ് 68-കാരിയായ ഷുവാൻ ചോദിക്കുന്നത്.

പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിൽ വർഷങ്ങളോളം കൂടെനിൽക്കുക എന്നത് അതികഠിനമായ കാര്യമാണ്. അതിന് അളവറ്റ ക്ഷമയും അർപ്പണബോധവും വേണം. കിഴക്കൻ ചൈനയിലെ ഷാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള 68 -കാരിയായ ഷുവാൻ ഫെങ്യിംഗ് ഇതിനൊരു വലിയ ഉദാഹരണമാണ്. വിവാഹം കഴിഞ്ഞ് വെറും ഒരു മാസം കഴിഞ്ഞപ്പോൾ ട്രക്കിടിച്ച് ഗുരുതരമായി തലച്ചോറിന് പരിക്കേറ്റ മരുമകൾ ഷുവിനെ, കഴിഞ്ഞ 17 വർഷമായി രാപ്പകലില്ലാതെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയാണ് ഈ അമ്മ. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ആണ് ഈ ഹൃദയസ്പർശിയായ വാർത്ത റിപ്പോർട്ട് ചെയ്തത്.

2009-ൽ ചിങ്‌യുൻ കൗണ്ടിയിലെ ഗ്രാമത്തിൽ വെച്ചുണ്ടായ ദാരുണമായ അപകടത്തെ തുടർന്നാണ് ഷു ശരീരം തളർന്ന് കിടപ്പിലായത്. അന്നുമുതൽ ആ യുവതിയുടെ മുഴുവൻ ഉത്തരവാദിത്തവും ഷുവാൻ ഏറ്റെടുക്കുകയായിരുന്നു.

"അവൾ എന്റെ മകനെ വിവാഹം കഴിച്ചവളാണ്, അതിനാൽ അവൾ എന്റെയും മകളാണ്. അവളെ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?" എന്നാണ് 68-കാരിയായ ഷുവാൻ ചോദിക്കുന്നത്.

രാവിലെ മുതൽ രാത്രി വരെ ഷുവിന്റെ ഓരോ കാര്യത്തിനും ഷുവാൻ കൂടെയുണ്ട്. ദ്രാവകരൂപത്തിലുള്ള ഭക്ഷണം ഓരോ സ്പൂൺ വീതമാണ് ഷുവിന് നൽകുന്നത്. ഒരു നേരം ഭക്ഷണം കഴിപ്പിക്കാൻ മാത്രം ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും.

ശാരീരിക പരിചരണത്തിനൊപ്പം മരുമകളോട് നിരന്തരം സംസാരിക്കാനും ഷുവാൻ സമയം കണ്ടെത്തി. കുടുംബത്തിലെയും ഗ്രാമത്തിലെയും വിശേഷങ്ങൾ പങ്കുവെച്ചും, അവൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾപ്പിച്ചും, പേര് വിളിച്ചും ഷുവാൻ അവളുടെ ലോകത്ത് സജീവമായി നിന്നു.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഷുവിന് ഭാഗികമായി ബോധം തിരിച്ചുകിട്ടി. എങ്കിലും തലച്ചോറിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് നാല് വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വളർച്ച മാത്രമാണ് അവൾക്കുള്ളത്.

ഇപ്പോൾ ചുരുക്കം ചില വാക്കുകൾ സംസാരിക്കാനും സ്വന്തമായി ലളിതമായ ഭക്ഷണം പാകം ചെയ്യാനും ഷുവിന് സാധിക്കുന്നുണ്ട്. വർഷങ്ങളുടെ കഷ്ടപ്പാടിനൊടുവിൽ ലഭിച്ച ഈ ചെറിയ പുരോഗതി ഷുവാന് വലിയ ആശ്വാസമാണ് നൽകുന്നത്.

ഷുവിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടണം എന്നത് മാത്രമാണ് തന്റെ ഏക ആഗ്രഹമെന്ന് ഷുവാൻ പറയുന്നു. താൻ ഇല്ലാത്ത കാലത്തും അവൾക്ക് പട്ടിണി കിടക്കേണ്ടി വരില്ലെന്നും സ്വന്തമായി പാചകം ചെയ്യാൻ കഴിയുന്നത് വലിയ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു. താൻ മരിച്ചു കഴിഞ്ഞാൽ മരുമകളെ നോക്കണമെന്ന് ഷുവാൻ തന്റെ മകനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

16.5 കിലോ, ലോകത്തിലെ ഏറ്റവും വലിയ കമ്മൽ, റെക്കോർഡ് നേട്ടവുമായി സ്വർണ്ണ ജിമ്മിക്കി!
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; 3 ലക്ഷം രൂപയുടെ യൂസ്‍ഡ് കാറുമായി യുവാവ്