ഹൂതികളെ മറയാക്കി ഇറാൻ സൗദിയോട് നടത്തുന്ന ഒളിയുദ്ധങ്ങൾ, ലാഭമുണ്ടാക്കുന്നത് അമേരിക്കയോ ?

By Babu RamachandranFirst Published Sep 23, 2019, 10:37 AM IST
Highlights

രണ്ടും കല്പിച്ച് ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കിൽ  എന്നേ തീരേണ്ട യുദ്ധമാണിത്. ഇരു പക്ഷത്തിനും പിന്നിൽ നിന്ന് ചരടുവലിക്കുന്ന മറ്റു രാഷ്ട്രങ്ങളാണ് ഈ യുദ്ധം ഇങ്ങനെ അനിശ്ചിതകാലത്തേക്ക് തുടരുന്നതിന് കാരണം.

പുലർച്ചനേരം. അറേബ്യയുടെ തെക്കുപടിഞ്ഞാറ് കിടക്കുന്ന ഒരു കടലോരനഗരം. കിഴക്ക് വെള്ളകീറിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ചക്രവാളങ്ങളിൽ വെളിച്ചം പരന്നു. തെളിഞ്ഞ നീലാകാശത്തിൽ അങ്ങുദൂരെയായി ഒന്നുരണ്ട് കാർമേഘപ്പൊട്ടുകൾ മെല്ലെ ഇളകുന്നുണ്ട്. അല്ല, അത് കാർമേഘമല്ല, അമേരിക്കയുടെ F16 യുദ്ധവിമാനങ്ങളാണ്. അത് പതുക്കെ നഗരത്തോട് അടുത്തടുത്തുവന്നു. നേരെ മുകളിലെത്തിയതും വിമാനങ്ങളിൽ നിന്ന് ബോംബുകൾ അടർന്നു വീഴാൻ തുടങ്ങി. ആ ബോംബുകൾ ചെന്നു വീഴുന്നിടങ്ങളെല്ലാം ശവപ്പറമ്പുകളായി മാറിക്കൊണ്ടിരുന്നു.
  

മുകളിൽ വെന്തെരിഞ്ഞു കൊണ്ടിരിക്കുന്ന സൂര്യൻ. താഴെ ചുട്ടുപഴുത്ത മരുഭൂമി. രണ്ടിനുമിടയിലൂടെ നിമിഷാർദ്ധ നേരത്തേക്ക് കടന്നുവന്ന് മരണം വർഷിച്ചുമടങ്ങുന്ന അമേരിക്കൻ പോർവിമാനങ്ങൾ. അല്ലെങ്കിലും,  കുറച്ചു വർഷമായി അമേരിക്കയുടെ പതിവ് യുദ്ധരീതി ഇതാണ്. പോർവിമാനങ്ങളിൽ വരിക, ബോംബിടുക, മടങ്ങുക. അതാവുമ്പോൾ  റിസ്‌ക്കൊന്നുമില്ല. അങ്ങ് താഴെ നടക്കുന്ന യുദ്ധത്തിൽ അമേരിക്കയ്ക്ക് താത്പര്യമില്ല. അത് ഏറെ അപകടം നിറഞ്ഞതാണ്. വിയറ്റ്നാമിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ പണ്ട് നേരിട്ട് ചെന്നിറങ്ങിക്കൊടുത്ത് നിരവധി സൈനികരെ നഷ്ടപ്പെട്ടതിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ ഈയിടെയായി വിദേശമണ്ണിൽ ആകാശത്തു നിന്നുള്ള മിസൈൽ വർഷങ്ങൾക്കു മാത്രമാണ് മുതിരാറുള്ളത്.  താഴത്തെ യുദ്ധം അവിടെ താമസിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ആരുടെ പേരും പറഞ്ഞതാണോ അമേരിക്ക ബോംബുകൾ വർഷിക്കുന്നത്, അവരുടെ.

ഇതുവരെ പറഞ്ഞത് യെമൻ എന്ന രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെപ്പറ്റിയാണ്. ഏറ്റവും ദരിദ്രമായ അറേബ്യൻ രാജ്യങ്ങളിൽ ഒന്നിന്റെ പേരാണ് യെമൻ എന്നത്. ലോകഭൂപടത്തിൽ യെമന്റെ സ്ഥാനം ഏറെ നിർണ്ണായകമായ ഒരിടത്താണ്. ബാബ്-എൽ-മണ്ടേപ് കടലിടുക്ക് തുടങ്ങുന്നിടത്താണ് യെമനിരിക്കുന്നത്. ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിടുക്കാണിത്. എണ്ണക്കപ്പലുകളിൽ ഭൂരിഭാഗവും കടന്നുപോകുന്ന സുപ്രധാനമായ ഒരു സമുദ്രസഞ്ചാരപാതയോട് ചേർന്നാണ് യെമൻ എന്ന രാജ്യം.

വർഷം കുറെയായി യെമനിൽ യുദ്ധമാണ്. സുന്നികളായ ഭരണവർഗ്ഗവും, ഷിയാക്കളായ വിമതരും തമ്മിൽ പൊരിഞ്ഞ യുദ്ധം. അതിൽ സൗദി ഇടപെട്ടതിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണ് അടുത്തിടെ സൗദിയിലെ എണ്ണപ്പാടങ്ങൾക്കുനേരെ ഹൂതികൾ നടത്തിയ ഡ്രോണാക്രമണം. വർഷങ്ങളായി തുടരുന്ന യുദ്ധം രാജ്യത്തെ തകർത്തിരിക്കുകയാണ്.എന്തിനാണ് യെമനിൽ മുസ്ലീങ്ങൾ ഇങ്ങനെ മുസ്ലീങ്ങൾക്കുനേരെത്തന്നെ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നത്..? എത്രനാളായി അത് തുടങ്ങിയിട്ട്? പിന്നണിയിലിരുന്ന് ആ യുദ്ധത്തിനിടെ ചരടുവലികൾ നടത്തുന്നത് ഏതൊക്കെ രാജ്യങ്ങളാണ് ? എന്തൊക്കെയാണ് അവരുടെ സ്ഥാപിതതാത്പര്യങ്ങൾ?

യെമനിൽ ആഭ്യന്തരകലാപത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യുദ്ധത്തിൽ വേണ്ടത്ര ശ്രദ്ധയുണ്ട് എന്ന് തോന്നുന്നില്ല. കാരണം, രണ്ടും കല്പിച്ച് ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കിൽ  എന്നേ തീരേണ്ട യുദ്ധമാണിത്. ഇവിടെ യെമനികളുടെ പേരും പറഞ്ഞുകൊണ്ട് യഥാർത്ഥത്തിൽ തമ്മിൽ യുദ്ധം ചെയ്യുന്നത് സൗദിയും ഇറാനുമാണ്. സൗദിയിൽ സുന്നികൾക്കാണ് ഭൂരിപക്ഷം, ഇറാനിൽ ഷിയാക്കൾക്കും. സൗദിയുടെ പിന്നിൽ നേരിട്ടും അല്ലാതെയുമായി അമേരിക്കയും യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ മൂന്നുരാജ്യങ്ങളാണ്  യെമനിലെ  യുദ്ധം ഒരിക്കലും അവസാനിക്കാതെ അനന്തമായി ഇങ്ങനെ നീണ്ടു പോവുന്നതിന് കാരണം . അമേരിക്കയ്ക്ക് യുദ്ധം രണ്ടു സാധ്യതകളാണ് തുറന്നു നൽകുന്നത്, ഒന്ന്, ഇറാൻ എന്ന ചിരവൈരിയുമായി ഏറ്റുമുട്ടാനുള്ള സുവർണ്ണാവസരം. രണ്ട്, യുദ്ധത്തിന്റെ പേരും പറഞ്ഞ് സൗദി അറേബ്യയുമായി കോടിക്കണക്കിന് ഡോളറിന്റെ ആയുധവ്യാപാരം. 


2018 -ൽ ഹൂതി വിമതർ ഹുദൈദ തുറമുഖം പിടിച്ചെടുത്തിരുന്നു. അത് അറിഞ്ഞുതന്നെ ചെയ്ത ഒരു 'സർജിക്കൽ സ്ട്രൈക്ക്' ആയിരുന്നു. കാരണം ഈ യുദ്ധം കൊണ്ട് ഏറ്റവും നേട്ടമുണ്ടാകുന്നത് അമേരിക്കയ്ക്കാണ്. കോടിക്കണക്കിനു ഡോളറിന്റെ കച്ചവടമാണ് അമേരിക്ക ഹുദൈദ പോർട്ട് വഴി നടത്തിക്കൊണ്ടിരിക്കുന്നത്.  തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ തടഞ്ഞാൽ അമേരിക്കയ്ക്ക് പൊള്ളുമെന്ന് അവർക്കറിയാമായിരുന്നു. ഹൂതികളെ തുറമുഖനഗരത്തിൽ നിന്ന് കെട്ടുകെട്ടിക്കാൻ വൻപോരാട്ടം തന്നെ നടന്നു അന്ന്.

എന്തിന്റെ പേരിലാണ് യമനിലെ യുദ്ധം ?

1990-ലാണ് ഹൂതി മൂവ്മെന്റിന്റെ തുടക്കം. സ്ഥാപകനായ ഹുസ്സൈൻ ബദറുദ്ദീൻ അൽ ഹൂതിയുടെ പേരിലാണ് പ്രസ്ഥാനം അറിയപ്പെടുന്നത്. യെമൻ ജനസംഖ്യയുടെ മൂന്നിലൊന്നുമാത്രം വരുന്ന സൈദി ഷിയാ ന്യൂനപക്ഷത്തിലാണ് അൽ ഹൂതി ജനിച്ചത്. പ്രതിഷേധങ്ങളുടെ മുൻ നിരയിൽ നിന്ന അൽ-ഹൂതിയെ 2004-ൽ യെമനി സൈന്യം വധിക്കുകയായിരുന്നു. യമന്റെ വടക്കൻ പ്രവിശ്യകൾ ഹൂതികളുടെ നിയന്ത്രണത്തിലാണിപ്പോഴും. 

 
2011-ലെ അറബ് സ്പ്രിങ്ങ് തൊട്ടാണ് പ്രശ്നങ്ങൾ വഷളാകുന്നത്. മുല്ലപ്പൂ വിപ്ലവം. ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങൾക്കെതിരെ, ജനാധിപത്യം പുനഃസ്ഥാപിക്കണം എന്ന ആവശ്യവുമായി തുടങ്ങിയ ഈജിപ്റ്റ്, സിറിയ, ടുണീഷ്യ എന്നിവിടങ്ങളിൽ വൻതോതിലുള്ള പ്രതിഷേധസമരങ്ങൾ നടന്നു. ഈ പ്രതിഷേധങ്ങൾ സായുധപോരാട്ടങ്ങൾക്ക് വഴിമാറിയപ്പോൾ അതിന്റെ അനുരണനങ്ങൾ യെമനിലും ദൃശ്യമായി. വർഷങ്ങളായി അലി അബ്ദുള്ളാ സാലെ എന്ന സ്വേച്ഛാധിപതിയുടെ ഭരണത്തിൻ കീഴിലായിരുന്ന ജനത അധികാരമാറ്റം ആവശ്യപ്പെട്ടു. ഒടുവിൽ അബ്ദ്രുബുഹ്‌ മൻസൂർ ഹാദിക്ക് അധികാരം കൈമാറാൻ സാലെ തയ്യാറായി. എന്നാൽ പലകാരണങ്ങളാലും ഈ അധികാരകൈമാറ്റം വിചാരിച്ചത്ര സുഗമമായി നടന്നില്ല. രാജ്യത്ത് അൽക്വയ്‌ദ, വിഘടനവാദം, പട്ടിണി, തൊഴിലില്ലായ്‌മ അങ്ങനെ പല പ്രശ്നങ്ങളും നടക്കുന്നുണ്ടായിരുന്നു. അതിനിടെ നടന്ന ഈ അധികാരകൈമാറ്റത്തിലെ അസ്വാരസ്യങ്ങൾ ഹൂതി വിമതരെ യെമൻ ഗവൺമെന്റുമായി തുറന്ന യുദ്ധത്തിലേക്ക് നയിച്ചു.  അതോടെ യെമന്റെ മണ്ണിൽ ചോര ചിന്താൻ തുടങ്ങി. ഹൂതികൾ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ തലങ്ങും വിലങ്ങും ആക്രമണങ്ങൾ അഴിച്ചുവിടാൻ തുടങ്ങി.

2015 -ൽ ഹൂതികൾ തലസ്ഥാനനഗരമായ സനയ്ക്കുമേൽ നിയന്ത്രണം നേടി. അതോടെ സൗദി ഇടപെട്ടു. ഹൂതികൾ തനിച്ച് ഇങ്ങനെ വൻതോതിലൊരു മുന്നേറ്റം നടത്താൻ ഇടയില്ല എന്ന് സൗദിക്ക് മനസ്സിലായി. അണിയറയിൽ അവർക്കുവേണ്ട സഹായങ്ങൾ ചെയ്യുന്നത് ഇറാനാണ് എന്ന് മനസ്സിലായതോടെ സൗദി ഹൂതിവിമതരോടുള്ള യുദ്ധത്തിൽ യെമനിലെ സുന്നി സർക്കാരിന്റെ കൂടെ ചേർന്നു. ഹൂതിപക്ഷത്ത് ആൾനാശം സംഭവിക്കാൻ തുടങ്ങി. മുമ്പ് ലെബണനിൽ ഹിസ്ബുല്ല തീവ്രവാദികളെ സഹായിച്ച ഇറാനോട് അന്നുമുതൽക്കുതന്നെ സൗദിക്ക് ഇറാനോട് വിരോധമുണ്ട്. അതാണ് പ്രശ്നത്തിൽ ഇടപെടാനുള്ള മറ്റൊരു കാരണം. ആളും ആയുധവും നൽകിക്കൊണ്ട് അമേരിക്കയും അണിയറയിൽ സൗദിക്ക് കൂടെ ഉണ്ടായി. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഈ യുദ്ധത്തിൽ സൗദിയെ സഹായിച്ചു.

2017-ൽ റിയാദിനു നേരെ  ഒരു ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടുകൊണ്ട് ഹൂതികൾ ആദ്യമായി തിരിച്ചടിച്ചു. അതോടെ സൗദിയും സഖ്യവും ആക്രമണം വീണ്ടും കടുപ്പിച്ചു.  അലി അബ്ദുള്ള സാലേക്ക് നേരെ പലതവണ വധശ്രമങ്ങൾ നടത്തിയിട്ടുള്ള ഹൂതികൾ ഒടുവിൽ 2017  ഡിസംബർ 4-ന് അദ്ദേഹത്തെ വധിച്ചു.

യുദ്ധം കൊണ്ട് അമേരിക്കയ്‌ക്കെന്ത് നേട്ടം ?

യുദ്ധം തുടങ്ങിയതിൽ പിന്നെ സൗദിക്ക് ബോംബിനും മിസൈലിനുമൊക്കെ നല്ല ചെലവുണ്ട്. അതൊക്കെ അവർക്ക് നൽകുന്നത് അമേരിക്കയാണ്. ഇവയ്ക്കു പുറമെ അത്യാധുനിക പോർവിമാനങ്ങളും, ആന്റി മിസൈൽ പ്രൊട്ടക്ഷൻ സംവിധാനങ്ങളും അടക്കമുള്ള കോടിക്കണക്കിനു ഡോളറിന്റെ പ്രതിരോധകരാറുകൾ ഇരുരാജ്യങ്ങളും ഉറപ്പിച്ചു. ഈ കച്ചവടങ്ങളിലൂടെ അമേരിക്കയും സൗദിയും തമ്മിലുള്ള സൗഹൃദം വർധിച്ചിട്ടുണ്. വിഷയം സൗദിയോടുള്ള പ്രതിപത്തിയൊന്നുമല്ല, ഇറാനെ ആക്രമിക്കാൻ ഒരു അവസരം കിട്ടുന്നതിലുള്ള സന്തോഷം മാത്രം. 'ശത്രുവിന്റെ ശത്രു മിത്രമാണ്' എന്ന് പറയാറില്ലേ, അതുതന്നെ കാര്യം. ശത്രുതയുടെ കണക്കുകൾ വീട്ടുന്നതിന്റെയും, വൻതുകയ്ക്കുള്ള പ്രതിരോധ കരാറുകൾ നടപ്പിലാകുന്നതിന്റെയും ആവേശത്തിനിടെ ലോകസമാധാനത്തിന്റെ പതാകാവാഹകരായ അമേരിക്ക ഇടക്ക് മനുഷ്യത്വത്തെപ്പറ്റി മറന്നുപോകും എന്നുമാത്രം.

സൗദിയിലെ വഹാബികളും ഇറാനിലെ ഷിയാക്കളും തമ്മിലുള്ള ഈ പോരിന് മാനങ്ങൾ ഏറെയാണ്. അത് രണ്ടുരാജ്യങ്ങൾക്കിടെയുള്ള സംഘർഷമാകുമ്പോൾ തന്നെ അതിന് മറ്റുപല രാഷ്ട്രീയങ്ങളുമുണ്ട്.  ഇറാന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകാൻ തുടങ്ങിയിട്ടുണ്ട്. കാരണം സൗദിക്ക് പിന്നിൽ അമേരിക്കയ്ക്ക് പുറമെ ഇപ്പോൾ ഇസ്രയേലും ചില ജിസിസി രാജ്യങ്ങളും ഒക്കെ അണിനിരന്നിട്ടുണ്ട്. ഇസ്രായേൽ റഷ്യയുമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നയതന്ത്രബന്ധങ്ങൾ, റഷ്യ ഇറാനിൽ നിന്ന് അകലുന്നതിന്റെ ലക്ഷണമാണ്.

യാതനകൾ അനുഭവിക്കുന്നത് പാവപ്പെട്ട മനുഷ്യർ

യുദ്ധം യെമനിലെ പൗരന്മാരുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. അവരുടെ കുഞ്ഞുങ്ങൾ പട്ടിണിയിലാണ്. അവർക്ക് സ്‌കൂളുകളിൽ പോവാൻ കഴിയുന്നില്ല. പോഷകാഹാരം കിട്ടാഞ്ഞ് യെമനിലെ കുട്ടികൾക്ക് പലവിധത്തിലുള്ള രോഗങ്ങളും വരുന്നു. നിത്യേനയെന്നോണം നടക്കുന്ന ബോംബാക്രമണങ്ങളിൽ അവരുടെ സ്ത്രീകളും കുട്ടികളും യുവാക്കളും മരണപ്പെടുന്നുണ്ട്. വീടുകളും സ്‌കൂളുകളും ആശുപത്രികളും തകർക്കപ്പെടുന്നുണ്ട്. അത് ആരും കാണുന്നില്ല.

 2015 മുതൽ 2018 വരെ യെമനിൽ മരിച്ചത് 7000-ലധികം പേരാണ്. 12000-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. എന്നാൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ പറയുന്നത് പ്രദേശത്തെ മരണസംഖ്യ ചുരുങ്ങിയത് യുഎൻ കണക്കിന്റെ പത്തിരട്ടിയെങ്കിലും വരുമെന്നാണ്. 2017-ൽ യെമനിലുണ്ടായ കോളറക്കെടുതിയിൽ മരിച്ചത് 3000-ലധികം പേരാണ്. 33  ലക്ഷത്തോളം പേർക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. എൺപതുലക്ഷത്തിലധികം വരുന്ന പൗരന്മാർ പട്ടിണിമരണത്തിന്റെ വക്കിലാണ്. ഈ യുദ്ധം അതിൽ പങ്കാളികളായ രാജ്യങ്ങൾക്കൊക്കെയും അവരുടേതായ നേട്ടങ്ങൾ പകരുമ്പോൾ വിഷമതകൾ അനുഭവിക്കുന്നത് യെമനിലെ പാവപ്പെട്ടവർ മാത്രമാണ്.

'യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല' എന്ന് പറഞ്ഞുവെച്ചത് രണ്ടു ലോകമഹായുദ്ധങ്ങളിൽ അമേരിക്കയ്ക്കുവേണ്ടി പോരാടിയ, പിൽക്കാലത്ത് അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഐസൻഹോവർ തന്നെയാണ്. 

 

click me!