10 വർഷം, ചുരുങ്ങിയത് 15 കൊലപാതകങ്ങൾ: ജയിൽ കയറിയും ഇറങ്ങിയും നടന്ന് ആളെക്കൊന്നുകൊണ്ടിരുന്ന ഒരു ക്രിമിനലിന്റെ കഥ

By Web TeamFirst Published Dec 31, 2019, 4:34 PM IST
Highlights

കള്ളുഷാപ്പുകളിലും, അനധികൃത ചാരായക്കടകളിലുമൊക്കെ മദ്യപിക്കാനെത്തുന്ന സ്ത്രീകളുമായി അയാൾ ചങ്ങാത്തം സ്ഥാപിക്കും. എന്നിട്ട് അവരുമായി ഒരു യാത്രക്ക് പോകും. ഏതെങ്കിലും ആളൊഴിഞ്ഞ പറമ്പിലോ മറ്റോ ചെന്നിരുന്ന് അവർ ഒന്നിച്ച് വിശദമായി മദ്യപിക്കും. 

തെലങ്കാനയിലെ മെഹ്ബൂബ് നഗർ പൊലീസ് ഏറെ സങ്കീർണ്ണമായ ഒരു കേസിനാണ് ഈയടുത്ത് തുമ്പുണ്ടാക്കിയത്. അത് തുടർച്ചയായി നടന്ന പതിനഞ്ചു കൊലപാതകങ്ങളായിരുന്നു. എല്ലാ കൊലയും നടത്തിയത് ഒരേയൊരാൾ തന്നെ, പേര് യാരുക്കാളി ശ്രീനു, വയസ്സ് 42. കൊലപാതകളെപ്പറ്റി അറിവുണ്ടായിരുന്നിട്ടും അത് വെളിപ്പെടുത്താതിരുന്നതിനും, തെളിവുകൾ നശിപ്പിക്കാന്‍ ശ്രമിച്ചതിനും ശ്രീനുവിന്റെ പത്നി സാലമ്മയെയും പൊലീസ് അറസ്റ്റുചെയ്തു. 

ശ്രീനുവിന്റെ സ്ഥിരം കൊലപാതകരീതിയെപ്പറ്റി മെഹ്ബൂബ്നഗർ പൊലീസ് പറയുന്നത് ഇപ്രകാരമാണ്. "അതിരുകവിഞ്ഞ് മദ്യപിക്കുന്ന പ്രകൃതക്കാരനായിരുന്നു ശ്രീനു. ഒരു ജോലിയും ചെയ്യില്ല. സദാ മദ്യപിച്ച് മദോന്മത്തനായി വീട്ടിൽ കഴിയും. മദ്യപിക്കുന്ന സ്ത്രീകളായിരുന്നു ശ്രീനുവിന്റെ സ്ഥിരം ഇരകൾ. കള്ളുഷാപ്പുകളിലും, അനധികൃത ചാരായക്കടകളിലുമൊക്കെ മദ്യപിക്കാനെത്തുന്ന സ്ത്രീകളുമായി അയാൾ ചങ്ങാത്തം സ്ഥാപിക്കും. അവർക്ക് മദ്യം ഓഫർ ചെയ്യും. എന്നിട്ട് അവരുമായി ഒരു യാത്രക്ക് പോകും. ഏതെങ്കിലും ആളൊഴിഞ്ഞ പറമ്പിലോ മറ്റോ ചെന്നിരുന്ന് അവർ ഒന്നിച്ച് വിശദമായി മദ്യപിക്കും. അളവിൽ കവിഞ്ഞ മദ്യം അകത്തുചെല്ലുന്നതോടെ ബോധരഹിതരാകുന്ന ഈ സ്ത്രീകളെ തലക്ക് കല്ലുകൊണ്ടടിച്ചും, മതിലിന്മേൽ തലകൊണ്ടുചെന്നിടിച്ചും, കഴുത്ത് ഞെരിച്ചും ഒക്കെ ഇയാൾ കൊന്നുകളയും. എന്നിട്ട് അവരുടെ ആഭരണങ്ങളുമായി മുങ്ങും.'' ആ കൃത്യങ്ങളിലെ എല്ലാം തന്നെ സുപ്രധാന തെളിവുകളായ ഈ ആഭരണങ്ങൾ സൂക്ഷിച്ചുവെന്നതാണ് സാലമ്മയുടെ പേരിലുള്ള കുറ്റം. ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സാലമ്മ ഇത് ചെയ്‍തതെന്നാണ് പറയുന്നത്. 

കനാലിന്‍റെ കരയില്‍ കണ്ടെടുത്ത അജ്ഞാതജഡം 

കഴിഞ്ഞയാഴ്ച, ഡിസംബർ 17 -ന്, വൈകുന്നേരം ആറുമണിയോടെ ഡോകൂർ ഗ്രാമത്തിന് അടുത്തുള്ള കോലി സാഗർ കനാലിന്റെ കരയിൽ ഒരു അജ്ഞാതജഡം കണ്ടെടുത്തതായി ദേവറകദ്ര പൊലീസിന് പരാതികിട്ടുന്നതോടെയാണ് ശ്രീനുവിന്റെ അറസ്റ്റിലേക്ക് നയിച്ച അന്വേഷണങ്ങളുടെ തുടക്കം. 45 -നും അമ്പതിനും ഇടയിൽ പ്രായമുള്ള ഒരു മധ്യവയസ്‌കയുടേതായിരുന്നു ജഡം. കഴുത്തുഞെരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. അടുത്തുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ലോക്കൽ പൊലീസ് നടത്തിയ അന്വേഷണങ്ങളിൽ ഒരാൾക്ക് നേരെ സംശയത്തിന്റെ മുന നീണ്ടു. അതായിരുന്നു യാരുക്കാളി ശ്രീനു. മെഹ്ബൂബ് നഗറിലെ തിരുമൽദേവ് ഗേറ്റിനടുത്തുള്ള ഒരു കള്ളുഷാപ്പിൽ ഇയാൾ സംഭവം നടക്കുന്നതിന് തലേന്ന് ചിട്ടി അരിവേളമ്മ എന്നൊരു സ്ത്രീയോട് ചങ്ങാത്തം കൂടിയതിനും അതിനുശേഷം അവരുമൊത്ത് ഷാപ്പ് വിട്ടതിനും ഒക്കെയുള്ള തെളിവുകൾ പൊലീസിന് കിട്ടി. അയാളെ അറസ്റ്റു ചെയ്ത് വിശദമായി ചോദ്യം ചെയ്തതോടെ പലതും വെളിച്ചത്തുവന്നു. 

അവിടേക്ക് കള്ളുകുടിക്കാനായി വന്ന അറിവേളമ്മയുമായി തൊട്ടടുത്ത ബെഞ്ചിലിരുന്നു മദ്യപിച്ചുകൊണ്ടിരുന്ന ശ്രീനു വളരെ പെട്ടെന്നുതന്നെ സൗഹൃദം സ്ഥാപിച്ചു. തന്റെ ഒരു പ്രശ്നം പരിഹരിക്കാൻ സഹായിക്കാമോ എന്നായി അടുത്ത ചോദ്യം. തുടർന്ന് അറിവേളമ്മയോട് അയാൾ ഒരു കള്ളക്കഥ പറഞ്ഞു. ആരോ ഒരാൾ തന്റെ കയ്യിൽ നിന്ന് 20,000 രൂപ കൈവായ്പ വാങ്ങിയിട്ടുണ്ടെന്നും, അത് തിരികെ കിട്ടാതെ താൻ പ്രയാസപ്പെടുകയാണ് എന്നും ശ്രീനു പറഞ്ഞു. തിരിച്ചുപിടിക്കാനുള്ള തന്റെ പ്ലാനിൽ പങ്കുചേർന്നാൽ നാലായിരം രൂപ കൊടുക്കാം എന്ന് ശ്രീനു അറിവേളമ്മയോട് പറഞ്ഞു. ആ ഓഫർ സ്വീകരിച്ച് അറിവേളമ്മ ശ്രീനുവിനൊപ്പം ഷാപ്പിൽ നിന്നുമിറങ്ങി. രണ്ടു പാക്കറ്റ് കള്ളും, രണ്ടു ക്വാർട്ടർ വിസ്കിയും കൂടി അറിവേളമ്മയ്ക്കൊപ്പം ദേവരകദ്രയ്ക്ക്  പോകും വഴി ശ്രീനു വാങ്ങി. മന്യംകൊണ്ടയ്ക്കടുത്തുവെച്ച് ഒരു ബൈറോഡിലേക്ക് തിരിഞ്ഞ ശ്രീനു, കുറച്ചുദൂരം ചെന്നപ്പോൾ ഒരു ഒഴിഞ്ഞ പറമ്പ് കണ്ടു. അവർ ഇരുവരും അവിടേക്ക് കയറി. അവിടെ ഒരു പുളിമരത്തിനു ചുവട്ടിലിരുന്ന് അവർ തങ്ങളുടെ മദ്യപാനം തുടർന്നു. ഒരു ക്വാർട്ടർ വിസ്കിയായിരുന്നു അവിടെയിരുന്നുകൊണ്ട് അവർ കഴിച്ചത്. അവിടെ നിന്ന് അവർ ഗോഡാമിലേക്കും, റാംപൂരിലേക്കും നടന്നു. അവിടെ നിന്ന് ബൈക്കിൽ അറിവേളമ്മയെ കയറ്റി ഡോകൂർ ഗ്രാമത്തിനടുത്തുള്ള ഒരു കനാലിന്‍റെ കരയില്‍ ചെന്നിരുന്ന് ഇരുവരും ബാക്കി വിസ്കി കൂടി അകത്താക്കി. 

ഇത്രയുമായതോടെ അറിവേളമ്മയ്ക്ക് ബോധംമറഞ്ഞു. അതുതന്നെ അവസരമെന്നു തിരിച്ചറിഞ്ഞ ശ്രീനു, അറിവേളമ്മയുടെ മുഖത്ത് കൈ ചുരുട്ടി തുടർച്ചയായി ഇടിച്ചു. അവരുടെ തല ഒരു പാറക്കല്ലിൽ കൊണ്ടുചെന്നിടിച്ചു. കഴുത്ത് ഞെരിച്ചുപിടിച്ചു. മരിച്ചു എന്നുറപ്പായപ്പോൾ അയാൾ അവരുടെ സ്വർണ്ണമാലയും, കമ്മലുകളും, വെള്ളിയരഞ്ഞാണവും അഴിച്ചെടുത്തു. സംഭവം നടന്നേടത്തു നിന്ന് കുറെ ദൂരേക്ക് അറിവേളമ്മയുടെ ജഡം വലിച്ചിഴച്ചു കൊണ്ടുപോയി അവിടെ ഉപേക്ഷിച്ചു. അവരുടെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറും, കാലിയായ വിസ്കിക്കുപ്പിയും ഒക്കെ ആറ്റിലെറിഞ്ഞു. വീട്ടിൽ ചെന്ന അയാൾ താൻ പ്രവർത്തിച്ച കുറ്റകൃത്യത്തെപ്പറ്റി പത്നി സാലമ്മയെ അറിയിച്ചു. പ്രശ്നങ്ങളൊക്കെ അടങ്ങിയ ശേഷം വിൽക്കാം എന്ന ധാരണയിൽ സാലമ്മ ആ ആഭരണങ്ങൾ വീട്ടിനുള്ളിൽ തന്നെ ഒളിപ്പിച്ചു. 

ജില്ലാ പൊലീസ് സംഘം നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ശ്രീനു പിടിയിലാകുന്നത്. എല്ലാ കൊലപാതകങ്ങളുടെയും രീതി ഒന്നുതന്നെയായിരുന്നു എന്നതാണ് അയാൾക്ക് വിനയായത്. അറസ്റ്റു ചെയ്യപ്പെട്ട ശ്രീനു ഇപ്പോൾ റിമാൻഡിലാണ്. 

കുറ്റകൃത്യങ്ങൾ നിറഞ്ഞ ശ്രീനുവിന്റെ ഭൂതകാലം 

ഒരു മലയാളി പൊലീസ് ഓഫീസറാണ് ഈ കുറ്റകൃത്യം തെളിയിച്ച സംഘത്തെ നയിച്ചത്. പേര് രമാ രാജേശ്വരി ഐപിഎസ്. മൂന്നാറിൽ ജനിച്ചുവളർന്ന രമാ രാജേശ്വരി 2008 -ലാണ് സിവിൽ സർവീസ് പരീക്ഷ പാസായത്. 2009 -ലെ ഐപിഎസ് ക്ലാസില്‍ ഒന്നാം റാങ്കുകാരിയായി പഠിച്ചിറങ്ങിയ രമ ആദ്യമായി നിയുക്തയായത് തെലങ്കാനയിലെ 'ഗ്രേ ഹൗണ്ട്സ്' എന്ന മാവോയിസ്റ്റ് വിരുദ്ധ സേനയുടെ തലപ്പത്താണ്.  
 

ഇന്ന് അവർ മെഹ്ബൂബ് നഗർ എസ്പിയാണ്. ഇതിനു മുമ്പ്  ഇതേപോലെ 14 കൊലകൾ ശ്രീനു നടത്തിയിട്ടുണ്ടെങ്കിലും, മൂന്നെണ്ണത്തിൽ മാത്രമാണ് അയാൾ ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ള പതിനൊന്നെണ്ണത്തിലും അയാൾ തെളിവുകളുടെ അഭാവത്താൽ കോടതിയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. ഇപ്പോൾ ഈ കേസ് തെളിഞ്ഞതിനെ വെളിച്ചത്തിൽ ആ 11 കേസുകളിലും പൊലീസ് അപ്പീൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 

ശ്രീനുവിന്റെ ആദ്യത്തെ കൊല 2007 -ൽ സ്വന്തം സഹോദരന്റേത് തന്നെയായിരുന്നു. തിമ്മാജിപ്പേട്ട് സ്റ്റേഷൻ പരിധിയിലായിരുന്നു ആ കൊല നടന്നത്. അതിനുശേഷം ബാലാനഗർ, മെഹബൂബ് നഗർ ടൌൺ, നാഗർകുർണൂൽ, ജഡ്ചെർള, ഷാദ്നഗർ തുടങ്ങിയ സ്ഥലങ്ങളിലായി അഞ്ചു സ്ത്രീകളെക്കൂടി ശ്രീനു കൊലപ്പെടുത്തി. പൊലീസ് പിടിയിലായി, കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ മെഹ്ബൂബ് നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് ശ്രീനു കടന്നുകളയുന്നുണ്ടെങ്കിലും, അധികം താമസിയാതെ പൊലീസ് വീണ്ടും അയാളെ പിടികൂടുന്നു. അതിനിടെ സഹോദരനെ കൊന്ന കേസിൽ കോടതി ശ്രീനുവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിക്കുന്നു. എന്നാൽ, 2013 -യിൽ ജയിലിനുള്ളിൽ നല്ല പെരുമാറ്റം ചൂണ്ടിക്കാണിച്ച് ശ്രീനുവിനെ നേരത്തെ റിലീസ് ചെയ്യുന്നു. എന്നാൽ, ജയിലിൽ നിന്ന് ഇറങ്ങി ഒരു വർഷം തികയുന്നതിനു മുമ്പുതന്നെ ശ്രീനു ഒന്നിന് പിന്നാലെ ഒന്നായി നിരവധി കൊലപാതകങ്ങൾ നടത്തുന്നു. 

2014 -ൽ   ബാലാനഗർ, ഷാദ്നഗർ, വാങ്ങൂർ എന്നിവിടങ്ങളിൽ ശ്രീനു കൊലപാതകങ്ങൾ നടത്തുന്നു. തുടർന്ന്, 2015 -ൽ ഷാദ്നഗർ, കേശംപെട്ട് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും, ഷംഷാദാബാദ് റൂറലിൽ മൂന്നും കൊലപാതകങ്ങൾ.  2015 -ൽ ഒരു കൊലപാതകത്തിൽ മൂന്നുവർഷത്തെ തടവുശിക്ഷ കിട്ടുന്ന ശ്രീനു 2018 -ൽ വീണ്ടും പുറത്തിറങ്ങുന്നു. അന്ന് റിലീസായ ശേഷം ശ്രീനു കാവെർന, അപ്പാർല, ഡോകൂർ,കൊത്തപ്പള്ളി എന്നിവിടങ്ങളിലായി ചുരുങ്ങിയത് നാല് കൊലകൾ കൂടിയെങ്കിലും ചെയ്തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. എല്ലാ കൊലകളും ശ്രീനു ഏറ്റുപറഞ്ഞിട്ടുണ്ട് എങ്കിലും, ഈ കൊലപാതകങ്ങളെ അയാളുമായി ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് മെഹബൂബ് നഗർ പൊലീസ് ഇപ്പോൾ. 

click me!