യോഗിയുടെ യുപിയിൽ ഇനി ബാക്കി നാലു തൊഴിൽ നിയമങ്ങൾ മാത്രം, നഷ്ടമാകുന്നത് പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അവകാശങ്ങൾ

By Web TeamFirst Published May 9, 2020, 1:30 PM IST
Highlights

കൊവിഡിന്റെ പേരും പറഞ്ഞ് ഫാക്ടറിയുടമകൾക്ക് തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കാനുള്ള ഒത്താശ ചെയ്തുകൊടുക്കുന്ന നടപടിയാണ് യോഗി സർക്കാരിൽ നിന്നുണ്ടായിരിക്കുന്നത് 

'പുരകത്തുമ്പോൾ വാഴവെട്ടുക' എന്ന പ്രയോഗത്തെ അന്വർത്ഥമാക്കാനുള്ള പുറപ്പാടിലാണ് യോഗി ആദിത്യനാഥ് എന്നാണ് യുപി സർക്കാർ ഇപ്പോൾ നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ള ഓർഡിനൻസ് കണ്ടാൽ തോന്നുക. ഈ ഓർഡിനൻസ് പ്രകാരം, കൊവിഡാനന്തരം സംജാതമായിരിക്കുന്ന സവിശേഷ സാഹചര്യത്തിൽ അടുത്ത മൂന്നുവർഷത്തേക്ക്, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി പതിറ്റാണ്ടുകളുടെ സമരങ്ങൾ കൊണ്ട് സ്ഥാപിതമായിട്ടുള്ള ഒട്ടുമിക്ക നിയമങ്ങളും കാറ്റിൽ പരാതിയിരിക്കുകയാണ് യോഗി സർക്കാർ. കൊവിഡ് കാരണം സാമ്പത്തികനില പരുങ്ങലിൽ ആയിരിക്കുന്ന സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ എന്ന വ്യാജേനയാണ് ബിജെപി സർക്കാർ ഉത്തർപ്രദേശിലെ തൊഴിലാളികൾക്ക് ഈ ഇരുട്ടടി സമ്മാനിക്കാനൊരുങ്ങുന്നത്. 

"കൃഷി, സാമ്പത്തിക രംഗം പാടെ നിശ്ചലമായ മട്ടാണ് കൊറോണക്കാലത്ത്. ലോക്ക് ഡൗൺ കാരണം നാട്ടിലെ ബിസിനസ്സുകൾ എല്ലാം തന്നെ അസ്തമിച്ച മട്ടാണ്. " എന്ന് മെയ് ആറിന് സംസ്ഥാനസർക്കാർ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ്, 'Uttar Pradesh Temporary Exemption from Certain Labour Laws Ordinance, 2020' എന്ന പേരിൽ ഒരു ഓർഡിനൻസ് പാസാക്കിയ വാർത്ത പുറത്തുവരുന്നത്. ഈ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരത്തോടെ നിയമസാധുത വന്നാൽ, അതോടെ എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും, ഫാക്ടറികളും, ബിസിനസുകളും, നാലേ നാലു നിയമങ്ങൾ ഒഴികെ മറ്റെല്ലാ ലേബർ നിയമങ്ങളുടെയും പരിധിയിൽ നിന്ന് അടുത്ത മൂന്നുവർഷത്തേക്ക് മോചിപ്പിക്കപ്പെടും. 

 

 

ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്റ്റ്, 1996, വര്‍ക്ക്‌മെന്‍ കോമ്പൻസേഷൻ ആക്റ്റ് 1923, ബോണ്ടഡ് ലേബർ സിസ്റ്റം (അബൊളീഷൻ) ആക്റ്റ് 1976, പേയ്‌മെന്റ് ഓഫ് വേജസ് ആക്റ്റ് 1936  എന്നീ നാല് നിയമങ്ങൾ മാത്രമേ ഇനി നിലനിൽക്കുകയുള്ളൂ സംസ്ഥാനത്ത് എന്നാണ് ഓർഡിനൻസിൽ പറഞ്ഞിട്ടുളളത്. കുട്ടികളെയും സ്ത്രീകളെയും സംബന്ധിച്ച് ലേബർ നിയമങ്ങളിൽ പറയുന്ന ഭാഗങ്ങളും തുടരും. മറ്റുള്ള എല്ലാ നിയമങ്ങളും ഇനി മൂന്നുവർഷത്തേക്ക് സംസ്ഥാനത്തിന് ബാധകമല്ല. 

ഇല്ലാതാകുന്നത് ഈ നിയമങ്ങൾ 

ഈ ഓർഡിനൻസ് നിയമമാകുന്നതോടെ നിരവധി നിയമങ്ങൾക്ക് നിലനില്പില്ലാതെയാകും. അക്കൂട്ടത്തിൽ, ഫാക്ടറികളിൽ തർക്കപരിഹാരത്തെ സംബന്ധിച്ച നിയമങ്ങൾ, തൊഴിൽ സുരക്ഷയെ സംബന്ധിച്ച നിയമങ്ങൾ, തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെ, അവരുടെ ആരോഗ്യത്തിനു വേണ്ടി സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെ അടയാളപ്പെടുത്തുന്ന നിയമങ്ങൾ, ട്രേഡ് യൂണിയനുകൾ, താത്കാലിക ജീവനക്കാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരുടെ അവകാശങ്ങളെ നിർവചിക്കുന്ന നിയമങ്ങൾ ഒക്കെ പെടും. പുതിയ നിക്ഷേപങ്ങൾക്ക് മാത്രമാകില്ല ഈ നിയമം ബാധകമാവുക. അത് ബാധകമാക്കാൻ പോകുന്നത് മുൻകാല പ്രാബല്യത്തോടെയാകും. അതോടെ ഇപ്പോൾ പ്രവർത്തിക്കുന്ന ഫാക്ടറികൾക്കും ഈ നിയമങ്ങൾ പാലിക്കേണ്ട ബാധ്യതയിൽ നിന്ന് ഇളവുകിട്ടും. 

" ലോക്ക് ഡൗൺ കാരണം, കൊവിഡ് ഭീതി കാരണം ലക്ഷക്കണക്കിന് തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് തിരികെ വന്ന സാഹചര്യത്തിൽ അവർക്കൊക്കെ തൊഴിൽ നൽകേണ്ടതുണ്ടല്ലോ. അതിന് ഇപ്പോഴുള്ള ചില കർക്കശമായ തൊഴിൽ നിയമങ്ങളിൽ ഇളവുവരുത്തിയേ മതിയാകൂ" എന്നാണ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ആർ കെ തിവാരി പറഞ്ഞത്. തൊഴിൽ വിഷയങ്ങൾ ഭരണഘടനയുടെ 'കൺകറൻറ് ലിസ്റ്റി'ൽ പെടുന്ന വിഷയങ്ങളാകയാൽ, നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് നിർമിക്കാം എങ്കിലും അവയ്ക്കുള്ള അന്തിമാനുമതി വരേണ്ടത് കേന്ദ്രത്തിൽ നിന്നാണ്. രാഷ്ട്രപതികൂടി തുല്യം ചാർത്തിയാലേ ഈ നിയമത്തിനു സാധുതയുണ്ടാകൂ. 

" യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ഈ നീക്കം അത്യന്തം നിന്ദനീയമാണ്. ഇത് നമ്മുടെ സംസ്ഥാനത്തെ ക്ളോക്കിനെ നൂറുവർഷം പിന്നിലേക്ക് കറക്കി വെക്കുന്നതിനു തുല്യമാകും. ഇങ്ങനെ ഒരു നിയമം നടപ്പിൽ വന്നാൽ അത് മൗലികമായ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാകും അത്. ഈ തൊഴിലാളി വിരുദ്ധമായ ഓർഡിനൻസ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും" എന്ന് തൊഴിൽ അവകാശ രംഗത്ത് പ്രവർത്തിക്കുന്ന സുപ്രസിദ്ധ അഭിഭാഷകൻ രാമപ്രിയ ഗോപാലകൃഷ്ണൻ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. 

 

 

ഉത്തർപ്രദേശിന്റെ പാതയിൽ തന്നെയാണ് മധ്യപ്രദേശിന്റെയും പോക്ക്. 1948 -ലെ ഫാക്ടറീസ് ആക്ടിന്റെ ചുരുക്കം ചില വകുപ്പുകൾ ഒഴിച്ച് മറ്റെല്ലാറ്റിലും നിന്ന് സംസ്ഥാനത്തെ നിർമാണ യൂണിറ്റുകളെ അടുത്ത 1000 ദിവസത്തേക്ക് ഒഴിവാക്കുകയാണ് എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ  പ്രഖ്യാപിച്ചത്. ഈ ഇളവുകൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലാളിക്ഷേമത്തിനായുള്ള എല്ലാ ബാധ്യതകളിൽ നിന്നും മുക്തമായിക്കൊണ്ട് പ്രവർത്തിക്കാൻ സംസ്ഥാനത്തെ ഫാക്ടറികളെ സഹായിക്കും. 

" തൊഴിൽ ചട്ടങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് ഇങ്ങനെ സംസ്ഥാനത്തെ ഫാക്ടറികൾ അഴിച്ചു വിടുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുക.  ഇപ്പോൾ തന്നെ, നിലവിലെ നിയമങ്ങളിൽ പലതും സർക്കാരുകൾ വളരെ പരിതാപകരമായ നിലയിലാണ് നടപ്പിലാക്കുന്നത്. ഈ നിയമലംഘനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം കൂടി പുതിയ ഓർഡിനൻസ് നിയമമാകുന്നതോടെ നഷ്ടപ്പെടും. കോവിഡ് കാലത്ത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി നിലകൊണ്ടിരുന്ന നിയമങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതായാണ് കാണുന്നത്." പ്രമുഖ ലേബർ എക്കണോമിസ്റ്റ് ആയ പ്രൊഫ. കെ ആർ ശ്യാം സുന്ദർ പറഞ്ഞു. 

ചൈനയിലെ വ്യവസായങ്ങൾക്ക് കൊവിഡ് ഭീഷണിയായതോടെ അവിടെ നിന്ന് പറിച്ചു നടാൻ ആഗ്രഹിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ എന്ന ഭാവേന നടത്തുന്ന ഈ തൊഴിൽ അവകാശലംഘനങ്ങൾ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. നിലവിൽ വളരെ കൃത്യമായ നിയമങ്ങൾ നിരീക്ഷണത്തിന് ഉണ്ടായിട്ടുകൂടി തൊഴിലാളികളുടെയും പരിസരവാസികളുടെയും ജീവനും ആരോഗ്യത്തിനും വേണ്ട സുരക്ഷ നൽകാൻ ഇന്ത്യയിലെ പല ഫാക്റ്ററികൾക്കും സാധിക്കുന്നില്ല എന്നത് നമ്മൾ കഴിഞ്ഞ ദിവസം നടന്ന വിഷവാതക ചോർച്ചാ ദുരന്തത്തിൽ അനുഭവിച്ചറിഞ്ഞതാണ്. ഇതിനു മുമ്പും പല ഫാക്ടറികളിലും നടന്ന സമാനമായ സ്ഫോടനങ്ങളും, തീപ്പിടുത്തങ്ങളും ഒക്കെ വലിയ തോതിൽ മരണങ്ങൾക്ക് കാരണമായത് അവിടങ്ങളിൽ നടന്ന തൊഴിൽ നിയമലംഘനങ്ങളാണ്.  

 

 

നിയമങ്ങൾ നിലനിൽക്കെ തന്നെ ഈ അവസ്ഥയാണ് തൊഴിലാളി ക്ഷേമത്തിന്റെയും സുരക്ഷയുടെയും എങ്കിൽ, ഇനി നിയമങ്ങളെ ബാധകമേയല്ല എന്ന നില വന്നാൽ കാര്യങ്ങൾ എവിടെച്ചെന്നവസാനിക്കും എന്ന കാര്യം അപ്രവചനീയമാണ്. തൊഴിൽ നഷ്ടവും, ശമ്പളം വെട്ടിച്ചുരുക്കലും, വൈകിക്കലും, ബോണസ്/അവധി എന്നിവയിലുള്ള നിയന്ത്രണങ്ങളും നിമിത്തം ഈ കൊവിഡ് / ലോക്ക് ഡൗൺ കാലത്ത് അല്ലെങ്കിൽ തന്നെ പൊറുതിമുട്ടി നിൽക്കുന്ന തൊഴിലാളികളിൽ ഇത് 'ഇടിവെട്ടേറ്റവനെ പാമ്പുകടിക്കുന്ന' ദുരവസ്ഥയാണ് ഉണ്ടാക്കുക. 

click me!