'ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് ഗര്‍ഭം ധരിക്കുന്നത്, ഞങ്ങളെപ്പോലുള്ളവരെന്ത് ചെയ്യണം?' അലബാമയിലെ സ്ത്രീകള്‍ ചോദിക്കുന്നു

By Web TeamFirst Published May 18, 2019, 3:46 PM IST
Highlights

'ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ 19 വയസ്സാണ് പ്രായം. ഞാന്‍ ഗുളിക കഴിക്കുകയായിരുന്നു. ആ സമയത്ത് ദാരിദ്ര്യം സഹിക്കാനാവാതെ ഞാനെന്തും ചെയ്തിട്ടുണ്ട്. യൂ നോ മീ' ഒരു സ്ത്രീ ട്വിറ്ററില്‍ കുറിച്ചു. 


ലബാമയിലെ 'അബോര്‍ഷന്‍ ബില്‍' വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരിക്കുന്നു. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ഈ ബില്ലിനെതിരെ നിരവധി പ്രതികരണങ്ങളാണുണ്ടാകുന്നത്. 

#youknowme എന്ന ഹാഷ് ടാഗ് കാമ്പയിനും ഇതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. അഭിനേത്രിയായ ബിസി ഫിലിപ്സാണ് ആദ്യമായി അബോര്‍ഷന്‍ സ്റ്റോറികള്‍ പങ്കുവെയ്ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. പിന്നീടിങ്ങോട്ട്, നിരവധി സ്ത്രീകളാണ് തങ്ങളുടെ പൊള്ളുന്ന അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

മീ ടൂ മൂവ്മെന്‍റും, യൂ നോ മീ മൂവ്മെന്‍റും
സകലമേഖലകളില്‍ നിന്നും ചൂഷണം നേരിട്ട സ്ത്രീകളുടെ തുറന്നെഴുത്തുകളായിരുന്നു 'മീ ടൂ മൂവ്മെന്‍റ്'. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കാമ്പയിന്‍ പല കപടതയും വെളിച്ചത്ത് കൊണ്ടുവന്നു.. അതുപോലെ തന്നെ ചൂഷണങ്ങളുടേയും അത് കഴിഞ്ഞ് നേരിട്ട ദുരിത പര്‍വ്വങ്ങളുടേയും അതിജീവനത്തിന്‍റേയും തുറന്നെഴുത്തായിരുന്നു 'യൂ നോ മീ മൂവ്മെന്‍റ്'. 

''നാലില്‍ ഒരു സ്ത്രീ അബോര്‍ഷന്‍ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. എന്നിട്ടും അബോര്‍ഷന്‍ നടത്തിയ ആരെയും പരിചയമില്ലെന്നാണ് നമ്മള്‍ നടിക്കുന്നത്. അതുകൊണ്ട് തുറന്ന് പറയൂ അബോര്‍ഷന്‍ നടത്തിയിട്ടുണ്ട് എന്ന്'' എന്നാണ് ബിസി ഫിലിപ്സ് തന്‍റെ ട്വിറ്ററിലെഴുതിയത്. അതിലൂടെ അബോര്‍ഷന്‍ നടത്തുന്നത് അപമാനമാണ് എന്ന ചിന്ത ഇല്ലാതാകാന്‍ കാരണമാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും ബിസി വ്യക്തമാക്കി. 

1 in 4 women have had an abortion. Many people think they don't know someone who has, but . So let's do this: if you are also the 1 in 4, let's share it and start to end the shame. Use and share your truth.

— Busy Philipps (@BusyPhilipps)

ബുധനാഴ്ചയാണ് അലബാമ ഗവര്‍ണര്‍ കേ ഇവി ബില്ലില്‍ ഒപ്പ് വെച്ചത്. നിയമമനുസരിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ 99 വര്‍ഷം വരെ തടവാണ് ശിക്ഷ. കൂടാതെ നടത്താന്‍ സഹായിക്കുന്ന ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷം തടവും. 

ഈ നിയമം സ്ത്രീകളോട് ചെയ്യുന്നത്
സ്ത്രീകള്‍ക്ക് കഠിനതടവാണ് ഈ നിയമം എന്ന അഭിപ്രായം നേരത്തെ ഉയര്‍ന്നു കഴിഞ്ഞു. മാത്രമല്ല, സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്ക് അനുകൂലവുമാണ് എന്ന പ്രതിഷേധം എമ്പാടുമുണ്ടായിക്കഴിഞ്ഞു. അവസാനത്തെ ആഴ്ച നടന്ന 'ബിസി ടുനൈറ്റ്' എന്ന ടോക് ഷോയില്‍ പതിനഞ്ചാമത്തെ വയസ്സില്‍ തനിക്ക് അബോര്‍ഷന്‍ നടത്തേണ്ടതായി വന്നിട്ടുണ്ട് എന്ന് ബിസി വെളിപ്പെടുത്തിയിരുന്നു. ''ഞാനിത് തുറന്ന് പറയാന്‍ കാരണമുണ്ട്. ഈ നാട്ടിലെ സ്ത്രീകളേയും പെണ്‍കുട്ടികളേയും ഓര്‍ത്ത് എനിക്ക് വേദനയുണ്ട്. അതുകൊണ്ട് എനിക്ക് തോന്നുന്നത്, നമ്മളോരോരുത്തരും നമ്മുടെ കൂടുതല്‍ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യണം എന്നാണ്.'' എന്നും ബിസി വ്യക്തമാക്കി. 

ബിസി ഫിലിപ്സിന് ഐക്യദാര്‍ഢ്യവുമായി വിവിധ മേഖലകളിലെ, നിരവധി പേരാണ് എത്തിയത്. ഓരോരുത്തരും തങ്ങളുടെ കഥകള്‍ പറയണമെന്ന് അവര്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. 

സ്ത്രീകള്‍, അനുഭവങ്ങള്‍..
'ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ 19 വയസ്സാണ് പ്രായം. ഞാന്‍ ഗുളിക കഴിക്കുകയായിരുന്നു. ആ സമയത്ത് ദാരിദ്ര്യം സഹിക്കാനാവാതെ ഞാനെന്തും ചെയ്തിട്ടുണ്ട്. യൂ നോ മീ' ഒരു സ്ത്രീ ട്വിറ്ററില്‍ കുറിച്ചു. 

ഒന്നുകില്‍ ആ ഭ്രൂണം, അല്ലെങ്കില്‍ ഞാന്‍ രണ്ടിലേതെങ്കിലുമൊന്ന് മരിക്കുമായിരുന്നു

മറ്റൊരാളെഴുതിയത്: എനിക്കന്ന് 16 വയസ്സാണ് പ്രായം. ഞാന്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ഒരു സ്കൂള്‍ വൊളന്‍റീയറില്‍ നിന്നാണ്. ആ ഭ്രൂണം എന്നില്‍ നിര്‍ത്താത്ത ബ്ലീഡിങ്ങ് ഉണ്ടാക്കി. ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാനന്ന് ഹൈസ്കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നോര്‍ക്കണം. എനിക്ക് ആ അവസ്ഥയുണ്ടായത് ഒരു മനുഷ്യന്‍റെ തെരഞ്ഞെടുപ്പ് കാരണമാണ്, അതിക്രമം കാരണമാണ്. ഒന്നുകില്‍ ആ ഭ്രൂണം, അല്ലെങ്കില്‍ ഞാന്‍ രണ്ടിലേതെങ്കിലുമൊന്ന് മരിക്കുമായിരുന്നു. യൂ നോ മീ.. 

മറ്റൊരു സ്ത്രീയുടെ അനുഭവം ഇതായിരുന്നു: ആ അനുഭവം എന്‍റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു. ഞാനാകെ ഭയന്നിരുന്നു, ഒരുറപ്പുമില്ലാത്തൊരു ബന്ധമായിരുന്നു. മാത്രമല്ല, എന്‍റെ അമ്മ മരിച്ചതും ആ സമയത്തായിരുന്നു. ഞാന്‍ രാവിലെ വരെ മുട്ടിലിരുന്ന് പ്രാര്‍ത്ഥിച്ചു. കരഞ്ഞു, കരഞ്ഞു, കരഞ്ഞുകൊണ്ടേയിരുന്നൂ.. ചെയ്തതിലെനിക്ക് യാതൊരു കുറ്റബോധവുമില്ല. യൂ നോ മീ.. 

12 -ാമത്തെ വയസ്സിലാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്? എന്നെപ്പോലുള്ളവരെന്ത് ചെയ്യണം
'എന്‍റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്. പുതിയ നിയമം അനുസരിച്ച് എന്നെ പോലുള്ള പെണ്‍കുട്ടികളെന്ത് ചെയ്യണം?' ചോദിക്കുന്നത് ബലാത്സംഗത്തെ അതിജീവിച്ച ഒരു പെണ്‍കുട്ടിയാണ്. 26 വയസ്സുള്ള ഒരാളാല്‍ നിരവധി തവണയാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്.

കുടുംബത്തില്‍ തന്നെയുള്ള ഒരാളാണ് എന്നെ ചൂഷണം ചെയ്തത്

'ഭയം കൊണ്ട് പുറത്ത് പറയാനായില്ല. എന്നാല്‍, ഒരിക്കല്‍ ഏറെ ദിവസമായിട്ടും ആര്‍ത്തവം വന്നില്ല. വൈകിയതാകും എന്ന് കരുതിയിരുന്നുവെങ്കിലും ഒരുപാട് ദിവസങ്ങളായിട്ടും ആര്‍ത്തവമെത്താത്തതിനാലാണ് കിറ്റ് വാങ്ങി പരിശോധിച്ചത്. ഗര്‍ഭിണിയാണ് എന്നാണ് മനസ്സിലായത്. കുടുംബത്തില്‍ തന്നെയുള്ള ഒരാളാണ് എന്നെ ചൂഷണം ചെയ്തത്. ഞാനന്ന് വെറും ഏഴാം ക്ലാസിലാകുന്നതേയുള്ളൂ.. നിങ്ങളെന്താണ് കരുതുന്നത് ഒരു കൊച്ചു കുട്ടിയെ ഒരാള്‍ ബലാല്‍ക്കാരം ചെയ്യുന്നത് അവളുടെ സമ്മതത്തോട് കൂടിയാണെന്നാണോ?' എന്നാണ് ഈ പെണ്‍കുട്ടിയുടെ ചോദ്യം.

എത്രയോ പെണ്‍കുട്ടികളിങ്ങനെ കടുത്ത ചൂഷണങ്ങളിലൂടെ കടന്നുപോവുകയും അതിന്‍റെ ഭാഗമായി ഗര്‍ഭം ധരിക്കുകയും ചെയ്യുന്നുണ്ടാകും.. അവരെന്ത് ചെയ്യണമെന്നും ചോദ്യങ്ങളുയരുന്നു. മാനസികമായും ശാരീരികമായും തയ്യാറെടുക്കാതെയുള്ള ഗര്‍ഭധാരണങ്ങളെ സ്വീകരിക്കേണ്ടി വരുന്നുവെന്നതാണ് പുതിയ നിയമത്തിന്‍റെ ഏറ്റവും വലിയ ക്രൂരതയും. ഏതായാലും വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് നിയമത്തിനെതിരെ നടക്കുന്നത്. 

click me!