
‘നീയും ഞാനും അവസാനിക്കും, എങ്ങാണ്ടൊരിടത്ത്. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കവിത അന്നവിടെ നിശബ്ദമായിത്തീരും…’ (The Extinguished Star -Parnia Abbasi)
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ യുവകവിയായ പർണിയ അബ്ബാസിയും. 24 -ാം പിറന്നാളിന് വെറും 10 ദിവസങ്ങൾക്ക് മുമ്പാണ് കവിയും ഇംഗ്ലീഷ് അധ്യാപികയും ഒക്കെയായ പർണിയയുടെ മരണം.
ജൂൺ 12 -ന് ടെഹ്‌റാനിലെ സത്താർഖാൻ പരിസരത്തുള്ള ഒരു റെസിഡൻഷ്യൽ കോംപ്ലക്‌സിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് പർണിയയും കുടുംബവും കൊല്ലപ്പെട്ടത്. അവളുടെ പിതാവ് അധ്യാപകനായിരുന്ന പർവിസ് അബ്ബാസി, ബാങ്ക് ജീവനക്കാരിയായിരുന്ന അമ്മ മസൗമെ ഷഹ്രിയാരി, യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇളയ സഹോദരൻ പഹ്റാം അബ്ബാസി എന്നിവരും അവൾക്കൊപ്പം യുദ്ധക്കൊതിയുടെ ഇരകളായിത്തീർന്നു.
യുവതലമുറയിലെ ശ്രദ്ധേയായ കവിയാണ് പർണിയ അബ്ബാസി. നിരന്തരം സംഘർഷങ്ങളും ആശങ്കകളും വേദനകളും നിറഞ്ഞ ഒരിടത്ത് ജീവിക്കുമ്പോഴും താൻ എഴുതാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് പറഞ്ഞ ഒരാളായിരുന്നു പർണിയ. 'എന്റെ അനുഭവങ്ങളെല്ലാം പകർത്തിയെഴുതാനാണ് എന്റെ ശ്രമം' എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്.
'ജെൻ സി കവികളിൽ ഇറാന്റെ ശബ്ദം' എന്നായിരുന്നു പർണിയ അബ്ബാസി അറിയപ്പെട്ടിരുന്നത്. ലോകം കേൾക്കുന്ന കവിതകൾ അവൾക്ക് ഇനിയും എഴുതേണ്ടതുണ്ടായിരുന്നു. 'The Extinguished Star' എന്ന പർണിയയുടെ കവിത ഏറെ പ്രശസ്തമായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സാഹിത്യ സംഭാവനകൾക്ക് പുറമേ, അബ്ബാസി ഒരു ഇംഗ്ലീഷ് അധ്യാപികയും ബാങ്ക് ജീവനക്കാരിയുമായിരുന്നു. കാസ്‌വിൻ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് വിവർത്തനത്തിൽ ബിരുദം നേടിയ അവൾ മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് പ്രവേശനവും നേടിയിരുന്നു. എന്നാൽ, തൽക്കാലം ജോലിയിൽ തുടരാനായിരുന്നു അവളുടെ തീരുമാനം.
പർണിയയും കുടുംബവും താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് ബെഹഷ്തി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന ആണവശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ഹമിദ് മിനൗഷെഹറും താമസിച്ചിരുന്നത്. അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ വ്യോമാക്രമണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പർണിയയുടെ മരണം വലിയ വേദനയാണ് ലോകമെമ്പാടുമുള്ള ആളുകളിലുണ്ടാക്കിയിരിക്കുന്നത്. ഇറാനെ ലോകകവിതകളിൽ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആ ഉദയനക്ഷത്രത്തിന്റെ വേർപാട് പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. 'അവൾ നിറയെ കവിതയായിരുന്നു, അവളിലാകെ ജീവിതമുണ്ടായിരുന്നു' എന്നാണ് അവളെക്കുറിച്ച് പ്രിയപ്പെട്ടവർ പറയുന്നത്.