Acid Attack: പ്രേതം പോലുണ്ട്, ആസിഡ് വീണ മുഖം നോക്കി മക്കള്‍ പോലും അവളെ വിളിച്ചു!

Web Desk   | Asianet News
Published : Dec 25, 2021, 05:26 PM IST
Acid Attack: പ്രേതം പോലുണ്ട്, ആസിഡ് വീണ മുഖം നോക്കി മക്കള്‍ പോലും അവളെ വിളിച്ചു!

Synopsis

പാതിവെന്ത ആ ശരീരത്തിനുള്ളില്‍ ഇന്നും തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു മനസ്സ് മാത്രമാണ് ബാക്കി. ആ മനസ്സിന്റെ കരുത്ത് കൊണ്ട് അവള്‍ അതിജീവിച്ച പ്രതിസന്ധികള്‍ അനവധിയാണ്.  

സക്കീറ ഷെയ്ഖിന് വയസ്സ് 30 മാത്രമാണ് പ്രായം. അവളുടെ മുഖത്ത് നിറയെ ചുളിവുകളാണ്. വലത്തെ കണ്ണിന്റെ സ്ഥാനത്ത് ഒരു ചുവന്ന കുഴി മാത്രമാണുള്ളത്, മൂക്കിന്റെ സ്ഥാനത്ത് രണ്ടു ദ്വാരങ്ങളും. കാരണം അവള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവളാണ്. പാതിവെന്ത ആ ശരീരത്തിനുള്ളില്‍ ഇന്നും തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു മനസ്സ് മാത്രമാണ് ബാക്കി. ആ മനസ്സിന്റെ കരുത്ത് കൊണ്ട് അവള്‍ അതിജീവിച്ച പ്രതിസന്ധികള്‍ അനവധിയാണ്.  

വെറും 17 -ാമത്തെ വയസ്സില്‍ വിവാഹം, തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ടുനിന്ന ഗാര്‍ഹികപീഡനം, ഒടുവില്‍ ആസിഡ് ആക്രമണം. ഇത്രയൊക്കെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടും അവള്‍ അതിനെതിരെ പോരാടി. ഇപ്പോള്‍ മുംബൈയിലെ അറിയപ്പെടുന്ന ഒരു മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് അവള്‍. ഇന്ന് സമൂഹത്തിന് മുന്നില്‍ അവള്‍ തലയുയര്‍ത്തി അഭിമാനത്തോടെ തന്നെ ജീവിക്കുന്നു.

അവളുടെ ദുരിതങ്ങള്‍ ആരംഭിക്കുന്നത് വിവാഹത്തോടെയാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും, ഭര്‍ത്താവ് അവളെ ഉപദ്രവിക്കാന്‍ തുടങ്ങി. അയാള്‍ അവളെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാരോട് പരാതിപ്പെട്ടപ്പോള്‍, എല്ലാ ആണുങ്ങളും ഇങ്ങനെയാണ്, നീ അഡ്ജസ്റ്റ് ചെയ്യ് എന്നിങ്ങനെയുള്ള തണുപ്പന്‍ പ്രതികരണങ്ങളാണ് അവള്‍ക്ക് ലഭിച്ചത്. 

ഒടുവില്‍ ഇതാണ് വിധിയെന്ന് ഓര്‍ത്ത് അവള്‍ ആ ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു. അയാളുടെ പീഡനം സഹിച്ച് അവള്‍ ഒമ്പത് വര്‍ഷം കഴിഞ്ഞു. അതിനിടയില്‍ അവര്‍ക്ക് കുട്ടികളുണ്ടായി, രണ്ട് പെണ്‍മക്കള്‍. പക്ഷേ അയാള്‍ക്ക് ഒരു മകനെ വേണമെന്നായിരുന്നു ആഗ്രഹം. അതും പറഞ്ഞ് അവളെ അയാള്‍ ദിവസേന ഉപദ്രവിക്കുമായിരുന്നു. പെണ്മക്കളെ അയാള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.

അയാള്‍ ഉത്തരവാദിത്തമുള്ള ഭര്‍ത്താവോ, പിതാവോ ആയിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ ഏതെങ്കിലും സമയത്തായിരിക്കും വീട്ടില്‍ വന്ന് കയറുക. ഇങ്ങനെ ജീവിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് മനസ്സിലാക്കിയ അവള്‍ വിവാഹമോചനം ആവശ്യപ്പെട്ടു. ഇത് അയാളെ ചൊടിപ്പിച്ചു. അയാള്‍ പിന്നീട് ഒരു മാസത്തേക്ക് വീട്ടില്‍ വരുകയോ അവളെ ബന്ധപ്പെടുകയോ ചെയ്തില്ല. ഇതിനിടയില്‍ കുട്ടികളെ പോറ്റാന്‍ അവള്‍ക്ക് ജോലിയ്ക്ക് പോകേണ്ടി വന്നു. പാര്‍ട്ട് ടൈം ജോലിയായി സക്കീറ സോപ്പ് നിര്‍മാണം ആരംഭിച്ചു. എന്നാല്‍ ഇതറിഞ്ഞ അയാള്‍ക്ക് കൂടുതല്‍ വൈരാഗ്യം തോന്നി. തന്നെ അപമാനിക്കാന്‍ അവള്‍ ജോലിയ്ക്ക് പോകുന്ന എന്ന ചിന്തയായി അയാള്‍ക്ക്.  

ഒരു മാസത്തിനുശേഷം, അയാള്‍ അവളെ വിളിച്ച്, ഒരു ഒത്തുതീര്‍പ്പിന് ശ്രമിച്ചു. അവളുടെ ചില ബന്ധുക്കളും അയാളെ പിന്തുണച്ചു. അങ്ങനെ ഒടുവില്‍, അവള്‍ വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ അവളുടെ ദുരിതങ്ങള്‍ക്ക് ഒരറുതിയും വന്നില്ല. വീണ്ടും അയാള്‍ അവളെ ഉപദ്രവിക്കാന്‍ തുടങ്ങി. ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. 'ഞാന്‍ നിന്നെ വിരൂപിയാക്കും. കണ്ണാടിയില്‍ നോക്കുമ്പോഴെല്ലാം നീ എന്നെ ശപിക്കണം'- അയാള്‍ പറയുമായിരുന്നു. ഒരു ദിവസം അവര്‍ തമ്മില്‍ വലിയൊരു വഴക്കുണ്ടായി. തുടര്‍ന്ന് രാത്രി അവള്‍ ഉറങ്ങുമ്പോള്‍ ചൂടുള്ള എന്തോ ഒന്ന് അവളുടെ മുഖത്ത് വന്ന് വീഴുന്ന പോലെ തോന്നി. അത് ആസിഡായിരുന്നു. അവള്‍ വേദന കൊണ്ട് പുളഞ്ഞു. അത് കണ്ട അയാള്‍ ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു: 'ഇനി നീ പോയി ജീവിച്ചോ.'  

ജീവനുള്ള ശവശരീരം പോലെ അവള്‍ നാലുമാസമാണ് ആശുപത്രിയില്‍ കിടന്നത്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കണ്ണ് തുറക്കാനോ അവള്‍ക്ക് കഴിഞ്ഞില്ല. ആക്രമിക്കപ്പെടുമ്പോള്‍ ഉറങ്ങുകയായിരുന്ന അവള്‍ ആസിഡ് വീണപ്പോള്‍ ഞെട്ടലോടെ കണ്ണുതുറന്നു. അങ്ങനെ ആസിഡ് അവളുടെ കണ്ണില്‍ ഇറങ്ങി. അതോടെ ഒരു കണ്ണ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ആളുകള്‍ അവളുടെ മുഖത്ത് നോക്കാതായി. കുടുംബത്തിലെ ചടങ്ങുകളില്‍ അവളെ മാത്രം ആരും വിളിക്കാതായി. അവളെ കുറിച്ച് അവര്‍ പരസ്പരം കുശുകുശുത്തു. 

'അവര്‍ എന്നെ പ്രേതം എന്ന് വിളിക്കാന്‍ തുടങ്ങി. ഇത് എന്നെ വളരെയധികം വേദനിപ്പിച്ചു. പക്ഷേ ഒടുവില്‍ ഞാന്‍ അത് അംഗീകരിക്കാന്‍ പഠിച്ചു. പക്ഷേ, അന്ന് എന്റെ സ്വന്തം പെണ്‍മക്കള്‍ എന്റെ അടുത്ത് വരാന്‍ വിസമ്മതിച്ചപ്പോള്‍, അവര്‍ കണ്ട രൂപം ഒരിക്കല്‍ അവരുടെ അമ്മയാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍, ഞാന്‍ ആകെ തകര്‍ന്ന് പോയി. എന്തിനാണ് ദൈവം എന്നെ ജീവനോടെ വച്ചിരിക്കുന്നതെന്ന് ഞാന്‍ സ്വയം ശപിച്ചു,' അവള്‍ പറഞ്ഞു.  

'ഞാന്‍ ഒരു പ്രേതത്തെപ്പോലെയായിരിക്കാം, പക്ഷേ ഞാന്‍ അപ്പോഴും അവരുടെ സ്‌നേഹനിധിയായ അമ്മയായിരുന്നുവെന്ന് ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. എന്നെക്കാള്‍ ആരും അവരെ സ്‌നേഹിക്കില്ല എന്നവരോട് ഞാന്‍ പറഞ്ഞു. പതിയെ പതിയെ അവരുടെ ഭയം കുറഞ്ഞു. ഇപ്പോള്‍ അവരാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം,' അവള്‍ കൂട്ടിച്ചേര്‍ത്തു.  ജീവിതത്തതില്‍ തളര്‍ന്ന് പോകാതെ പിടിച്ച് നില്ക്കാന്‍ മക്കളുടെ സ്‌നേഹം അവളെ സഹായിച്ചു. 

മക്കളെ പോറ്റാന്‍ അവള്‍ക്ക് എന്തെങ്കിലും ജോലിയ്ക്ക് പോയേ തീരൂ. അങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ അവള്‍ ഒരു മേക്കപ്പ് കോഴ്സിന് ചേന്നു. അവളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. അവള്‍ പതിയെ പതിയെ കൂടുതല്‍ വര്‍ക്ക് പിടിക്കാന്‍ തുടങ്ങി. അതില്‍ നിന്ന് കൂട്ടിവച്ച സമ്പാദ്യം എല്ലാം ചേര്‍ത്ത് ഓണ്‍ലൈനില്‍ ഒരു സംരഭം ആരംഭിച്ചു. അത് വലിയ വിജയമായി. ഇപ്പോള്‍ അവള്‍ അറിയപ്പെടുന്ന ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. 
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ