Indian citizenship : ഇന്ത്യന്‍ പൗരത്വത്തിന് കാത്ത് 7306 പാകിസ്ഥാന്‍കാര്‍!

By Web TeamFirst Published Dec 25, 2021, 1:52 PM IST
Highlights

ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ കാത്തിരിക്കുന്ന വിദേശീയരില്‍ എഴുപത് ശതമാനവും പാകിസ്ഥാനികളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, 7306 പാകിസ്ഥാന്‍ പൗരന്മാരാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 

ഇന്ത്യന്‍ പൗരത്വം തേടുന്ന വിദേശീയരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. 2016-ല്‍ 1106 വിദേശികള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചപ്പോള്‍, 2020-ല്‍ അത് 639 ആയി കുറഞ്ഞു. അതേസമയം, ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ കാത്തിരിക്കുന്ന വിദേശീയരില്‍ എഴുപത് ശതമാനവും പാകിസ്ഥാനികളാണ് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, 7306 പാകിസ്ഥാന്‍ പൗരന്മാരാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ആകെ മൊത്തം 10635 വിദേശീയരാണ് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ അറിയിച്ച കണക്കാണിത്. 

പാകിസ്ഥാനികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിനായുള്ള ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. ഇന്ത്യന്‍ പൗരത്വത്തിനായി 1,152 അഫ്ഗാനികളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ, പൗരത്വത്തിനായി ശ്രീലങ്കയില്‍ നിന്ന് 223 -ഉം, യുഎസ്എയില്‍ നിന്ന് 223 -ഉം, നേപ്പാളില്‍ നിന്ന് 189 -ഉം, ബംഗ്ലാദേശില്‍ നിന്ന് 161 -ഉം, ചൈനയില്‍ നിന്ന് പത്തും അപേക്ഷകള്‍ ലഭിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കേന്ദ്രത്തിന് മൊത്തം 8,244 അപേക്ഷകള്‍ ലഭിച്ചിരുന്നു. അതില്‍ 3,117 പേര്‍ക്ക് കേന്ദ്രം ഇതുവരെ പൗരത്വം നല്‍കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,177 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചുവെന്നാണ് രാജ്യസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്. 

പൗരത്വം ഉപേക്ഷിക്കുന്നത് ആരൊക്കെ?

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചത്. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരാണ് കൂടുതലും തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചത്.  2017 മുതല്‍ ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണവും പട്ടികപ്പെടുത്തിയിട്ടുണ്ട്.  2017-ല്‍ 1,33,049 ഇന്ത്യക്കാരും 2018-ല്‍ 1,34,561 പേരും, 2019ല്‍ 1,44,017 പേരും, 2020-ല്‍ 85,248 പേരും, 2021 സെപ്റ്റംബര്‍ 30 വരെ 1,11,287 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്നാണ്  കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അവരുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 2019-ലാണെന്ന് കണക്കുകളില്‍ കാണാം, അതേസമയം ഏറ്റവും കുറവ് 2020-ലാണ്. 2020ലെ  കുറഞ്ഞ നിരക്ക് കൊവിഡ് -19 മഹാമാരി കാരണമാകാം. ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങളും ബാഹ്യ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ തുടങ്ങിയതോടെ 2021-ല്‍ പൗരത്വം ഉപേക്ഷിക്കുന്നതില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.

പൗരത്വം ഉപേക്ഷിക്കാനുള്ള അപേക്ഷകളില്‍ 40 ശതമാനത്തോളം അമേരിക്കയില്‍  നിന്നാണ് വരുന്നത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയില്‍ നിന്നും കാനഡയില്‍ നിന്നും 30 ശതമാനം അപേക്ഷകളും എത്തുന്നു. 

എന്താണ് ഇന്ത്യയിലെ പൗരത്വ വ്യവസ്ഥകള്‍

ഇന്ത്യന്‍ പൗരത്വ നിയമം- 1955 പ്രകാരം, ഇന്ത്യന്‍ വംശജര്‍ക്ക് രണ്ട് രാജ്യങ്ങളിലെ പൗരത്വം അനുവദനീയമല്ല.  ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന ഒരു വ്യക്തി  മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്പോര്‍ട്ട് നേടുന്നതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരികെ സമര്‍പ്പിക്കണം.  മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുന്നതോടെ ഇന്ത്യന്‍   പൗരത്വം അസാധുവാകുന്നു. ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ലെന്ന് ചുരുക്കം. പൗരത്വം ഉപേക്ഷിച്ചാല്‍ അത് സാക്ഷ്യപ്പെടുത്തുന്ന സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷയും ആ വ്യക്തി സമര്‍പ്പിക്കണം. തുടര്‍ന്ന് വിദേശ പൗരത്വം നേടിയതിനാല്‍ റദ്ദാക്കിയെന്ന് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. വെറും റദ്ദാക്കിയെന്ന്(Cancelled)എന്ന സീലുള്ള പാസ്‌പോര്‍ട്ടുകാരുടെ പൗരത്വം റദ്ദാക്കിയെന്ന് അര്‍ത്ഥവുമില്ല. 

എന്തുകൊണ്ട് പലരും ഇന്ത്യന്‍  പൗരത്വം ഉപേക്ഷിക്കുന്നു

മറ്റ് രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പ്രത്യേക അവകാശങ്ങള്‍ കൊണ്ടാണ് ഭൂരിപക്ഷം ഇന്ത്യക്കാരും ഇത് ചെയ്യുന്നത്. ലോക പാസ്പോര്‍ട്ട് സൂചിക പ്രകാരം പാസ്പോര്‍ട്ട് പവര്‍ റാങ്കില്‍ ഇന്ത്യ 69-ാം സ്ഥാനത്താണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ - ഓസ്ട്രേലിയയുടെ റാങ്ക് മൂന്നും,  യുഎസ്എയുടെ റാങ്ക് അഞ്ചും,  സിംഗപ്പൂരിനറെത് ആറും,  കാനഡ ഏഴാമതുമാണ്.  

ഒന്നാം സ്ഥാനത്ത് യുഎഇക്കും രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിനുമാണ്. ഈ  ഉയര്‍ന്ന പാസ്പോര്‍ട്ട് സൂചിക റാങ്കിങ്, പല രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യുന്നതിനുള്ള അവസരമൊരുക്കും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പ്രയോജനപ്രദമായ ഇമിഗ്രേഷന്‍ പ്രക്രിയയിലെ ഉദ്യോഗസ്ഥ കാലതാമസം മാറിക്കിട്ടും തുടങ്ങിയവയാണ് ഇത്തരം പൗരത്വത്തിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍. അതേസമയം അമേരിക്കന്‍ ജനസംഖ്യയുമായി താരതമ്യ പെടുത്തി, അവിടെ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകള്‍ ഇന്ത്യയിലേതിനേക്കാള്‍ വലിയ ശതമാനം കൂടതലാണ്. 2020ല്‍ മാത്രം  6,705 പേര്‍ അമേരിക്കന്‍  പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കണക്ക്.
 

click me!