
മൃഗശാലയിൽ നിന്നും മൃഗങ്ങൾ ചാടിപ്പോകുന്നത് പുതിയ സംഭവം ഒന്നുമല്ല. ഇടയ്ക്ക് അങ്ങനെ സംഭവിക്കാറുണ്ട് അല്ലേ? അതുപോലെ ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ നിന്നും ഒരു സീബ്ര ഓടിപ്പോയി. മൂന്ന് മണിക്കൂറുകൾ നഗരത്തിൽ ചെലവഴിച്ച ശേഷം തിരികെ കൊണ്ടു വന്നു.
സോൾ ചിൽഡ്രൻസ് ഗ്രാൻഡ് പാർക്ക് മൃഗശാലയിൽ നിന്നുമാണ് സെറോ എന്ന് പേരുള്ള ഒരു ആൺ സീബ്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓടിപ്പോയത്. അതിനെ സുരക്ഷിതമായി പിടികൂടുന്നതിന് വേണ്ടി പോലീസും ഫയർഫോഴ്‌സും മൃഗശാല ജീവനക്കാരും പിന്നാലെ തന്നെ ഇറങ്ങി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ സീബ്ര തിരക്കേറിയ റോഡിലൂടെ നടന്ന് നീങ്ങുന്നത് കാണാമായിരുന്നു. അതുപോലെ, നഗരത്തിന്റെ കിഴക്ക് ഭാഗത്തായി സീബ്ര രക്ഷപ്പെട്ട സ്ഥലത്തിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഒരു തെരുവിലൂടെ ഇത് അലഞ്ഞുതിരിയുന്നതും വേസ്റ്റ് ബിന്നുകൾ മണത്ത് നോക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
2021 -ൽ ചിൽഡ്രൻസ് ഗ്രാൻഡ് പാർക്ക് മൃഗശാലയിൽ തന്നെയാണ് സെറോ ജനിച്ചത്. അതിന്റെ കൂടിന് പുറത്തായി കെട്ടിയ മരവേലി തകർത്താണ് സീബ്ര അവിടെ നിന്നും പുറത്ത് കടന്നത് എന്ന് സോൾ ഗ്വാങ്ജിൻ ഫയർ സ്റ്റേഷനിൽ നിന്നും പറയുന്നു. ഒടുവിൽ നെറ്റും മറ്റും ഉപയോഗിച്ചാണ് സീബ്രയെ പിടികൂടിയത്. ഒടുവിൽ ഒരു ട്രക്കിന്റെ പിറകിലാക്കിയാണ് ഇതിനെ തിരികെ മൃഗശാലയിലേക്ക് എത്തിച്ചത്. പിന്നീട്, മൃഗഡോക്ടർമാർ എത്തി സെറോയെ വിശദമായി പരിശോധിച്ചു. അലഞ്ഞുതിരിഞ്ഞ് നടന്നു എങ്കിലും അതിന് ആരോഗ്യ കാര്യത്തിൽ പ്രശ്നം ഒന്നുമില്ല എന്നും ഡോക്ടർമാർ വിലയിരുത്തി.
38 ഇനങ്ങളിൽ പെടുന്ന നാന്നൂറോളം മൃഗങ്ങളാണ് ചിൽഡ്രൻസ് ഗ്രാൻഡ് പാർക്ക് മൃഗശാലയിൽ ആകെ ഉള്ളത്.