സീറോ വേസ്റ്റ് വില്ലേജ്: മാലിന്യം മുഴുവനായും പടിക്ക് പുറത്താക്കി ഒരു ​ഗ്രാമം

Published : Jun 13, 2023, 01:24 PM IST
സീറോ വേസ്റ്റ് വില്ലേജ്: മാലിന്യം മുഴുവനായും പടിക്ക് പുറത്താക്കി ഒരു ​ഗ്രാമം

Synopsis

മാലിന്യനിയന്ത്രണം, ഫലപ്രദമായ രീതിയിലുള്ള സംസ്കരണം എന്നിവയ്ക്ക് പുറമെ ആളുകളിൽ പ്ലാസ്റ്റിക് അടക്കമുള്ളവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതും ഫൗണ്ടേഷന്റെ ലക്ഷ്യമാണ്. 

ലോകം ഇന്ന് നേരിടുന്ന വിപത്തുകളിൽ ഒന്നാണ് മാലിന്യം. ലോകത്തിൽ എല്ലായിടത്തും എന്നോണം ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിക്കഴിഞ്ഞു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ വിഷയം പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. #BeatPlasticPollution  എന്നതായിരുന്നു അത്. ആ മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിനായി അസമിലെ ഒരു ​ഗ്രാമം പൂർണമായും മാലിന്യമുക്ത​ഗ്രാമമായി മാറിയിരിക്കുകയാണ്. 

അസമിലെ ചന്ദുബി തടാകത്തിന് സമീപത്തുള്ള ജരാംഖുരിയ ഗ്രാമമാണ് സീറോ വേസ്റ്റ് ​ഗ്രാമമായി മാറിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും ചന്ദുബി ജം​ഗിൾ ക്യാമ്പിനെതിരെയും പ്രധാനമായും പ്രവർത്തിക്കുന്ന നാച്ച്വേഴ്സ് ഓർബിറ്റ് കളക്ടീവ് ഫൗണ്ടേഷനാണ് ഈ സമ്പൂർണ മാലിന്യമുക്ത ​ഗ്രാമത്തിന് വേണ്ടി പ്രവർത്തിച്ചത്. 

പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ ഫൗണ്ടേഷന്റെ സ്ഥാപകനായ ദേബബ്രത രാജ്‍കുമാർ പറഞ്ഞത്, അവർ ഒരു സീറോ വേസ്റ്റ് ഹബ്ബ് ഇനിഷ്യേറ്റീവ് ആരംഭിച്ചു എന്നാണ്. അതിന്റെ ഭാ​ഗമായി മാലിന്യം ശേഖരിക്കാൻ ഒരു സ്ഥലവും ഉണ്ടാക്കി. അവിടെ നാല് ബാങ്കുകളാണ് ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് ബാങ്ക്, പേപ്പർ ബാങ്ക്, മെറ്റൽ ബാങ്ക്, ​ഗ്ലാസ് ബാങ്ക്. ഇത് കൂടാതെ ജൈവമാലിന്യം ശേഖരിക്കുന്നതിനും കമ്പോസ്റ്റിനും സൗകര്യമുണ്ടാക്കി. മാലിന്യം എങ്ങനെ ഫലപ്രദമായി സംസ്കരിക്കാം എന്നത് മാത്രമല്ല, എങ്ങനെ പ്ലാസ്റ്റിക്കുകളുടെ അടക്കം ഉപയോ​ഗം കുറക്കാം എന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നും ദേബബ്രത പറയുന്നു. 

മാലിന്യനിയന്ത്രണം, ഫലപ്രദമായ രീതിയിലുള്ള സംസ്കരണം എന്നിവയ്ക്ക് പുറമെ ആളുകളിൽ പ്ലാസ്റ്റിക് അടക്കമുള്ളവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതും ഫൗണ്ടേഷന്റെ ലക്ഷ്യമാണ്. 

ഒപ്പം മാലിന്യമുക്തമായ വിനോദസഞ്ചാരം, പ്രദേശത്തെ കരകൗശലവും കൈത്തറിയും വികസിപ്പിക്കുക, പ്രകൃതിയുമായി ഇടകലർന്ന് ജീവിക്കുന്ന സംസ്കാരം സംരക്ഷിക്കുക എന്നിവയും ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം