അധ്യാപികയുടെ ക്രൂരപീഡനം, വിദ്യാർത്ഥികളെ കണ്ടത് അടിമകളെ പോലെ, പലർക്കും മാനസിക പ്രശ്നങ്ങൾ

By Web TeamFirst Published May 2, 2024, 3:26 PM IST
Highlights

ഏപ്രിൽ 9 -ന് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത 23 പേജുള്ള തുറന്ന കത്ത് അനുസരിച്ച് ഷാങ് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുകയോ അവരുമായി അത്തരം കാര്യങ്ങൾ സംസാരിക്കുകയോ ചെയ്തിട്ടില്ല. പകരം, വിദ്യാർത്ഥികളെ കൊണ്ട് അവളുടെ പ്രഭാതഭക്ഷണം വാങ്ങിപ്പിക്കുകയും  ഫ്ലാറ്റ് വൃത്തിയാക്കുകയും  വാഹനം ഓടിക്കാൻ ഡ്രൈവറായി കൂട്ടിക്കൊണ്ടു പോവുകയും ഒക്കെയാണ് ചെയ്തിരുന്നത്.

അധ്യാപകരുടെ ജോലി വിദ്യാർത്ഥികളെ അവരുടെ പാഠഭാ​ഗങ്ങൾ നന്നായി പഠിപ്പിക്കുക, ഭാവിയിലെ വളർച്ചയ്ക്ക് അവരെ സഹായിക്കുക എന്നതാണ്. എന്നാൽ, എല്ലാ അധ്യാപകരും അങ്ങനെ ആവണം എന്നില്ല. 

ഇതാ, വിദ്യാർത്ഥികളെ ചൂഷണം ചെയ്തു എന്നാരോപിച്ച് ചൈനയിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസറെ സസ്പെൻഡ് ചെയ്തിരിക്കയാണ്. ബെയ്ജിംഗ് യൂണിവേഴ്സിറ്റി ഓഫ് പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിലെ (BUPT) അസോസിയേറ്റ് പ്രൊഫസറായ ഷാങ് ഫെങ്ങ് എന്ന അധ്യാപികക്കെതിരെയാണ് വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ പരാതി  ഉയർന്നത്. 

ഇവരുടെ 15 വിദ്യാർഥികൾ സോഷ്യൽ മീഡിയയിലൂടെയാണ് അധ്യാപിക തങ്ങളെ ചൂഷണം ചെയ്യുന്നതിൻ്റെ വിവരങ്ങൾ അടങ്ങിയ ഒരു കത്ത് പുറത്തുവിട്ടത്. ഇതോടെ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ അധ്യാപികക്കെതിരെ വലിയ വിമർശനം ഉയരുകയും ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയുമായിരുന്നു.

ഏപ്രിൽ 9 -ന് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത 23 പേജുള്ള തുറന്ന കത്ത് അനുസരിച്ച് ഷാങ് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുകയോ അവരുമായി അത്തരം കാര്യങ്ങൾ സംസാരിക്കുകയോ ചെയ്തിട്ടില്ല. പകരം, വിദ്യാർത്ഥികളെ കൊണ്ട് അവളുടെ പ്രഭാതഭക്ഷണം വാങ്ങിപ്പിക്കുകയും  ഫ്ലാറ്റ് വൃത്തിയാക്കുകയും  വാഹനം ഓടിക്കാൻ ഡ്രൈവറായി കൂട്ടിക്കൊണ്ടു പോവുകയും ഒക്കെയാണ് ചെയ്തിരുന്നത്. ഒപ്പം അധ്യാപികയുടെ കുട്ടിയെ പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സഹായിക്കാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇവർ വിദ്യാർഥികളെ കൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം ചെയ്യിപ്പിച്ചിരുന്നത്.

അവളുടെ മിക്ക വിദ്യാർത്ഥികൾക്കും ഉത്കണ്ഠയും വിഷാദവും ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതായും കത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. വൈറലായ കത്ത് ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഈ അധ്യാപികക്കെതിരെ ഉയരുന്നത്. 88 ദശലക്ഷത്തിലധികം പേർ ഈ കത്ത് കണ്ടുകഴിഞ്ഞു.
 

click me!