2 വയസുള്ള കുഞ്ഞിനെ പലഹാരം വാങ്ങാൻ വിട്ടു! അന്ന് കാണാതായതാണ്, 35 വർഷങ്ങൾക്കുശേഷം അവൾ തിരികെ വീട്ടിൽ

Published : Jul 17, 2026, 10:38 AM IST
kid

Synopsis

തിരക്കിൽ വഴിതെറ്റിയ കുട്ടി മറ്റൊരു മാർക്കറ്റിലേക്ക് നടന്നുപോയി. അവിടെവച്ച് കരയുകയായിരുന്ന കുട്ടിയെ കണ്ട ഒരു വസ്ത്രവ്യാപാരി അവളെ സുരക്ഷിതമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയെക്കുറിച്ച് മാർക്കറ്റ് ഓഫീസിൽ വിവരമറിയിക്കുകയും അനൗൺസ്മെന്റ് നടത്തുകയും ചെയ്തെങ്കിലും ആരും അന്വേഷിച്ചു വന്നില്ല.

രണ്ട് വയസ്സുള്ളപ്പോൾ കാണാതായ പെൺകുട്ടി 35 വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക്. അതിനാടകീയമായ സംഭവം നടന്നത് ചൈനയിൽ. ദക്ഷിണ ചൈനയിലെ ഗുവാങ്ഷിയിൽ നിന്നുള്ള 37 -കാരിയായ ഷൊങ് ഫെങ്‌ലിൻ ആണ് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഡി.എൻ.എ പരിശോധനയിലൂടെ സ്വന്തം അമ്മയെയും സഹോദരിയെയും കണ്ടെത്തിയത്.

എന്താണ് 35 വർഷം മുൻപ് സംഭവിച്ചത്?

1991... അന്ന് രണ്ട് വയസ്സ് മാത്രമായിരുന്നു ഷൊങ്ങിന്റെ പ്രായം. പച്ചക്കറി മാർക്കറ്റിൽ ഇഞ്ചി-വെളുത്തുള്ളി കച്ചവടക്കാരായിരുന്നു അവളുടെ മാതാപിതാക്കൾ. ജോലിക്കിടെ കുട്ടിയെ നോക്കാൻ കഴിയാത്തതിനാൽ അവർ അവളെ പലഹാരം വാങ്ങാൻ പണം നൽകി വിട്ടു. എന്നാൽ, തിരക്കിൽ വഴിതെറ്റിയ കുട്ടി മറ്റൊരു മാർക്കറ്റിലേക്ക് നടന്നുപോയി. അവിടെവച്ച് കരയുകയായിരുന്ന കുട്ടിയെ കണ്ട ഒരു വസ്ത്രവ്യാപാരി അവളെ സുരക്ഷിതമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയെക്കുറിച്ച് മാർക്കറ്റ് ഓഫീസിൽ വിവരമറിയിക്കുകയും അനൗൺസ്മെന്റ് നടത്തുകയും ചെയ്തെങ്കിലും ആരും അന്വേഷിച്ചു വന്നില്ല. തുടർന്ന് വ്യാപാരി കുട്ടിയെ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയി സ്വന്തം മകളെപ്പോലെ വളർത്തുകയായിരുന്നു. വളർത്തുമാതാപിതാക്കളുടെയും സഹോദരന്റെയും സ്നേഹത്തിൽ വളർന്ന ഷൊങ് ഇപ്പോൾ വിവാഹിതയും എട്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയുമാണ്.

കണ്ണീരോടെ അവളുടെ മടക്കയാത്ര

കുട്ടിക്കാലത്ത് മുഖത്തുണ്ടായിരുന്ന ചില പരിക്കുകൾ കാരണം, മാതാപിതാക്കൾ തന്നെ മനഃപൂർവ്വം ഉപേക്ഷിച്ചതാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഷൊങ്. എന്നാൽ കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ചൈനയിലെ 'ബേബി കം ഹോം' എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ നൽകിയ ധൈര്യത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 12 -നാണ് ഷൊങ് തന്റെ വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

തുടർന്ന് വെബ്സൈറ്റിലെ ചിത്രം കണ്ട് തന്റെ കാണാതായ സഹോദരിയുമായി ഷൊങ്ങിന് സാദൃശ്യമുണ്ടെന്ന് തോന്നിയ അനിയത്തി ഇവരെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെയാണ് ഇരുവരും സഹോദരിമാർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

മകളെ കണ്ടെത്താനായി ഷൊങ്ങിന്റെ അച്ഛനും അമ്മയും പതിറ്റാണ്ടുകളോളം അന്വേഷണം നടത്തിയിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ 2024 -ൽ അവളുടെ പിതാവ് മരണപ്പെട്ടു. മരണക്കിടക്കയിൽ വച്ച് പോലും മൂത്തമകളെ കണ്ടെത്തിയോ എന്ന് അദ്ദേഹം ഇളയ മകളോട് ചോദിച്ചിരുന്നുവത്രെ. മകളെ കണ്ടെത്തണമെന്ന ആഗ്രഹം നിറവേറ്റാൻ അദ്ദേഹത്തിനായില്ലെങ്കിലും, ജൂലൈ 7-ന് ഷൊങ് തന്റെ ജന്മനാടായ യുലിനിൽ തിരിച്ചെത്തി. അമ്മയെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. ഇനിമുതൽ ജന്മനാടും കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുമെന്നും ഷൊങ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'തെറാപ്പിക്ക് 1,500 രൂപ കളയുന്നതിലും ഭേദം ആ പൈസയ്ക്ക് ഷോപ്പിംഗ് നടത്തുന്നത്'; ഇന്നുമുണ്ടോ ഇങ്ങനെ ചിന്തിക്കുന്നവർ, പോസ്റ്റ്
ഗർഭിണിയാണ്, ക്രാക്കേഴ്സ് കഴിച്ചോട്ടെ എന്ന് മാനേജർക്ക് മെസ്സേജയച്ചു, 3 മണിക്കൂറിനുള്ളിൽ പിരിച്ചുവിട്ടു!