ഉപയോഗിച്ച സാനിറ്ററി പാഡില്‍ നിന്ന് മയക്കുമരുന്ന്, ലഹരിക്ക് പുതുവഴിതേടി ഈ യുവാക്കള്‍!

By Web TeamFirst Published Apr 26, 2022, 1:20 PM IST
Highlights

 ഒടുവില്‍ അവര്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗമാണ്.  ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്നും, ബേബി ഡയപ്പറുകളില്‍ നിന്നും ഒരു ദ്രാവകം വേര്‍തിരിച്ചെടുത്ത് മയക്ക് മരുന്നിന് പകരമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കയാണ് അവര്‍.

സിംബാബ്‌വേയില്‍ യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗം കുതിച്ചുയരുകയാണ്. സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന രാജ്യത്ത് യുവാക്കള്‍ വിലകുറഞ്ഞ മദ്യത്തെയും, ലഹരി പദാര്‍ത്ഥങ്ങളെയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു.  

നിയമവിരുദ്ധമാണെങ്കിലും, അവിടെയുള്ള യുവാക്കള്‍ അത്തരത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു ലഹരി പാനീയമാണ് ബ്രോങ്ക്‌ലിയര്‍. മദ്യവും കഞ്ചാവും കഫ് സിറപ്പും ചേര്‍ത്ത് നിര്‍മിക്കുന്ന ചിലവ് കുറഞ്ഞ, എളുപ്പത്തില്‍ ലഭ്യമായ ഒരു പാനീയമാണ് അത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു പൂട്ടിയപ്പോള്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെ കരിഞ്ചന്തയില്‍ ബ്രോങ്ക്‌ലിയറിന്റെ ലഭ്യത കുറഞ്ഞു. 

സ്വാഭാവികമായും ചിലവ് കുറഞ്ഞ മറ്റ് മാര്‍ഗ്ഗങ്ങള്‍ തിരയാന്‍ യുവാക്കള്‍ നിര്‍ബന്ധിതരായി. ഒടുവില്‍ അവര്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗമാണ്.  ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്നും, ബേബി ഡയപ്പറുകളില്‍ നിന്നും ഒരു ദ്രാവകം വേര്‍തിരിച്ചെടുത്ത് മയക്ക് മരുന്നിന് പകരമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കയാണ് അവര്‍. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്.  

ഇതിനായി അവര്‍ ഡയപ്പറുകളിലും, പാഡുകളിലും കാണപ്പെടുന്ന വെളുത്ത തരികള്‍ ശേഖരിച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുന്നു. തിളച്ചു കഴിയുമ്പോള്‍, അത് ചാരനിറത്തിലുള്ള ഒരു പദാര്‍ത്ഥമായി മാറുന്നു. അസഹ്യമായ മണവും രുചിയുമുള്ള ഈ മിശ്രിതം യുവാക്കള്‍ മറ്റ് ലഹരി പദാര്‍ത്ഥങ്ങളില്‍ കലര്‍ത്തി കുടിക്കുന്നു. 

സിംബാബ്‌വേയിലെ യുവാക്കള്‍ ഇങ്ങനെ ഉയര്‍ന്ന അളവില്‍ ലഹരിയ്ക്ക് അടിമകളായി തീരുന്നതിന്റെ പിന്നില്‍ നിരവധി കാരണങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് തൊഴിലില്ലായ്മയാണ്. 2018 ഒക്ടോബര്‍ മുതല്‍ രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണ്. കറന്‍സി മൂല്യം ഇടിഞ്ഞത്തോടെ ഉയര്‍ന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും രാജ്യത്തെ ഉലച്ചു.    

വ്യക്തമായ സ്ഥിതിവിവരകണക്കുകള്‍ ഇല്ലെങ്കിലും, രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രതിവര്‍ഷം 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ബിരുദം കഴിഞ്ഞിറങ്ങുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഓരോ വര്‍ഷവും തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 

ജോലി കണ്ടെത്താന്‍ സാധിക്കാത്തതും, സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ മദ്യപാനത്തിനും, മയക്ക് മരുന്നിനും അടിമയാക്കുന്നത് എന്നാണ് അമോണ്‍ ചിന്യ എന്ന യുവാവ് പറയുന്നത്.  വിഷാദ രോഗത്തിന് അടിപെട്ട അദ്ദേഹം സുഹൃത്തുകള്‍ക്കൊപ്പം മദ്യപിക്കാന്‍ തുടങ്ങി. അതില്‍ നിന്നുള്ള ലഹരി പോരാതെ വന്നപ്പോള്‍ വിലകുറഞ്ഞ മയക്കുമരുന്നിലേയ്ക്ക് തിരിഞ്ഞു. എന്നാല്‍ അവയ്ക്കും   വിലകൂടിയത്തോടെ ഉപയോഗിച്ച് വലിച്ചെറിയുന്ന ഡയപ്പറുകളെ ആശ്രയിക്കാന്‍ തുടങ്ങി.  

ഡയപ്പറുകളിലും, പാഡുകളിലും രക്തവും, മൂത്രവും ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന രാസപദാര്‍ത്ഥമായ സോഡിയം പോളി അക്രിലേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടറായ നോംസ മ്ലാലാസി പറയുന്നു. ഇത് തിളപ്പിച്ചാല്‍ വെള്ളത്തില്‍ അലിഞ്ഞുചേരുന്നു. ഇത് പിന്നീട് കുടിക്കുകയോ ബ്രോങ്കില്‍ കലര്‍ത്തുകയോ അല്ലെങ്കില്‍ മറ്റ് മയക്ക് മരുന്നുകളില്‍ കലര്‍ത്തുകയോ ചെയ്യുന്നു. 'പാമ്പേഴ്സിന്റെ ജ്യൂസ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കാത്തത് വലിച്ചെറിയുന്ന സാനിറ്ററി പാഡുകളും, ഡയപ്പറുകളും തെരുവുകളില്‍ കുന്നുകൂടുന്നതിന് കാരണമാകുന്നു. ഇത് യുവാക്കള്‍ക്ക് എളുപ്പത്തില്‍ അവ ലഭ്യമാകാന്‍ സഹായകമാകുന്നു.

അത്തരം രാസവസ്തുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഭയാനകമാണ്. സോഡിയം പോളി അക്രിലേറ്റ് ശരീരത്തില്‍ ചെന്നാല്‍ അത് ജീവന് വരെ ഭീഷണിയായി മാറിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.  

ഫെബ്രുവരി 21-ന് ദേശീയ യുവജന ദിനത്തില്‍, പ്രസിഡന്റ് എമേഴ്സണ്‍ മംഗഗ്വ ഒരു ദേശീയ മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചിരുന്നു. അന്ന് മയക്ക് മരുന്ന് നിര്‍മ്മാതാക്കളെയും, വിതരണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് വാക്കില്‍ മാത്രം ഒതുങ്ങുകയാണ്. 


 

click me!